അബ്ദുൽ റഹീം
ഫറോക്ക്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദ് ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീം ഉടൻ മോചിതനാകും. ശിക്ഷാകാലാവധി അവസാനിക്കുന്ന ചൊവ്വാഴ്ച ജയിൽ മോചിതനായാൽ മൂന്നു ദിവസത്തിനകം നാട്ടിലെത്തിക്കാനാണ് ശ്രമമെന്ന് റഹീം നിയമ സഹായ കമ്മിറ്റി, നിയമ സഹായ ട്രസ്റ്റ് എന്നിവയുടെ ഭാരവാഹികളും കുടുബാംഗങ്ങളും റഹീമിന്റെ വീട്ടിൽ വിളിച്ചു ചേർത്ത സംയുക്ത വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വധശിക്ഷ റദ്ദാക്കി 2024 ജൂലായ് രണ്ടിന് റിയാദ് ക്രിമിനൽ കോടതി ഉത്തരവിട്ട പാശ്ചാത്തലത്തിൽ ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങുന്നവർ പാലിക്കേണ്ട നിയമകുരുക്കുകൾ വിധി വന്നശേഷം തീർത്തെടുക്കാനായത് റഹീമിന് പെട്ടന്നുള്ള മോചനത്തിന് സഹായകമായി. അതുകൊണ്ടുതന്നെ ചൊവ്വാഴ്ച ജയിലിൽനിന്ന് ഇറങ്ങിയാൽ എംബസി മുഖേന ടിക്കറ്റ് ലഭിച്ചാൽ നാട്ടിലേക്കുള്ള യാത്രക്ക് താമസമുണ്ടാകില്ല. അതേസമയം, വലിയ പെരുന്നാൾ പ്രമാണിച്ച് വ്യാഴാഴ്ച മുതൽ 15 ദിവസം റിയാദ് കോടതി അവധിയായിരിക്കുമെന്നും പെട്ടന്നുള്ള മോചനമാണ് പ്രതീക്ഷിക്കുന്നതെന്നും ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
2006 നവംബറിലാണ് സൗദി ബാലൻ അനസ് അൽ ഫായിസിന്റെ കൊലപാതകക്കേസിൽ അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്. സ്പോൺസറുടെ ചലനശേഷിയില്ലാത്ത മകനുമൊത്ത് കാറിൽ സഞ്ചരിക്കുമ്പോൾ റഹീമിന്റെ കൈ ബാലന്റെ കഴുത്തിൽ ഘടിപ്പിച്ച ഉപകരണത്തിൽ തട്ടി ബോധരഹിതനായി മരിക്കുകയായിരുന്നെന്നാണ് കേസ്. തുടർന്ന് കൊലപാതക കേസിൽ അറസ്റ്റിലായ റഹീമിന് 2012ൽ റിയാദ് കോടതി വധശിക്ഷ വിധിച്ചു. ഒരു പതിറ്റാണ്ടിനുശേഷം റഹീമിനെ മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നാട്ടിലും വിദേശത്തും സഹായ കമ്മിറ്റി രൂപത്കരിച്ച് പ്രവർത്തനം തുടങ്ങി.
ലോകമെമ്പാടുമുള്ള മലയാളികൾ ദിവസങ്ങൾക്കുള്ളിൽ 47 കോടി സമാഹരിച്ചത് ചരിത്ര സംഭവമായിരുന്നു. സൗദി ബാലന്റെ കുടുംബത്തിന് 34 കോടി രൂപ ദിയാധനം (മോചനദ്രവ്യം) നല്കിയതിനെ തുടർന്ന് കോടതി റഹീമിന്റെ വധശിക്ഷ ഒഴിവാക്കുകയായിരുന്നു. വാർത്തസമ്മേളനത്തിൽ കമ്മിറ്റി ഭാരവാഹികളായ അഷ്റഫ് വേങ്ങാട്ട്, കെ. സുരേഷ്, കെ.കെ. ആലിക്കുട്ടി, നാസർ കാരന്തൂർ, എം. മൊയ്തീൻകോയ, മജീദ് അമ്പലക്കണ്ടി, കെ.പി. അബ്ദുൽ സമദ് എന്നിവരും റഹീമിന്റെ സഹോദരൻ നസീർ കോടമ്പുഴയും കുടുംബാംഗങ്ങളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.