അ​ൽ​ഉ​ല പൗ​രാ​ണി​ക ന​ഗ​രം

ലോകാത്ഭുതങ്ങളിൽ അൽഉല പൗരാണിക നഗരവും

ജിദ്ദ: ഈ വർഷത്തെ ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ അൽഉല നഗരവും. അമേരിക്കൻ യാത്രാമാസികയായ ‘കോണ്ടെ നാസ്റ്റ്’ ആണ് ഭൂമിയിലെ ഏറ്റവും അത്ഭുതകരമായ സ്ഥലങ്ങളുടെ തരംതിരിക്കലിൽ അൽഉല നഗരത്തെ ഏഴ് അത്ഭുതങ്ങളിൽ ഒന്നായി തിരഞ്ഞെടുത്തത്. പ്രകൃതിയെ എടുത്തുകാട്ടാൻ വേണ്ടിയാണ് മാസിക ഇങ്ങനെയൊരു തെരഞ്ഞെടുപ്പ് എല്ലാ വർഷവും നടത്തുന്നത്. അസാധാരണമായ പൈതൃകവും സാംസ്കാരിക ചരിത്രവുമുള്ള സ്ഥലമാണ് അൽഉലയെന്ന് മാസിക വിശദീകരിക്കുന്നു. അടുത്ത കാലംവരെ അൽഉലയെക്കുറിച്ച് അധികമൊന്നും കേട്ടിരുന്നില്ലെന്നും ഇപ്പോൾ സ്ഥിതിഗതികൾ മാറിയെന്നും മാസിക പറയുന്നു.


രണ്ടു ലക്ഷം വർഷത്തിലേറെ പഴക്കമുള്ള ഈ പൗരാണിക മേഖലയുടെ വാതിലുകൾ സന്ദർശകർക്കു മുന്നിൽ തുറന്നതോടെയാണ് ലോകം ഇതേക്കുറിച്ച് കൂടുതൽ അറിയുന്നത്. സൗദിയുടെ വടക്കുപടിഞ്ഞാറൻ മരുഭൂമിയുടെ ഹൃദയഭാഗത്താണ് അൽഉല സ്ഥിതിചെയ്യുന്നത്. ഈ പ്രദേശത്തെക്കുറിച്ച് ഇനിയും കൂടുതൽ വിവരങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു. സ്ഥലത്തിന്റെ അഞ്ച് ശതമാനത്തിൽ താഴെ മാത്രമേ ഖനനം ചെയ്തിട്ടുള്ളൂവെന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്. യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രമായ ‘അൽ ഹജറിൽ’ ചുവന്ന മണൽക്കല്ലിന്റെ പാറക്കെട്ടുകളിൽ കൊത്തിയെടുത്ത കൂറ്റൻ ശവകുടീരങ്ങൾ ഉൾപ്പെടുന്നുണ്ട്.

മരുഭൂമിയിലെ മണ്ണിന്റെ നിറമുള്ള പൊട്ടിപ്പൊളിഞ്ഞ മൺ ഇഷ്ടിക വീടുകളുടെ ഒരു വിസ്മയമാണ് അൽഉലയെന്നും പുരാതന ശിലാലിഖിതങ്ങൾ അവിടെയുണ്ടെന്നും മാഗസിൻ വിശദീകരിച്ചു. ഫ്രാൻസിലെ മൗണ്ട് സെന്റ്-മൈക്കൽ, അർജന്റീനയിലെ പെരിറ്റോ മൊറേനോ, ഭൂട്ടാനിലെ ടൈഗേഴ്സ് നെസ്റ്റ് മൊണാസ്ട്രി, തുർക്കിയിലെ ‘കപ്പാഡോഷ്യ’, ബ്രിട്ടനിലെ ‘ലേക്ക് ഡിസ്ട്രിക്റ്റ്’, ദക്ഷിണാഫ്രിക്കയിലെ ‘സാർഡിൻ റൺ’ എന്നിവയാണ് മാസിക തിരഞ്ഞെടുത്ത മറ്റു ലോകാത്ഭുതങ്ങൾ.

Tags:    
News Summary - Al Ula among world wonders of Conde Nast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.