ജുബൈൽ: സൗദി കിഴക്കൻ പ്രവിശ്യയിലെ നാരിയയിലെ സറാർ, ഗുലൈബ് പ്രദേശത്ത് ബംഗ്ലാദേശ് സ്വദേശിയുടെ ഒരു വർഷം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി. ഏകദേശം ഒരു വർഷം മുമ്പ് മരിച്ച ഷഫീഖ് ബിസാസിന്റെ (48) മൃതദേഹ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്.
ഷഫീഖ് ധരിച്ചിരുന്ന വസ്ത്രങ്ങളുടെ ഭാഗങ്ങൾ മൃതദേഹ അവശിഷ്ടത്തിന്റെ സമീപത്ത് നിന്ന് ലഭിച്ചതാണ് മരിച്ചത് ഷഫീഖ് ആണെന്ന നിഗമനത്തിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചത്. മരുഭൂമിയിൽ ആട്ടിടയനായിരുന്ന ഷഫീക്കിനെ ജോലിക്ക് ശേഷവും കാണാതിരുന്നതിനാൽ സ്പോൺസർ പൊലീസിൽ ഹുറൂബ് (ജോലിയിൽ നിന്നും ഒളിച്ചോടൽ) കേസ് രജിസ്റ്റർ ചെയ്തിരുന്നു.
മരണത്തിൽ ദുരൂഹതയൊന്നുമില്ലെന്ന് ഫോറൻസിക് അധികൃതർ അറിയിച്ചു.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ശങ്കർ ഖാലി സ്വദേശി ശഹാദ് അലി ബിസാസ് എന്നയാളുടെ മകനാണ് ഷഫീഖ് ബിസാസ്. ബംഗ്ലാദേശ് എംബസിയുടെ നിർദേശപ്രകാരം കെ.എം.സി.സി ഈസ്റ്റേൺ പ്രോവിൻസ് വൈസ് പ്രസിഡന്റും ഇന്ത്യൻ എംബസി വളന്റിയറുമായ അൻസാരി മന്ദബത്ത് ആണ് മൃതദേഹം സൗദിയിൽ തന്നെ സംസ്കരിക്കാനുള്ള ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയത്. മൃതദേഹം മുലൈജ മഖ്ബറയിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.