അടുത്ത വർഷത്തെ ഹജ്ജ്: കാറ്ററിങ് കരാറുകാർക്കുള്ള യോഗ്യതാ രജിസ്ട്രേഷന് തുടക്കമായി
മക്ക: അടുത്ത വർഷത്തെ ഹജ്ജ് സീസണിന് മുന്നോടിയായി തീർത്ഥാടകർക്ക് മികച്ച സേനങ്ങൾ ലഭ്യമാക്കുന്നതിന്, കാറ്ററിങ് കരാറുകാരുടെ യോഗ്യതാ നിർണയ പ്രക്രിയക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായി മക്ക മുൻസിപ്പാലിറ്റി അറിയിച്ചു.
ഇക്കഴിഞ്ഞ ശനിയാഴ്ച മുതലാണ് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയത്. മുൻകൂട്ടിയുള്ള തയ്യാറെടുപ്പുകളിലൂടെ പ്രവർത്തന സജ്ജത ഉറപ്പുവരുത്തുക, ഉയർന്ന ഗുണനിലവാരവും ഭക്ഷ്യസുരക്ഷയും പാലിച്ചുകൊണ്ട് ഫീൽഡ് തല സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കരാറുകാരുടെ യോഗ്യതാ നിർണയത്തിനായി തയാറാക്കിയിട്ടുള്ള പ്രത്യേക ഡിജിറ്റൽ പോർട്ടൽ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഹജ്ജ് വേളയിൽ കാറ്ററിങ് സേവനങ്ങൾ നൽകാൻ താല്പര്യമുള്ള എല്ലാ സ്ഥാപനങ്ങളും അംഗീകൃത മാനദണ്ഡങ്ങൾക്കനുസൃതമായി തങ്ങളുടെ വിവരങ്ങൾ പൂർത്തിയാക്കുകയും പുതുക്കുകയും ചെയ്യണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
കൂടാതെ അപേക്ഷകൾ അംഗീകരിക്കുന്നതിനായി നിർദേശിച്ചിട്ടുള്ള സാങ്കേതികവും ഭരണപരവുമായ എല്ലാ നിബന്ധനകളും പൂർണമായും പാലിക്കേണ്ടതുണ്ട്. തീർത്ഥാടകർക്ക് സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതുമായ ഭക്ഷണ വിതരണം ഉറപ്പാക്കുക, ഹജ്ജ് സീസണിലെ പ്രവർത്തന സജ്ജത വർദ്ധിപ്പിക്കുക എന്നിവയ്ക്കാണ് ഈ നടപടിയിലൂടെ മുൻഗണന നൽകുന്നത്.
കർശനമായ സാങ്കേതിക മാനദണ്ഡങ്ങളും പരിശോധനാ സംവിധാനങ്ങളും നടപ്പാക്കുന്നതിലൂടെ ഭക്ഷ്യ വിതരണ ശൃംഖലയുടെ സുരക്ഷ ഉറപ്പാക്കാനും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും സാധിക്കുമെന്ന് മുൻസിപ്പാലിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.