റെഡ് സീ അന്താരാഷ്​ട്ര ചലച്ചിത്രോത്സവത്തിൽ ഐശ്വര്യ റായ് മുഖ്യാതിഥി

ജിദ്ദ: ഇന്ത്യൻ സിനിമയുടെ അഭിമാനതാരം ഐശ്വര്യ റായ് ബച്ചൻ ജിദ്ദയിൽ വ്യാഴാഴ്​ച (ഡിസംബർ നാല്​) ആരംഭിക്കുന്ന റെഡ് സീ അന്താരാഷ്​ട്ര ചലച്ചിത്രോത്സവത്തിൽ പ്രധാന അതിഥിയായി പങ്കെടുക്കും. വർണാഭമായ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥികളിലൊരാളാണ്​ ഐശ്വര്യ. ശേഷം ‘ഇൻ കോൺവർസേഷൻ വിത്ത്’ എന്ന പ്രത്യേക സംഭാഷണ പരിപാടിയിൽ താരം സിനിമാപ്രേമികളുമായി സംവദിക്കുകയും ചെയ്യും.

ചലച്ചിത്രോത്സവത്തി​ന്റെ പ്രധാന ആകർഷണമായിരിക്കും ഈ സംഭാഷണ പരമ്പര. ഇന്ത്യക്കാർക്ക് മാത്രമല്ല അറേബ്യൻ മേഖല അടക്കം ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് പ്രിയങ്കരിയായ ഐശ്വര്യ റായിയുടെ സാന്നിധ്യം ചലച്ചിത്രോത്സവത്തിന് കൂടുതൽ ഇന്ത്യൻ ശ്രദ്ധ നേടിക്കൊടുക്കും. ചലച്ചിത്രലോകത്തെ അനുഭവങ്ങൾ, കരിയർ യാത്ര, അഭിനിവേശങ്ങൾ എന്നിവയെക്കുറിച്ച് ആരാധകരുമായും വ്യവസായ പ്രമുഖരുമായും അവർ മനസ്സുതുറക്കും. ഐശ്വര്യയെ കൂടാതെ രണ്ട് തവണ ഓസ്‌കർ പുരസ്‌കാരം നേടിയ അമേരിക്കൻ നടൻ അഡ്രിയൻ ബ്രോഡി, ഈ വർഷത്തെ ഫീച്ചേഴ്സ് ജൂറി പ്രസിഡൻറും ഓസ്‌കർ ജേതാവുമായ അമേരിക്കൻ സംവിധായകൻ സീൻ ബേക്കർ എന്നിവരും ‘ഇൻ കോൺവർസേഷൻ വിത്ത്’ പരിപാടിയിൽ പങ്കെടുക്കാനെത്തും​.

ഐശ്വര്യ റായ് ബച്ചന് പുറമെ ഇന്ത്യൻ സിനിമയിലെ മറ്റ് പ്രമുഖരും ഇൗ​ ഫെസ്​റ്റിവലി​ന്റെ ഭാഗമാകുന്നുണ്ട്. ഇന്ത്യൻ സിനിമയിലെ ഇതിഹാസ നായിക രേഖയാണ്​ ഒരാൾ. 1981ൽ പുറത്തിറങ്ങിയ ‘ഉംറാവോ ജാൻ’ എന്ന അവരുടെ ക്ലാസിക്​ സിനിമയുടെ പുതുക്കിയ പതിപ്പ്​ അന്താരാഷ്​ട്ര പ്രീമിയർ ഫെസ്​റ്റിവലിലെ ‘ട്രെഷേഴ്സ്’ വിഭാഗത്തിൽ പ്രദർശിപ്പിക്കും. ചിത്രത്തി​ന്റെ സംവിധായകൻ മുസഫർ അലിയും രേഖയോടൊപ്പം ചടങ്ങിനെത്തും.

ബോളിവുഡ് നടീ നടന്മാരായ ആമിർ ഖാൻ, കരീന കപൂർ ഖാൻ, രൺബീർ കപൂർ, ശ്രദ്ധ കപൂർ, ഫർഹാൻ അക്തർ, ഷിബാനി ദണ്ഡേക്കർ എന്നിവർ കഴിഞ്ഞ വർഷം മേളയുടെ വിവിധ സെഷനുകളിൽ പങ്കെടുത്തിരുന്നു. ഹോളിവുഡ് താരങ്ങളായ ജോണി ഡെപ്പ്, മിഷേൽ യോ, വിൽ സ്മിത്ത് എന്നിവർ മുൻ വർഷങ്ങളിൽ അതിഥികളായെത്തിയ ചരിത്രപ്രസിദ്ധമായ ജിദ്ദയിലെ റെഡ് സീ അന്താരാഷ്​ട്ര ചലച്ചിത്രോത്സവത്തിൽ സിനിമ മേഖലയിലെ ലോകോത്തര പ്രതിഭകളെ ഒരു വേദിയിൽ എത്തിക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിക്കുന്നുണ്ട്. സൗദി അറേബ്യയുടെ ‘വിഷൻ 2030’ പദ്ധതിയുടെ ഭാഗമായി ജിദ്ദയെ ഒരു സാംസ്‌കാരിക ഹബ്ബായി ഉയർത്തിക്കൊണ്ടുവരുന്നതിൽ ഈ ഫെസ്​റ്റിവൽ പ്രധാന പങ്ക്​ വഹിക്കുന്നു.

Tags:    
News Summary - Aishwarya Rai is the chief guest at the Red Sea International Film Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.