ജിദ്ദയിൽ സംഘടിപ്പിച്ച അറബ് സുസ്ഥിര സമുദ്ര വ്യവസായ സമ്മേളനത്തിൽ നിന്ന്

ജിദ്ദയിൽ അറബ് സുസ്ഥിര സമുദ്ര വ്യവസായ സമ്മേളനം സംഘടിപ്പിച്ചു

ജിദ്ദ: അറബ് സമുദ്ര പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും സുസ്ഥിരതക്കും മേഖല വളർച്ചക്കും പരസ്പര പിന്തുണ ഉറപ്പുവരുത്തുന്നതിനും അറബ് സമുദ്ര യോഗത്തിന് സൗദി ആതിഥേയത്വം വഹിച്ചു. കഴിഞ്ഞ ദിവസം ജിദ്ദയിൽ സംഘടിപ്പിച്ച രണ്ടാമത് സുസ്ഥിര സമുദ്ര വ്യവസായ സമ്മേളനം അന്താരാഷ്ട്ര സമുദ്ര സംഘടനയുമായി ഏകോപിപ്പിച്ചാണ് ഒരുക്കിയത്.

അറബ് രാജ്യങ്ങളുടെ സംയുക്ത പരിപാടികളും പങ്കാളിത്തങ്ങളും വികസിപ്പിച്ചുകൊണ്ട് അറബ് സമുദ്ര അധികൃതരും അന്താരാഷ്ട്ര സംഘടനയായ ഐ.എം.ഒയും തമ്മിലുള്ള ശ്രമങ്ങളെ ഏകീകരിക്കുന്നതിനും സാങ്കേതിക സഹകരണം ശക്തിപ്പെടുത്തുന്നതിനും യോഗം വഴിവെച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റിയിലെ സമുദ്രകാര്യ ഡെപ്യൂട്ടി ജനറൽ എസ്സാം അൽ അമാരി, സൗദി അറേബ്യയുടെ ഐ.എം.ഒ യിലെ സ്ഥിരം പ്രതിനിധി കമാൽ അൽ ജുനൈദി എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.

സമുദ്രമേഖലയിൽ സഹകരണം, പരിശീലനം, വിജ്ഞാന വിനിമയം, സമുദ്ര ശാസ്ത്ര സാങ്കേതിക പരിജ്ഞാനം, അനുഭവങ്ങളും വിവരങ്ങളും പങ്കുവെക്കൽ, ദേശീയ സമ്പദ്‌ വ്യവസ്ഥയുടെ പ്രധാന സ്തംഭമായ സമുദ്രമേഖലയിൽ പുരോഗതി കൈവരിക്കുക എന്നിവയാണ് സമ്മേളനത്തിൽ ചർച്ച ചെയ്തത്.

സാങ്കേതിക വികാസങ്ങൾ കൈമാറ്റം ചെയ്യുന്നതിനും സുസ്ഥിര വികസനത്തിനായുള്ള രാജ്യത്തിൻ്റെ കാഴ്ചപ്പാടിന് അനുസൃതമായി സഞ്ചരിക്കുന്നതിനും സമുദ്ര മേഖലയിലെ ഫലപ്രദമായ പങ്കാളിത്തത്തിൻ്റെ പ്രാധാന്യവും യോഗം അടിവരയിട്ടു. മാറുന്ന വ്യവസായ പ്രവണതകൾക്കനുസൃതമായി സമുദ്ര വിദ്യാഭ്യാസത്തിൻ്റെയും പരിശീലനത്തിൻ്റെയും ആവശ്യകതയും സമുദ്ര വിദ്യാഭ്യാസവും പരിശീലന സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം പ്രോത്സാഹി പ്പിക്കുന്നതിനുള്ള ആവശ്യകതയും സമ്മേളനം ഊന്നിപ്പറഞ്ഞു.

സമുദ്ര ഗതാഗതത്തിലും ലോജിസ്റ്റിക്സിലും വിദഗ്ദ്ധരായവരെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു ആഗോള വേദിയാക്കി സുസ്ഥിര സമുദ്ര വ്യവസായ സമ്മേളനങ്ങൾ മാറ്റുന്നതോടെ ഈ മേഖലയിലെ നവീകരണത്തിനും സുസ്ഥിര വികസനത്തിനും ഏറെ നേട്ടം കൈവരിക്കാൻ കഴിയുമെന്ന് വിലയിരുത്തുന്നു.

Tags:    
News Summary - Arab Sustainable Maritime Industry Conference organized in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.