റിയാദ്: മക്കയിലും മദീനയിലും താമസ സൗകര്യം വർധിപ്പിക്കുന്നതിനായി സൗദി ടൂറിസം മന്ത്രാലയം പുതിയ ഇ-സർവിസ് ആരംഭിച്ചു. മക്കയിലെയും മദീനയിലെയും ലൈസൻസുള്ള ടൂറിസ്റ്റ് താമസകേന്ദ്രങ്ങളുടെ ഓപറേറ്റർമാർക്ക് ഹജ്ജ് സീസണിൽ അംഗീകൃത നടപടിക്രമങ്ങൾക്കും ആവശ്യകതകൾക്കും അനുസൃതമായി കിടക്ക ശേഷി വർധിപ്പിക്കുന്നതിന് അപേക്ഷിക്കാൻ പ്രാപ്തമാക്കുന്നതാണിത്.
തീർഥാടകർക്ക് ഉയർന്ന നിലവാരമുള്ള സേവനം നൽകുന്നതിനായി താമസ മേഖലയിലെ പ്രവർത്തന കാര്യക്ഷമതയും സന്നദ്ധതയും വർധിപ്പിക്കുന്നതിനും ഡിജിറ്റൽ സേവനങ്ങൾ വികസിപ്പിക്കുന്നതിനും നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് മന്ത്രാലയം അറിയിച്ചു. അടുത്ത വർഷത്തെ ഹജ്ജിനുള്ള മന്ത്രാലയത്തിന്റെ ആദ്യകാല തയാറെടുപ്പുകളുടെയും ലൈസൻസുള്ള താമസ ദാതാക്കളെ പിന്തുണക്കുന്നതിനും സേവനനിലവാരം മെച്ചപ്പെടുത്തുന്നതിനും തടസ്സമില്ലാത്തതും ഫലപ്രദവുമായ ഇലക്ട്രോണിക് പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമാണ് പുതിയ സേവനം.
തീർഥാടകരുടെ സുഖസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും അവരുടെ ആത്മീയ യാത്ര അനായാസമായും മനസമാധാനത്തോടെയും നടത്താൻ പ്രാപ്തരാക്കുന്നതിനും ഡിജിറ്റൽ കഴിവുകൾ പ്രയോജനപ്പെടുത്തുക എന്നതാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ ടൂറിസം ആക്ടിവിറ്റീസ് ലൈസൻസിങ് പോർട്ടൽ വഴി ഓപറേറ്റർമാർക്ക് സേവനം ലഭ്യമാക്കാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.