1. ഗീവർഗീസ് 2. നാട്ടിൽ മകന് അന്ത്യശുശ്രൂഷ നൽകുന്നു
റിയാദ്: കണ്ണീരുണങ്ങാത്ത പ്രവാസത്തിന്റെ നീണ്ട 17 വർഷങ്ങൾ... ഒടുവിൽ സ്വന്തം മണ്ണിലേക്ക് വിമാനം കയറുമ്പോൾ ഗീവർഗീസ് എന്ന ആ പിതാവിെൻറ മനസ്സിൽ നിറഞ്ഞത് മകനെ നെഞ്ചോടു ചേർക്കണമെന്ന ആഗ്രഹമായിരുന്നില്ല, അവന് അവസാനമായി വിട നൽകണമെന്ന നെഞ്ചുപിളർക്കുന്ന വേദന മാത്രമായിരുന്നു. നിയമക്കുരുക്കുകളും കാത്തിരിപ്പും തീർത്ത വിരഹത്തിനൊടുവിൽ കൊല്ലം പൂയപ്പള്ളി സ്വദേശിയായ ഗീവർഗീസ് (67) നാട്ടിലെത്തിയത് ജീവന്റെ ജീവനായ മകന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാനാണ്.
രണ്ട് പെൺമക്കളുടെ വിവാഹമടക്കമുള്ള കുടുംബത്തിന്റെ വലിയ ഉത്തരവാദിത്തങ്ങൾ തോളിലേറ്റിയാണ് ഗീവർഗീസ് പ്രവാസിയാകുന്നത്. ഇതിനിടയിൽ കൃത്യമായ രേഖകളോ ഇഖാമയോ ഇല്ലാതെ ഡ്രൈവറായി ജോലി ചെയ്തുവരുന്നതിനിടയിലാണ് ഒരു നിയമകുരുക്കിൽ അകപ്പെടുന്നത്. ഒരിക്കൽ വാഹനത്തിൽ കയറിയ യാത്രക്കാർ കരുതിയ മദ്യക്കുപ്പിയുടെ പേരിൽ ചെക്ക്പോസ്റ്റിൽ വെച്ചുണ്ടായ പരിശോധനയിൽ അറിയാത്ത കുറ്റത്തിന് ഗീവർഗീസും കേസിൽപെട്ടു. ഇതോടെ ഇഖാമ പുതുക്കാനോ നാട്ടിലേക്ക് മടങ്ങാനോ കഴിയാതെ നിയമത്തിന്റെ കടുപ്പമേറിയ ഭിത്തികൾക്കുള്ളിൽ ആ പ്രവാസം കുടുങ്ങിപ്പോകുകയായിരുന്നു.
ഗീവർഗീസ് നാട്ടിലേക്ക് യാത്ര തിരിക്കും മുമ്പ് സാമൂഹികപ്രവർത്തകർക്കൊപ്പം, 2. നാട്ടിൽ മകന് അന്ത്യശുശ്രൂഷ നൽകുന്നു
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഗീവർഗീസിന്റെ ലോകം തകിടം മറിച്ച ആ വാർത്തയെത്തുന്നത്. മകൻ അൻസൻ വർഗീസ് (26) സഞ്ചരിച്ച സ്കൂട്ടർ മതിലിലിടിച്ച് അപകടത്തിൽപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ അൻസന് മസ്തിഷ്ക മരണം സംഭവിക്കുകയും ബുധനാഴ്ചയോടെ ആ ജീവൻ പൊലിയുകയും ചെയ്തു. ‘പപ്പാ... ഇനി മതി, നാട്ടിലേക്ക് തിരികെ വരൂ’ എന്ന് നിരന്തരം അഭ്യർത്ഥിച്ചിരുന്ന മകന്റെ അരികിലേക്കാണ്, അവന്റെ ജീവനറ്റ ശരീരത്തിന് മുന്നിലേക്കാണ് ആ അച്ഛന് മടങ്ങി ചെല്ലേണ്ടി വന്നത്.
രണ്ടുവർഷം മുമ്പ് ഈ മകൻ തൊഴിൽ വിസയിൽ റിയാദിലെത്തിയിരുന്നു. ജോലി പ്രശ്നം മൂലം ആറുമാസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന സമയത്തും അവന്റെ ആവശ്യം ‘പപ്പയും കൂടെ വാ’ എന്നതായിരുന്നു. അത്രയും പ്രിയപ്പെട്ട ആ മകന്റെ അപകടമരണ വാർത്തയറിഞ്ഞ് അണപൊട്ടിയൊഴുകിയ കണ്ണീരുമായി നിൽക്കാനല്ലാതെ നിയമപരമായ വഴികളില്ലാതെ ഉഴറിയ ഗീവർഗീസിന് തുണയായത് സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാടിന്റെയും ഇന്ത്യൻ എംബസിയുടെയും ഇടപെടലുകളാണ്.
തർഹീൽ (നാടുകടത്തൽ കേന്ദ്രം) അധികൃതരുമായി ഇവർ നടത്തിയ ചർച്ചകൾക്കൊടുവിൽ, ആ പിതാവിന്റെറ നോവ് തിരിച്ചറിഞ്ഞ അധികൃതർ മാനുഷിക പരിഗണന നൽകി അടിയന്തര നടപടികൾ സ്വീകരിക്കുകയായിരുന്നു. പാസ്‌പോർട്ട് പോലുമില്ലാതിരുന്ന ഗീവർഗീസിന് എംബസി ഉദ്യോഗസ്ഥരുടെയും തർഹീൽ അധികൃതരുടെയും സഹായത്തോടെ വ്യാഴാഴ്ച ഉച്ചയോടെ ഔട്ട്‌പാസും എക്സിറ്റ് വിസയും ലഭ്യമാക്കി. അന്നു രാത്രിയിലെ ആകാശ് എയർ വിമാനത്തിൽ കൊച്ചിയിലേക്ക്...
വെള്ളിയാഴ്ച രാവിലെ നാടണഞ്ഞ ഗീവർഗീസ് വൈകുന്നേരത്തോടെ കൊല്ലത്തെ വീട്ടിലെത്തി. ശനിയാഴ്ച നടന്ന സംസ്കാര ചടങ്ങിൽ, 17 കൊല്ലത്തിന് ശേഷം സ്വന്തം വീട്ടിൽ കാണാൻ കൊതിച്ച മകനെ ജീവനറ്റ അവസ്ഥയിൽ അവസാനമായി ഒരുനോക്ക് കാണുമ്പോൾ ആ പിതൃഹൃദയം നുറുങ്ങുന്ന കാഴ്ച കണ്ട് കൂടിനിന്നവരുടെ കണ്ണുനിറഞ്ഞു.
സാധാരണ ഗതിയിൽ മാസങ്ങൾ നീളുന്ന നിയമനടപടികൾ, മാനുഷിക പരിഗണന നൽകി വേഗത്തിലാക്കിയാണ് സൗദി അധികൃതരും എംബസിയും ആ അച്ഛന് മകന് വിടചൊല്ലാനുള്ള അവസരമൊരുക്കിയത്. സാമൂഹികപ്രവർത്തകൻ കൂടിയായ തൃശൂർ സ്വദേശി നേവൽ, എംബസി വെൽഫെയർ വിങ് കോൺസുലർ വൈ. സാബിർ, അറ്റാഷെ സോനു കുമാർ, ഉദ്യോഗസ്ഥൻ ആഷിഖ് എന്നിവരും ആവശ്യമായ സഹായങ്ങൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.