യാംബു: സൗദിയിൽ മരുഭൂമിയിൽ ഒട്ടകങ്ങളെ മേയ്ക്കുന്നവർക്ക് തങ്ങളുടെ ഒട്ടകങ്ങളെ നിരീക്ഷിക്കാനും തിരിച്ചറിയാനും അവയുടെ സഞ്ചാരം ട്രാക്ക് ചെയ്യാനും കഴിയുന്ന എ.ഐ കാമറ വികസിപ്പിച്ചു. കുറഞ്ഞ ചെലവിലുള്ള ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന പുതിയ കാമറ ജിദ്ദ കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ (കൗസ്റ്റ്) ഒരു ഗവേഷണ സംഘമാണ് വികസിപ്പിച്ചെടുത്തത്. ഡ്രോൺ സിസ്റ്റത്തിലുള്ളതാണ് കാമറ.
കൗസ്റ്റിലെ പ്രഫ. ബാസെം ഷിഹാദയും സംഘവും വികസിപ്പിച്ചെടുത്ത കുറഞ്ഞ ചെലവിലുള്ള ഈ സംവിധാനം ഒട്ടക ഇടയന്മാർക്ക് ഏറെ ഉപകരിക്കുമെന്ന് വിലയിരുത്തുന്നു. സൗദിയിലെ ഏറ്റവും പഴയ തൊഴിലുകളിൽ ഒന്നായി ഒട്ടകമേയ്ക്കൽ തുടരുന്നതിനും ശാസ്ത്രജ്ഞർക്ക് ഒട്ടക കുടിയേറ്റ രീതികളെയും ശീലങ്ങളെയും കുറിച്ച് കൂടുതലറിയുന്നതിനും ഈ സംവിധാനം ഏറെ ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കൗസ്റ്റ് അധികൃതർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറഞ്ഞു.
ചെലവേറിയ ജി.പി.എസ് കോളറുകളെയോ സാറ്റലൈറ്റ് കണക്ഷനുകളെയോ ആശ്രയിക്കാതെ ഒട്ടകമേയ്ക്കുന്നവർക്ക് തത്സമയം അവരുടെ ഒട്ടകങ്ങളെ ട്രാക്ക് ചെയ്യാൻ പ്രാപ്തരാക്കുന്നതിന് വില കുറഞ്ഞ വാണിജ്യ ഡ്രോണുകളും കാമറകളും വികസിപ്പിച്ചത് ഈ മേഖലയിലെ പുതിയൊരു വഴിത്തിരിവായി അടയാളപ്പെടുത്തി. സൗദിയിലെ ചെറിയ ഒട്ടകകൂട്ടങ്ങളുടെ ആകാശ ദൃശ്യങ്ങൾ പകർത്താൻ സംഘം ഒരൊറ്റ ഡ്രോൺ ഘടിപ്പിച്ച കാമറ ഉപയോഗിച്ചു.
തുടർന്ന് മെഷീൻ ലേണിങ് സമ്പ്രാദായത്തിലൂടെ അവരുടെ എ.ഐ മോഡലിന് പരിശീലനം നൽകി. മൃഗങ്ങളുടെ പെരുമാറ്റങ്ങളെക്കുറിച്ചുള്ള പുതിയ ഉൾക്കാഴ്ചകൾ ഈ മോഡൽ വെളിപ്പെടുത്തിയതായും അധികൃതർ വെളിപ്പെടുത്തി. അടുത്ത ഘട്ടമായി ഉയർന്ന പ്രകടനത്തിനായി എ.ഐ സംവിധാനത്തെ കൂടുതൽ വികസിപ്പിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.