ചുവന്ന കഴുത്തുള്ള ഒട്ടക പക്ഷികുഞ്ഞുങ്ങൾ വിരിഞ്ഞ് ഇറങ്ങിയപ്പോൾ
യാംബു: വംശനാശഭീഷണി നേരിടുന്ന ചുവന്ന കഴുത്തുള്ള ഏഴ് ഒട്ടകപ്പക്ഷി കുഞ്ഞുങ്ങൾ സൗദി അറേബ്യയിൽ വിരിഞ്ഞിറങ്ങിയതായി ഇമാം തുർക്കി ബിൻ അബ്ദുല്ല റോയൽ നേച്ചർ റിസർവ് വികസന അതോറിറ്റി അറിയിച്ചു. 2026ലെ രണ്ടാം പാദത്തിൽ റിസർവ് കൈവരിച്ച പ്രധാന നാഴികക്കല്ലാണിത്. സൗദിയുടെ വടക്കൻ മേഖലയിൽ വംശനാശം സംഭവിച്ചുകൊണ്ടിരുന്ന ഈ പക്ഷി വർഗത്തെ പുനരുജ്ജീവിപ്പിക്കാൻ നടത്തുന്ന ദൗത്യങ്ങളുടെ വിജയമാണ് ഈ നേട്ടം വ്യക്തമാക്കുന്നത്.
തങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയോട് ഇണങ്ങിജീവിക്കാനും പ്രജനനം നടത്താനും ഈ ജീവിവർഗത്തിന് സാധിക്കുന്നുണ്ടെന്നതിെൻറ തെളിവാണ് ഒട്ടകപ്പക്ഷി കുഞ്ഞുങ്ങളുടെ വിരിയിക്കലെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. 2021ലാണ് റിസർവിൽ ഒട്ടകപക്ഷികൾക്കായി പ്രകൃതിദത്ത ആവാസവ്യവസ്ഥ ഒരുക്കി അവയെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചത്.
ചുവന്ന കഴുത്തുള്ള ഒട്ടകപ്പക്ഷികളുടെ പ്രജനനം, വന്യജീവി സംരക്ഷണം, ജൈവവൈവിധ്യ പുനഃസ്ഥാപനം എന്നിവ ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് അതോറിറ്റി ഇതിനകം പൂർത്തിയാക്കിയത്. അപൂർവ ജീവികളെ അവയുടെ പ്രകൃതിദത്ത അന്തരീക്ഷത്തിലേക്ക് തിരികെ കൊണ്ടുവരാൻ നടത്തിയ ശ്രമങ്ങൾ ഏറെ ഫലപ്രദമായെന്നാണ് വിലയിരുത്തൽ.
റിസർവിലെ അനുകൂലമായ പാരിസ്ഥിതിക കാലാവസ്ഥയും കൃത്യമായ ഫീൽഡ് നിരീക്ഷണങ്ങളുമാണ് ഈ വിജയത്തിന് പിന്നിലെന്ന് അധികൃതർ വ്യക്തമാക്കി. വംശനാശഭീഷണി നേരിടുന്ന ജീവികളെ അവയുടെ സ്വാഭാവിക ആവാസശ്രേണിയിലേക്ക് തിരിച്ചെത്തിക്കാനും എണ്ണം വർധിപ്പിക്കാനും ഈ ദൗത്യം വഴി സാധിച്ചിട്ടുണ്ട്.
പ്രകൃതിദത്ത അന്തരീക്ഷമൊരുക്കി വന്യജീവി സമ്പത്ത് പുനഃസ്ഥാപിക്കുന്നതിനുള്ള ബൃഹത്തായ പദ്ധതികളുടെ ഭാഗമാണ് ചുവന്ന കഴുത്തുള്ള ഒട്ടകപ്പക്ഷികളുടെ തിരിച്ചുവരവും വിജയകരമായ പ്രജനനവും. പ്രകൃതിവിഭവങ്ങളുടെ സുസ്ഥിരത ഉറപ്പാക്കിക്കൊണ്ട് വന്യജീവി സംരക്ഷണവും വംശവർദ്ധനവ് ലക്ഷ്യമിട്ടുള്ള വിവിധ പരിപാടികളും തുടരുമെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.