കേരളത്തിെൻറ സമ്പദ്വ്യവസ്ഥയിലും വാണിജ്യ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലും പ്രവാസി സമൂഹത്തിെൻറ സംഭാവന അതുല്യമാണ്. എന്നാൽ, സ്വന്തം നാട്ടിലേക്ക് വരാൻ ശ്രമിക്കുമ്പോൾ വിമാനക്കമ്പനികൾ അനിയന്ത്രിതമായി ടിക്കറ്റ് നിരക്ക് കൂട്ടുന്നത് പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യതയാകുന്നു.
സാധാരണ സമയത്തെ അപേക്ഷിച്ച് നാലംഗ കുടുംബത്തിന് ആയിരക്കണക്കിന് റിയാൽ അധികമായി ചെലവഴിക്കേണ്ട സാഹചര്യം വരെയുണ്ട്. ഓണം, വിഷു, റമദാൻ, ഈദ്, ക്രിസ്മസ്, വേനൽക്കാല സ്കൂൾ അവധിക്കാലം എന്നിവയാണ് പ്രവാസികളുടെ പ്രധാന യാത്രാസമയങ്ങൾ. മാതാപിതാക്കളെയും കുടുംബത്തെയും കാണാനും മറ്റ് അടിയന്തര ആവശ്യങ്ങൾക്കുമായി നാട്ടിലെത്തേണ്ട പ്രവാസികൾക്ക് യാത്ര ഒരു വിനോദമല്ല, മറിച്ച് അനിവാര്യതയാണ്.
ടിക്കറ്റ് നിരക്ക് നിയന്ത്രിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഫലപ്രദമായ ഇടപെടൽ ഉണ്ടാകാത്തത് ഖേദകരമാണ്. വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവ്, ഇന്ധനച്ചെലവ്, എയർപോർട്ട് ചാർജുകൾ എന്നിവയിൽ വലിയ മാറ്റമില്ലാതിരുന്നിട്ടും ഡിമാൻഡ് കൂടുമ്പോൾ മാത്രം അമിത നിരക്ക് ഈടാക്കുന്നതിൽ സുതാര്യത ഉറപ്പാക്കണം. ചുരുങ്ങിയ ശമ്പളത്തിൽ ജോലി ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്.
ഇനി വാചകമടികളും പ്രസ്താവനകളും പോരാ, ശാശ്വത പരിഹാരമാണ് പ്രവാസികൾക്ക് വേണ്ടത്. കേരള സർക്കാർ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എം.പിമാരെയും മന്ത്രിമാരെയും ഉൾപ്പെടുത്തി കേന്ദ്ര വ്യോമയാന മന്ത്രിയെ നേരിട്ട് കണ്ട് ചർച്ച നടത്തണം. മുൻപ് ഷാഫി പറമ്പിൽ എം.പി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ഈ വിഷയം പാർലമെൻറിൽ ഉന്നയിച്ചിട്ടുണ്ട്. ഇത്തരം ഇടപെടലുകൾ കൂടുതൽ ശക്തമാക്കി പ്രവാസികളുടെ യാത്രാ ദുരിതത്തിന് അടിയന്തര പരിഹാരം കാണാൻ അധികാരികൾ തയാറാകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.