റിയാദ്: നാടകത്തിന് നിശ്ചിത അളവിലൊരു വേദിയെന്ന സാമ്പ്രദായിക സാേങ്കതികതകളെ ത ള്ളി അരങ്ങേറിയ െഎതിഹാസിക പ്രണയകഥയുടെ ദൃശ്യഭാഷ്യം സൗദി നാടകപ്രേമികളെ ആവേശഭരിതരാക്കി. സംരക്ഷിത പൗരാണിക നഗരമായ അൽഉലയിലെ ചരിത്രസ്മാരകങ്ങൾ രംഗപടങ്ങളായി മാറിയ നൃത്ത-സംഗീത നാടകം ഒരു കവിയുടെ ഇതിഹാസ തുല്യമായ പ്രണയകഥയുടെ ചുരുൾ നിവർത്തി മൂന്നുദിവസമാണ് അരങ്ങുണർത്തിയത്. പ്രശസ്ത ലബനീസ് അന്താരാഷ്ട്ര ഡാൻസ് തിയറ്റർ ഗ്രൂപ്പായ കാരാകല്ല അവതരിപ്പിച്ച ‘ജാമിൽ ബൗതയ്ന’ എന്ന നൃത്തനാടകം അൽഉലയിലെ ത്വൻതൂറ ഉത്സവം കാണാനെത്തിയവരെ വിസ്മയഭരിതരാക്കി. ജനുവരി 31ന് ആരംഭിച്ച സൗദിയിലെ ഏറ്റവും ദൈർഘ്യമേറിയ ത്വൻതൂറ ശീതകാലോത്സവത്തിെൻറ ഭാഗമായാണ് നാടകാവതരണത്തിന് വ്യാഴാഴ്ച അരങ്ങുണർന്നത്. ശനിയാഴ്ച തിരശ്ശീല വീഴുകയും ചെയ്തു. അൽഉലയിലെ മാരായ കൺസർട്ട് ഹാളിലായിരുന്നു നാടകത്തിെൻറ അരങ്ങേറ്റം. തദ്ദേശീയവും രാജ്യാന്തരവുമായ നാടകരൂപങ്ങളുടെ വൈവിധ്യങ്ങളെ ത്വൻതൂറ ശൈത്യകാല മേളയിലൂടെ സൗദിയിലെ പ്രേക്ഷകരെ കാണിക്കുക എന്ന ലക്ഷ്യമാണ് സംഘാടകരായ അൽഉല റോയൽ കമീഷൻ നിർവഹിക്കുന്നത്. പ്രാചീന അറേബ്യൻ കവി ജാമിൽ ബിൻ മഅമറിെൻറ പ്രണയകാവ്യമാണ് നാടകത്തിെൻറ ഇതിവൃത്തം.
ബൗതയ്ന ബിൻത് ഹയ്യാൻ എന്ന പെൺകുട്ടിയുമായി പ്രണയത്തിലാവുന്ന കവിയുടെ ഹൃദയദ്രവീകരണ ശക്തിയുള്ള അനുരാഗത്തിെൻറ കഥയാണിത്. അറേബ്യൻ മരുഭൂമിയിൽ പിറവികൊണ്ട പൗരാണിക പ്രണയഗാഥ. ഷേക്സ്പിയറിെൻറ വിഖ്യാത ദുരന്തനാടകം റോമിയോ ആൻഡ് ജൂലിയറ്റിെൻറ പൗരസ്ത്യ ഭാഷ്യമെന്ന് അറിയപ്പെടുന്നു ‘ജാമിൽ ബൗതയ്ന’. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രമുഖരും പ്രതിഭകളുമായ അഭിനേതാക്കളും നർത്തകരും ഗായകരും പിന്നണി പ്രവർത്തകരും കാരാകല്ല ഡാൻസ് തിയറ്റർ ഗ്രൂപ് ആചാര്യന് അബ്ദുൽ ഹലീം കാരാകല്ലയുടെ നേതൃത്വത്തിൽ നാടകത്തിനുവേണ്ടി അണിനിരന്നു. ഇൗ അനശ്വര പ്രണയകാവ്യത്തിെൻറ ഇതിവൃത്തം ജനിച്ചത് അൽഉലയിലാണെന്നും ഇവിടെതന്നെ ഇതിന് രംഗഭാഷ്യമൊരുക്കാൻ കഴിഞ്ഞത് കലാകാരനെന്ന നിലയിൽ ലഭിച്ച സൗഭാഗ്യമാണെന്നും അതിന് അവസരമൊരുക്കിയ അൽഉല റോയൽ കമീഷനോട് കടപ്പെട്ടിരിക്കുന്നെന്നും സംവിധായകൻ അബ്ദുൽ ഹലീം കാരാകല്ല പറഞ്ഞു. കവിത, സംഗീതം, മനോഹരമായ രംഗപടങ്ങൾ, വിഡിയോ, വസ്ത്രാലങ്കാരം, നൃത്തം തുടങ്ങി എല്ലാ ഘടകങ്ങളും ഉൾച്ചേർന്ന സവിശേഷമായ ദൃശ്യവിസ്മയമായിരുന്നു നാടകാവതരണം. മധ്യപൂർവേഷ്യയിലെ ഏറ്റവും പ്രമുഖ ഡാൻസ് തിയറ്റർ ഗ്രൂപ്പായ കാരാകല്ല 52ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് സൗദിയിൽ ഇൗ െഎതിഹാസിക നാടകം അവതരിപ്പിക്കാൻ അരങ്ങൊരുങ്ങിയത്. ത്വൻതൂറ ശീതകാലോത്സവം മാർച്ച് ഏഴിനാണ് അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.