മക്കയെ ലക്ഷ്യമിട്ട് ഹൂതി ഡ്രോൺ ആക്രമണശ്രമം: കടുത്ത അമർഷം രേഖപ്പെടുത്തി തുർക്കിയയും പാകിസ്താനും

റിയാദ്: വിശുദ്ധ നഗരമായ മക്കയെ ലക്ഷ്യമിട്ട് ഹൂതി സായുധ സംഘം നടത്തിയ ഡ്രോൺ ആക്രമണശ്രമത്തെ തുർക്കിയയും പാകിസ്താനും ശക്തമായി അപലപിച്ചു. സൗദി അറേബ്യയുടെ സുരക്ഷക്കും പരമാധികാരത്തിനും ഐക്യദാർഢ്യം പ്രഖ്യാപിച്ച ഇരുരാജ്യങ്ങളും, വിശുദ്ധ ഹറമി​െൻറ സംരക്ഷണത്തിനായി റിയാദ് സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ പിന്തുണ ഉറപ്പുനൽകി.

മക്കയുടെ തെക്കുഭാഗം ലക്ഷ്യമാക്കി എത്തിയ ഹൂതി ഡ്രോൺ ആക്രമണത്തെ സൗദി റോയൽ ആംഡ് ഫോഴ്സ് കൃത്യമായ ഇടപെടലിലൂടെ തകർക്കുകയായിരുന്നു. സൗദി സൈന്യത്തി​െൻറ അസാധാരണമായ ജാഗ്രതയെയും പ്രഫഷനലിസത്തെയും വീരോചിതമായ പ്രതിരോധത്തെയും പാകിസ്താൻ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ് പ്രത്യേകമായി അഭിനന്ദിച്ചു.

മക്കയെ ലക്ഷ്യമിട്ടുള്ള ശത്രുതാപരമായ നീക്കം തികച്ചും ലജ്ജാകരവും പൊറുക്കാനാവാത്തതുമാണെന്ന് വ്യക്തമാക്കിയ പാക് പ്രധാനമന്ത്രി, ഇരുഹറമുകളുടെ പവിത്രത കാത്തുസൂക്ഷിക്കാൻ സൗദിക്കൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കുമെന്ന് ഉറപ്പുനൽകി. പശ്ചിമേഷ്യൻ മേഖല ഇതിനകം തന്നെ കടുത്ത സംഘർഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും, അതിനാൽ കൂടുതൽ അസ്വസ്ഥതകൾ ഒഴിവാക്കാൻ ബന്ധപ്പെട്ടവർ പരമാവധി സംയമനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മേഖലയിലെ സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാകുന്ന ഹൂതികളുടെ ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് തുർക്കിയ പ്രസിഡൻറി​െൻറ ഓഫീസും വിദേശകാര്യ മന്ത്രാലയവും സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. സൗദിയുടെ സുരക്ഷക്കും ഭൗമ അഖണ്ഡതക്കും വെല്ലുവിളി ഉയർത്തുന്ന ഏത് നീക്കത്തെയും ശക്തമായി ചെറുക്കുമെന്നും, റിയാദി​െൻറ സുരക്ഷാ ആശങ്കകളിൽ അങ്കാറ ഒപ്പമുണ്ടാകുമെന്നും തുർക്കിയ വ്യക്തമാക്കി.

Tags:    
News Summary - Houthi drone attack attempt targeting Makkah: Turkey and Pakistan express strong outrage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.