ഖമീസ് മുശൈത്ത് അൽ ജനൂബ് സ്കൂൾ ഗ്രാജ്വേഷൻ നൈറ്റ് പരിപാടിയുടെ ഉദ്ഘാടന
ചടങ്ങിൽനിന്ന്
ഖമീസ് മുശൈത്ത്: ഖമീസ് മുശൈത്തിൽ പ്രവർത്തിക്കുന്ന അൽ ജനൂബ് ഇന്റർനാഷനൽ സ്കൂൾ ‘ഹാറ്റ്സ് ഓഫ് 2025’ എന്ന പേരിൽ ഗ്രാജ്വേഷൻ നൈറ്റ് സംഘടിപ്പിച്ചു. ചടങ്ങിൽ 2,000ഓളം രക്ഷകർത്താക്കളും വിദ്യാർഥികളും പങ്കെടുത്തു. വൈകീട്ട് നാലിന് ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറലിന്റെ വിഡിയോ സന്ദേശത്തോടെ ആരംഭിച്ച പരിപാടിയിൽ തദ്ദേശീയരും വിദേശികളുമായ നിരവധി വിശിഷ്ടാതിഥികൾ സംബന്ധിച്ചു.
വിദ്യാഭ്യാസ വകുപ്പിലെ സ്വകാര്യ വിദ്യാഭ്യാസ വിഭാഗം ഡയറക്ടർ ഡോ. അബ്ദുൽ അസീസ് അൽ ഔല പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ സ്കൂളുകൾ നൽകുന്ന സേവനങ്ങളെ അദ്ദേഹം പ്രകീർത്തിക്കുകയും വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് ഒരു ടീമായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. സ്കൂൾ ചെയർമാൻ സുബൈർ ചാലിയം മുഖ്യാതിഥിക്ക് ഉപഹാരം നൽകി ആദരിച്ചു.
സ്കൂളിന്റെ വാർഷിക പ്രസിദ്ധീകരണമായ ‘ഒയാസിസ്’ ന്യൂസ് ലെറ്റർ സ്കൂൾ ഡയറക്ടർ തുർഖി ഖാലിദ് അൽ ഖതമി പ്രകാശനം ചെയ്തു. സ്കൂൾ സെക്രട്ടറി അബ്ദുൽ ജലീൽ കാവനൂർ, മാനേജർ നാസർ അൽ ഖഹ്താനി, പി.ടി.എ പ്രസിഡന്റ് ഡോ. ഇർഷാദ് അഹ്മദ് തുടങ്ങിയവർ സംസാരിച്ചു. 2025ലെ 10, 12 ക്ലാസുകളിലെ ഉന്നത വിജയികൾക്കുള്ള പുരസ്കാരങ്ങൾ ഡോ. അബ്ദുൽ അസീസ് വിതരണംചെയ്തു. ഒന്ന് മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി.
പരമ്പരാഗതവും ആധുനികവുമായ കലാരൂപങ്ങൾ കോർത്തിണക്കിയ പ്രകടനങ്ങൾ കാണികളുടെ മനം കവർന്നു. ചടങ്ങിൽ അധ്യാപകരെയും അനധ്യാപകരെയും ആദരിച്ചു. സ്കൂൾ പ്രിൻസിപ്പൽ മെഹസും അറക്കൽ സ്വാഗതവും ലുഖ്മാനുൽ ഹക്കിം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.