റിയാദ്: സൗദി റോഷൻ ലീഗ് കിരീട ജേതാക്കളെ നിർണയിക്കുന്ന അൽ നസർ - ദമാക് നിർണായക മത്സരത്തിന് മുന്നോടിയായി കടുത്ത നിയന്ത്രണങ്ങളുമായി അൽ അവ്വൽ പാർക്ക് സ്റ്റേഡിയം അധികൃതർ. ടിക്കറ്റുകളുടെ കരിഞ്ചന്ത വിൽപ്പന തടയാൻ നിയമവിരുദ്ധമായി കൈമാറ്റം ചെയ്യപ്പെട്ട 4,298 ടിക്കറ്റുകൾ റദ്ദാക്കിയതായി സ്റ്റേഡിയം മാനേജ്‌മെൻറ് ‘എക്സ്’ വഴി അറിയിച്ചു.
ഔദ്യോഗിക ടിക്കറ്റിങ് പ്ലാറ്റ്‌ഫോമായ ‘വീ ബുക്കുമായി’ ചേർന്ന് നടത്തിയ പരിശോധനയിലാണ് ഈ ക്രമക്കേട് കണ്ടെത്തിയത്. അനധികൃത പുനർവിൽപ്പന തടയാനുള്ള ഈ നിരീക്ഷണം മത്സരം തുടങ്ങും വരെ തുടരും. റദ്ദാക്കിയ ടിക്കറ്റുകൾ ‘ട്രൂഫാൻ’ സിസ്റ്റം വഴി വീണ്ടും പൊതുജനങ്ങൾക്ക് ലഭ്യമാക്കും. ഇതിൽ അൽ അവ്വൽ പാർക്കിൽ മുൻപ് മൂന്നോ അതിലധികമോ മത്സരങ്ങൾ കണ്ടിട്ടുള്ള മുൻഗണനയുള്ള ആരാധകർക്കായിരിക്കും ആദ്യ അവസരം.
കൂടാതെ, ടിക്കറ്റ് വിൽപ്പന സുതാര്യമാക്കാൻ ‘വീ ബുക്ക്’ വഴി ഔദ്യോഗികമായി ടിക്കറ്റുകൾ പുനർവിൽപ്പന നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അനധികൃത സൈറ്റുകളിൽ നിന്ന് ടിക്കറ്റ് വാങ്ങരുതെന്നും, ഔദ്യോഗിക വെബ്‌സൈറ്റും വീ ബുക്കും വഴി മാത്രമേ അംഗീകൃത ടിക്കറ്റുകൾ ലഭിക്കൂ എന്നും അധികൃതർ അൽ നസർ ആരാധകർക്ക് മുന്നറിയിപ്പ് നൽകി. 2025-26 സീസണിലെ സൗദി ലീഗ് കിരീടം സ്വന്തമാക്കാൻ അൽ നസറിന് സ്വന്തം തട്ടകത്തിൽ നടക്കുന്ന ഈ മത്സരത്തിൽ വിജയം അനിവാര്യമാണ്. ആരാധകരുടെ വൻ ഒഴുക്ക് പ്രതീക്ഷിക്കുന്നതിനാലാണ് ഈ കർശന നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.