റിയാദ്: ഹജ്ജ് സീസണിലെ ജോലികൾക്ക് താൽക്കാലിക തൊഴിലാളികളെ ലഭ്യമാക്കുന്നതിന് ‘അജീർ ഹജ്ജ്’ (ഹജ്ജ് ഹയർ) സേവനം ആരംഭിച്ചതായി മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. ഹജ്ജ് കാലയളവിൽ സീസണൽ കരാർ തൊഴിലാളികളെ തൊഴിലുടമകൾക്ക് ലഭ്യമാക്കാൻ സഹായിക്കുന്നതാണ് ഇൗ സേവനം. തൊഴിലന്വേഷകരെയും ഒഴിവുകളേയും കണ്ടെത്താൻ അജീർ ഹജ്ജ് ഡിജിറ്റൽ പ്ലാറ്റ്ഫോം സൗകര്യപ്രദമാകും.
തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരവും അനുഭവവും മെച്ചപ്പെടുത്തുന്നതിനുളള മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായാണിത്. സീസൺ ജോലികളിലേർപ്പെടുന്ന വ്യക്തികൾക്ക് സ്ഥാപനങ്ങൾ ഹജ്ജ് പെർമിറ്റ് നൽകണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. നിയമലംഘകർക്ക് വ്യവസ്ഥാപിതമായ പിഴകൾക്ക് വിധേയമാകുമെന്ന് ഊന്നിപ്പറഞ്ഞു.ഹജ്ജ് സീസണിൽ പുണ്യസ്ഥലങ്ങളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന സൗദി പൗരരും വിദേശികളും സ്വന്തം ബയോഡാറ്റ സമർപ്പിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ഹജ്ജ് സീസണിൽ സ്ഥാപനങ്ങൾക്കും തൊഴിലാളികൾക്കും ജോലി കാര്യക്ഷമമാക്കുന്നതിനും നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അജീർ ഹജ്ജ് സേവനം ആരംഭിച്ചത്.
ഇൗ വെബ്സൈറ്റ് വഴി സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ലളിതമായ രീതിയിൽ ഇലക്ട്രോണിക്കായി സേവനം ലഭ്യമാണ്. സ്ഥാപനങ്ങൾക്ക് വർക്ക് പെർമിറ്റ് നൽകാനും സ്വദേശികളെയും വിദേശികളെയും താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള സൗകര്യം ഇത് ഒരുക്കുന്നു.
ഹജ്ജ് സീസണിലെ ജോലി ഒഴിവുകൾ ഈ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിക്കാനാവും. തൊഴിലന്വേഷകരെയും ഈ സംവിധാനത്തിൽ കാണാനും അപേക്ഷിക്കാനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.