സൗദി കിഴക്കൻ പ്രവിശ്യയിലേക്ക്​ വ്യോമാക്രമണ ശ്രമം തുടരുന്നു; ഇന്ന്​ 34 ഡ്രോണുകൾ തകർത്തു

റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ടുണ്ടായ വൻ ഡ്രോൺ-മിസൈൽ ആക്രമണ ശ്രമങ്ങളെ പ്രതിരോധ മന്ത്രാലയം വിജയകരമായി പരാജയപ്പെടുത്തി. വ്യാഴാഴ്ച മാത്രം മേഖലയിൽ എത്തിയ 34 ഡ്രോണുകൾ പ്രതിരോധ സേന വെടിവെച്ചിട്ടതായി മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി ഔദ്യോഗികമായി അറിയിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് കിഴക്കൻ പ്രവിശ്യക്ക് നേരെ ഇത്തരത്തിൽ വ്യാപകമായ ആക്രമണശ്രമങ്ങൾ ഉണ്ടാകുന്നത്.

കഴിഞ്ഞ ബുധനാഴ്ച ഇതേ മേഖല ലക്ഷ്യമിട്ടെത്തിയ 36 ഡ്രോണുകളും ഒരു ബാലിസ്​റ്റിക് മിസൈലും വ്യോമസേന ആകാശത്തുവെച്ച് തന്നെ തകർത്തിരുന്നു. ഇതോടെ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ മാത്രം നൂറോളം ഡ്രോണുകളെയും മിസൈലുകളെയും പ്രതിരോധിക്കാൻ സൗദി സേനക്ക് സാധിച്ചു. കിഴക്കൻ പ്രവിശ്യയെയും തലസ്ഥാനമായ റിയാദിനെയും ലക്ഷ്യം വെച്ചാണ് ഭൂരിഭാഗം ആക്രമണങ്ങളും നടക്കുന്നതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

രാജ്യത്തി​െൻറ വ്യോമ സുരക്ഷാ വിഭാഗവും വ്യോമസേനയും സംയുക്തമായി നടത്തുന്ന ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇതുവരെ ഏകദേശം 795 ഡ്രോണുകളാണ് തകർക്കപ്പെട്ടിട്ടുള്ളത്. ഇതിനുപുറമെ 51 ബാലിസ്​റ്റിക് മിസൈലുകളും ഏഴ്​ ക്രൂയിസ് മിസൈലുകളും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ നിർവീര്യമാക്കാൻ സേനക്ക് സാധിച്ചു. രാജ്യത്തി​െൻറ സുരക്ഷയ്ക്കും പൗരന്മാരുടെ സംരക്ഷണത്തിനുമായി അതീവ ജാഗ്രത തുടരുകയാണെന്നും ഏത് തരത്തിലുള്ള വെല്ലുവിളികളെയും നേരിടാൻ രാജ്യം സുസജ്ജമാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - Airstrikes continue in Saudi Eastern Province; 34 drones destroyed today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.