വാഹനാപകടത്തില്‍ മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ മരിച്ചു

റിയാദ്: വാഹനാപകടത്തില്‍ പ്രവാസി മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ മരിച്ചു. ഹഫര്‍ അല്‍ബാത്വിന്‍ - ദമ്മാം റോഡില്‍ നാരിയക്ക് സമീപം ബുധനാഴ്ച ഉച്ചക്ക് കാറും വാട്ടര്‍ ടാങ്കറും കൂട്ടിയിടിച്ച അപകടത്തില്‍ മലപ്പുറം വാണിയമ്പലം കൂരാട് സ്വദേശി എറിയാട്ട് കുഴിയില്‍ ഹൗസില്‍ മന്‍സൂറാണ് (32) തല്‍ക്ഷണം മരിച്ചത്. വാട്ടര്‍ ടാങ്കര്‍ ഡ്രൈവറായ പഞ്ചാബ് സ്വദേശിയും മരിച്ചു. എല്‍.ജി കമ്പനിയുടെ സൗദിയിലെ വിതരണക്കാരായ അല്‍ഹസന്‍ ആന്‍ഡ് ഹുസൈന്‍ ജി. ഷാക്കിര്‍ കമ്പനി ഹഫര്‍ അല്‍ബാത്വിന്‍ ശാഖയില്‍ സെയില്‍സ് എക്സിക്യുട്ടീവായ മന്‍സൂര്‍ കമ്പനി യോഗത്തില്‍ പങ്കെടുക്കാന്‍ ദമ്മാമിലേക്കുള്ള യാത്രക്കിടയിലാണ് അപകടത്തില്‍ പെട്ടത്.

ഹഫര്‍ അല്‍ബാത്തിനില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ നാരിയ പട്ടണത്തിന് സമീപം ടാങ്കര്‍ ലോറിയും മന്‍സൂറിന്‍െറ കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കാറിന്‍െറ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. നിയന്ത്രം വിട്ട് റോഡില്‍ നിന്ന് തെന്നിമാറിയ ടാങ്കര്‍ മണലിലേക്ക് ഓടിക്കയറി പലകരണം മറിഞ്ഞു. രണ്ടുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മന്‍സൂറിന്‍െറ തലക്കും മുഖത്തിനുമേറ്റ ഗുരുതര പരിക്കാണ് മരണത്തിനിടയാക്കിയത്. നാരിയ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാരിയ പട്ടണത്തിലെ മഖ്ബറയില്‍ ഖബറടക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു. ഏഴുവര്‍ഷമായി സൗദിയിലുള്ള മന്‍സൂര്‍ മൂന്നുവര്‍ഷമായി ഭാര്യ ഹജിഷയും മക്കളായ ഹവ്വയും നൂഹും അടങ്ങുന്ന കുടുംബത്തോടൊപ്പം ഹഫര്‍ അല്‍ബാത്തിനില്‍ താമസിച്ചുവരികയായിരുന്നു. വിവരമറിഞ്ഞ് താഇഫിലുള്ള ഭാര്യ പിതാവ് ഇസ്മാഈലും റിയാദിലുള്ള മാതൃസഹോദരി പുത്രി സുനീബയും ഭര്‍ത്താവ് അബ്ദുറസാഖും നാരിയയിലത്തെിയിട്ടുണ്ട്. ഷൗക്കത്തിലയാണ് പിതാവ്. 

മാതാവ്: ആഫിയ. സുബൈര്‍ (ദുബൈ), സജ്ന എന്നിവര്‍ സഹോദരങ്ങളാണ്. അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനായ മന്‍സൂര്‍ നവോദയ കലാസാംസ്കാരിക വേദി ഹഫര്‍ അല്‍ബാത്തിന്‍ യൂനിറ്റ് സ്ഥാപക പ്രസിഡന്‍റാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഇദ്ദേഹം ദുരിതത്തിലായ പ്രവാസികളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയിരുന്നു. വിപുലമായ സുഹൃദ് വലയത്തിനുടമയുമാണ്. 

Tags:    
News Summary - accident death-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.