റിയാദ്: സൗദിയിലെ ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദ് ഒരു വർഷം കുടി തൽസ്ഥാനത്ത് തുടരും. കേന്ദ്രവിദേശകാര്യമന്ത്രാലയത്തിൽ നിന്ന് ഇതു സംബന്ധിച്ച സ്ഥീരീകരണം ലഭ്യമായി. ഫെബ്രുവരിയിൽ രണ്ട് വർഷം പൂർത്തിയാക്കുന്ന അംബാസഡർക്ക് സ്ഥാനചലനമുണ്ടാവുമെന്ന് സൂചനയുണ്ടായിരുന്നു.
ഇൗ സാഹചര്യത്തിലാണ് ഒൗദ്യോഗിക സ്ഥിരീകരണം. നേരത്തെ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖിനും സ്ഥാനചലനം സംബന്ധിച്ച് നടപടികൾ പൂർത്തിയായിരുന്നെങ്കിലും പിന്നീട് അത് റദ്ദാവുകയായിരുന്നു.
മൂന്ന് വർഷമാണ് സാധാരണ സ്ഥാനപതികൾക്ക് സർവീസ് കാലം. അഹമ്മദ് ജാവേദ് 2016 ഫെബ്രുവരി 17 നാണ് ചാർജെടുത്തത്. ഇന്ത്യൻ പ്രവാസികൾക്ക് ഗൗരവതരമായ പ്രശ്നങ്ങളും പ്രതിസന്ധികളും വന്നുചേർന്ന സാഹചര്യത്തിൽ അംബാസഡറുടെ നേതൃത്വത്തിലുള്ള ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. പ്രധാനമന്ത്രി മോദിയുടെ സൗദി സന്ദർശനമുൾപെടെ സുപ്രധാന സംഭവങ്ങളും അദ്ദേഹത്തിെൻറ കാലത്താണ് ഉണ്ടായത്. 1980 ബാച്ച് ഐ.പി.എസ് ഓഫീസറായ അഹമദ് ജാവേദ് മുംബൈ പൊലീസ് കമീഷണറായി 2016 ജനുവരി 31ന് വിരമിക്കാനിരിക്കെയായിരുന്നു സൗദി അറേബ്യൻ അംബാസഡറായി നിയമിച്ചുകൊണ്ട് 2015 ഡിസംബർ 12ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിെൻറ ഉത്തരവിറങ്ങിയത്.
1956 ജനുവരി രണ്ടിന് ഉത്തർപ്രദേശിലെ ലക്നൗവിൽ ജനിച്ച ജാവേദ് ഡൽഹി സെൻറ് സ്റ്റീഫൻസ് കോളജിൽ നിന്ന് ബിരുദമെടുത്ത ശേഷം ഇന്ത്യൻ പൊലീസ് സർവീസിൽ ചേർന്നു. പിതാവ് ഖാസി മുക്താർ ഐ.എ.എസ് ഓഫീസറായിരുന്നു. ശബ്നമാണ് പത്നി. അമീർ, സാറ എന്നിവർ മക്കൾ. സൗദി അറേബ്യയിലെ ഇന്ത്യൻ സ്ഥാനപതിയായി നിയമിതനാവുന്ന നാലാമത്തെ ഐ.പി.എസ് ഓഫീസറാണ് അഹമദദ് ജാവേദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.