സീസണൽ പനി പ്രതിരോധ വാക്സിൻ വിതരണം ആരംഭിച്ചു

റിയാദ്​: സൗദി അറേബ്യയിൽ ഈ വർഷത്തെ സീസണൽ പനി (ഇൻഫ്ലുവൻസ) തടയുന്നതിനുള്ള വാക്സിൻ വിതരണം ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും മികച്ച ചികിത്സാ സേവനങ്ങൾ ഉറപ്പാക്കുന്നതിനുമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

വാക്സിൻ സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ‘സിഹത്തി’ ആപ്പ് വഴി ഇന്ന് മുതൽ അപ്പോയിൻറ്​മെൻറുകൾ ബുക്ക് ചെയ്യാവുന്നതാണ്. പനി വരാനുള്ള സാധ്യത കുറക്കാനും രോഗം മൂലം ഉണ്ടാകാനിടയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ തടയാനും ഈ വാക്സിനേഷൻ ഏറെ ഫലപ്രദമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഇൻഫ്ലുവൻസ വൈറസുകൾക്ക് നിരന്തരം മാറ്റങ്ങൾ സംഭവിക്കുന്നതിനാൽ എല്ലാവരും വർഷത്തിലൊരിക്കൽ വാക്സിൻ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. കഴിഞ്ഞ വർഷം പനി ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടി വന്നവരിൽ 95.5 ശതമാനം പേരും വാക്സിൻ എടുക്കാത്തവരായിരുന്നുവെന്ന കണക്കുകൾ ഇതി​െൻറ പ്രാധാന്യം വ്യക്തമാക്കുന്നു.

മാത്രമല്ല, പ്രായമായവരിൽ ഇൻഫ്ലുവൻസ മൂലമുണ്ടാകുന്ന മരണസാധ്യത മൂന്നിലൊന്നായി കുറയ്ക്കാൻ ഈ വാക്സിനേഷനിലൂടെ സാധിക്കും. വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, 50 വയസ്സിന് മുകളിലുള്ളവർ, ആറ് മാസം മുതൽ അഞ്ച് വയസ്സ് വരെയുള്ള കുട്ടികൾ, ഗർഭിണികൾ, അമിതവണ്ണമുള്ളവർ, ആരോഗ്യപ്രവർത്തകർ എന്നിവർക്ക് പനി ബാധിച്ചാൽ രോഗം കഠിനമാകാനുള്ള സാധ്യത കൂടുതലാണ്.

അതിനാൽ ഇത്തരം മുൻഗണനാ വിഭാഗങ്ങളിൽപ്പെടുന്നവർ എത്രയും വേഗം വാക്സിൻ സ്വീകരിക്കാൻ മുന്നോട്ട് വരണമെന്ന് ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചു. സമൂഹത്തി​െൻറ ആരോഗ്യം ഉറപ്പുവരുത്തുന്നതിനും ജീവിതനിലവാരം ഉയർത്തുന്നതിനുമായി വിവിധ ആരോഗ്യ വിഭാഗങ്ങളുമായി സഹകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Tags:    
News Summary - Distribution of seasonal flu vaccine begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.