അബ്ഹ: ‘അറേബ്യൻ ടൂറിസം തലസ്ഥാനം’ ആഘോഷ പരിപാടികൾക്ക് അബ്ഹയിൽ വർണാഭമായ തുടക്കം. ബുഹൈറത്ത് സദ്ദിലൊരുക്കിയ പരിപാടി മേഖല ഗവർണർ അമീർ ഫൈസൽ ബിൻ ഖാലിദ് ഉദ്ഘാടനം ചെയ്തു. അബ്ഹ പട്ടണം ടൂറിസം തലസ്ഥാനമായി വെറുതെ തെരഞ്ഞെടുത്തതല്ലെന്നും കഴിഞ്ഞ പത്ത് വർഷം വിവിധ വകുപ്പുകൾ നടത്തിയ ശ്രമഫലമാണിതെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഗവർണർ പറഞ്ഞു. ‘വിഷൻ 2030’ പദ്ധതിയിൽ പ്രധാനപരിഗണന അബ്ഹക്കുണ്ടെന്നാണ് കരുതുന്നത്. അത് ടൂറിസം മേഖലയാണ്.
ആ സ്ഥാനം നിലനിർത്താൻ നാം ശ്രമിക്കേണ്ടതുണ്ടെന്നും ഗവർണർ പറഞ്ഞു. കൂട്ടായ ശ്രമത്തിെൻറ ഫലമാണിത്. മേഖലയിലുള്ളവർക്കും ടൂറിസ്റ്റുകൾക്കും സേവനം ചെയ്യാൻ സാധിക്കുന്നതിൽ അഭിമാനിക്കാം. മുൻവർഷങ്ങളിൽ നിന്ന് വിത്യസ്തമായിരിക്കും അടുത്ത വേനലവധി ആഘോഷ പരിപാടികളെന്നും ഗവർണർ പറഞ്ഞു. 20 ഓളം സ്വകാര്യ, ഗവ. വകുപ്പുകൾ ചേർന്നു ഒരുക്കിയ പ്രദർശനവും ചടങ്ങില ഉദ്ഘാടനം ചെയ്തു. മേഖലയുടെ ടൂറിസം ചരിത്രം തുറന്നുകാട്ടുന്ന വീഡിയോ ചടങ്ങിൽ പ്രദർശിപ്പിച്ചു. ബീശ യൂനിവേഴ്സിറ്റി, സാങ്കേതിക തൊഴിലധിഷ്ഠിത പരിശീലന വകുപ്പ് എന്നിവയുമായി രണ്ട് കരാർ ഒപ്പുവെച്ചു. മേഖലയിലെ പത്ത് സ്വകാര്യ മ്യൂസിയം ഉടമകളെ ആദരിച്ചു. ആഘോഷ പരിപാടിയുടെ താക്കോൽ മേഖലാ ഗവർണറും ടൂറിസം വകുപ്പു മേധാവിയും ചേർന്ന് അറേബ്യൻ ടൂറിസം ഓർഗനൈസേഷൻ മേധാവി ഡോ. ബന്ദർ ആലു ഫുഹൈദിൽ നിന്ന് ഏറ്റുവാങ്ങി. ഉദ്ഘാടന ശേഷം പ്രമുഖ കലാകാരന്മാർ അണിനിരന്ന വിവിധ കലാപരിപാടികൾ അരങ്ങേറി. മാനത്ത് വർണവിസ്മയം തീർത്ത വെടിക്കെട്ടോടെയാണ് ഉദ്ഘാടന ചടങ്ങ് സമാപിച്ചത്. ദേശീയ ടൂറിസം പുരാവസ്തു വകുപ്പ് മേധാവി അമീർ സുൽത്താൻ ബിൻ സൽമാൻ, യമൻ ടൂറിസം മന്ത്രി ഡോ. മുഹമ്മദ് അൽഖിബാത്വി, തുനീഷ്യൻ ടൂറിസം മന്ത്രി സൽമാ ലൂമീ, മന്ത്രിമാർ, അമീറുമാർ, അംബാസഡർമാർ, അറബ് ലോകത്തെ പ്രശസ്ത ചിന്തകന്മാരും സാംസ്കാരിക പ്രവർത്തകരും കലാകാരന്മാരും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
ആഘോഷ പരിപാടികൾക്ക് വിപുലമായ ഒരുക്കങ്ങളാണ് മേഖല ഗവർണറേറ്റ്, ടൂറിസം വകുപ്പ്, മുനിസിപ്പാലിറ്റി, സുരക്ഷ തുടങ്ങിയവക്ക് കീഴിൽ പൂർത്തിയാക്കിയിരുന്നത്.
5000 ത്തോളം പേർക്ക് ഇരുന്ന് പരിപാടികൾ കാണാനും ദൂരെ നിന്ന് ആഘോഷ പരിപാടികൾ കാണാൻ ഏകദേശം പടുകൂറ്റൻ സ്ക്രീനുകളും മുനിസിപ്പാലിറ്റി ഒരുക്കിയിരുന്നു. വിവിധ ചാനലുകൾ നേരിട്ട് പരിപാടി സംേപ്രഷണം ചെയ്തു. മാധ്യമങ്ങൾക്കായി പ്രത്യേക കേന്ദ്രവും സ്ഥലത്ത് ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.