റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതമാക്കിയതായി റിയാദ് റഹീം സഹായ സമിതി അറിയിച്ചു. കോടതി വിധിച്ച 20 വർഷത്തെ തടവ് ശിക്ഷ അടുത്താഴ്ച പൂർത്തിയാകുന്നതോടെ മോചനത്തിനുള്ള വഴി തെളിയും. ശിക്ഷാ കാലാവധി കഴിയുന്ന മുറയ്ക്ക് ആഭ്യന്തര മന്ത്രാലയം എക്സിറ്റ് വിസ നൽകുന്നതോടെ സൗദി സർക്കാരിന്‍റെ ഭാഗത്ത് നിന്നുള്ള നടപടികൾ പൂർത്തിയാകും. തുടർന്ന് യാത്രാ തീയതി ക്രമീകരിച്ച് നാട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജയിൽ, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ നടപടികൾ പൂർത്തിയായാൽ രാജ്യം വിടാനുള്ള രേഖയായ എമർജൻസി സർട്ടിഫിക്കറ്റ് (വൈറ്റ് പാസ്‌പോർട്ട്) ഇന്ത്യൻ എംബസി തയ്യാറാക്കിയതായി സാമൂഹികപ്രവർത്തകനും കുടുംബത്തിന്റെ പവർ ഓഫ് അറ്റോണിയുമായ സിദ്ധിഖ് തുവ്വൂർ പറഞ്ഞു. ഇന്ത്യൻ എംബസിയും ഉദ്യോഗസ്ഥരും വിഷയത്തിൽ കൃത്യമായി ഇടപെടുന്നുണ്ടെന്നും കാലതാമസമില്ലാതെ മോചനം സാധ്യമാകുമെന്നും സഹായ സമിതി പ്രത്യാശ പ്രകടിപ്പിച്ചു.
ലോക മലയാളികൾ കൈകോർത്ത ഈ മഹാദൗത്യം ലക്ഷ്യം കാണാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളതെന്ന് സമിതി മുഖ്യരക്ഷാധികാരി അഷ്‌റഫ് വേങ്ങാട്ട് പറഞ്ഞു. തുടക്കം മുതൽ ഒടുക്കം വരെ ദൗത്യത്തിൽ പങ്കാളികളായ എല്ലാ മനുഷ്യസ്നേഹികളോടുമുള്ള നന്ദിയും അദ്ദേഹം അറിയിച്ചു. റിയാദ് സഹായ സമിതി ചെയർമാൻ സി.പി. മുസ്തഫ, ജനറൽ കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ, ട്രഷറർ സെബിൻ ഇഖ്ബാൽ എന്നിവരുടെ നേതൃത്വത്തിൽ മോചന നടപടികളുടെ പുരോഗതി വിലയിരുത്തി.
നടപടികൾ പൂർത്തിയാക്കി നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയാൽ ഉടൻ വിമാന ടിക്കറ്റ് നൽകി നാട്ടിലേക്ക് അയക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കുമെന്ന് ചെയർമാൻ സി.പി. മുസ്തഫ വ്യക്തമാക്കി. സമിതി അംഗങ്ങളായ മുനീബ് പാഴൂർ (വൈസ് ചെയർമാൻ), നാസർ കാരന്തൂർ (കോർ കമ്മിറ്റി കോഡിനേറ്റർ), ഹർഷദ് ഫറോക്ക് (കോഓഡിനേറ്റർ), ഷകീബ് കൊളക്കാടൻ, യൂസഫ് കാക്കഞ്ചേരി, കുഞ്ഞോയി കോടമ്പുഴ, മൊഹിയുദ്ധീൻ സഹീർ, നവാസ് വെള്ളിമാട് കുന്ന്, മൊയ്‌തീൻ കോയ കല്ലമ്പാറ, സുരേന്ദ്രൻ കൂട്ടായി, സുധീർ കുമ്മിൾ, മുഹമ്മദ് നജാത്തി, ഷമീം മുക്കം, നൗഫൽ പാലക്കാടൻ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. ഫറോക്കിലെ സഹായ ട്രസ്റ്റുമായി സമിതി അംഗങ്ങൾ ഉടൻ ഓൺലൈൻ യോഗം ചേരുമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.