ജുബൈലിലെ ‘പൂച്ചകളുടെ പ്രസവവീട്’
തണലായി ഒരു മലയാളി കുടുംബം
ജുബൈൽ: വീടിന് പുറത്തെ ഇടനാഴിയിലെ ആ ചെറിയ സ്റ്റോർ റൂം തുറന്നാൽ ഇപ്പോൾ കേൾക്കുന്നത് പൂച്ചക്കുഞ്ഞുങ്ങളുടെ കരച്ചിലാണ്. സാധാരണ സാധനങ്ങൾ കുത്തിനിറയ്ക്കുന്ന ഒരിടമല്ല ഇത്; മറിച്ച് കഴിഞ്ഞ നാല് വർഷമായി ജുബൈലിലെ ഗർഭിണികളായ പൂച്ചകൾക്ക് സുരക്ഷിതമായ ഒരു ‘പ്രസവ വീടാണ്’. റോയൽ കമീഷനിലെ പ്രൊജക്റ്റ് മാനേജ്മെൻറ് കൺസൽട്ടൻറായ ആലപ്പുഴ സ്വദേശി സഫയർ മുഹമ്മദും കുടുംബവുമാണ് തെരുവിലലയുന്ന പൂച്ചകൾക്ക് ഈ സ്നേഹത്തണലൊരുക്കുന്നത്. ടോസ്റ്റ് മാസ്റ്റർ കമ്യൂണിറ്റിയിൽ സജീവമായി പ്രവർത്തിക്കുന്ന സഫയർ മുഹമ്മദ് ഡിസ്റ്റിങ്ഷ്ഡ് ടോസ്റ്റ് മാസ്റ്റർ കൂടിയാണ്.
പൂച്ച സ്നേഹത്തിെൻറ തുടക്കം
20 വർഷമായി പ്രവാസലോകത്തുള്ള സഫയർ മുഹമ്മദ് ജുബൈൽ ജാഫർ തയ്യർ മസ്ജിദിന് സമീപത്തെ വില്ലയിലാണ് താമസിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് അവശനിലയിൽ ഒരു തള്ളപ്പൂച്ചയും കുഞ്ഞും ഇവരുടെ വീട്ടുവാതിൽക്കൽ എത്തിയതാണ് എല്ലാറ്റിെൻറയും തുടക്കം. ഉപേക്ഷിക്കപ്പെട്ട ആ വളർത്തുപൂച്ചയെയും കുഞ്ഞിനെയും ആട്ടിയോടിക്കാൻ സഫയറിനും കുടുംബത്തിനും തോന്നിയില്ല.
കണ്ണിന് അസുഖം ബാധിച്ച കുഞ്ഞിനെ ഉപേക്ഷിച്ച് തള്ളപ്പൂച്ച പോയപ്പോൾ സഫയറിെൻറ മകൾ ആയിഷ ആ ദൗത്യം ഏറ്റെടുത്തു. മരുന്നും ഭക്ഷണവും നൽകി അവൾ ആ കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നു. ഒടുവിൽ ആരോഗ്യവാനായ ആ പൂച്ചക്കുട്ടി മതിൽ ചാടി സ്വന്തം ലോകത്തേക്ക് പോയതോടെ പൂച്ചകളുടെ ‘പ്രസവ വീട്’ ആളൊഴിഞ്ഞു. എന്നാൽ അധികം വൈകാതെ വീണ്ടും അതേ സ്റ്റോർ റൂമിൽ നിന്ന് ശബ്ദങ്ങൾ കേട്ടുതുടങ്ങി. മറ്റൊരു ഗർഭിണിപ്പൂച്ച ആ സ്ഥലം തേടിയെത്തിയതാണ്. അതൊരു പതിവായി മാറി.
സുരക്ഷിതമായ താവളം
പൂച്ചകൾ പ്രസവിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് വില്ലയിലെത്തി സ്ഥലം നിരീക്ഷിക്കാറുണ്ടെന്ന് സഫയർ പറയുന്നു. പ്രസവത്തോടടുക്കുമ്പോൾ അവർ ഇവിടെ താമസമുറപ്പിക്കും. പ്രസവം കഴിഞ്ഞ് ഏതാനും ആഴ്ചകൾ കഴിഞ്ഞാൽ കുഞ്ഞുങ്ങളെ സഫയറിെൻറ കുടുംബത്തെ ഏൽപ്പിച്ച് തള്ളപ്പൂച്ചകൾ മടങ്ങും. പിന്നീട് മൂന്ന് മാസത്തോളം ഈ കുഞ്ഞുങ്ങളുടെ രക്ഷാകർത്താക്കൾ സഫയറും ഭാര്യ രഹ്നയും മക്കളായ ആയിഷയും ഫാത്തിമയുമാണ്. ‘ഓഫീസിൽ നിന്ന് വരുമ്പോൾ വാതിൽക്കൽ തള്ളപ്പൂച്ചയും കുഞ്ഞുങ്ങളും കാത്തിരിക്കുന്നത് കാണുന്നത് മനസ്സിന് വലിയ സന്തോഷമാണ് നൽകുന്നതെ’ന്ന് സഫയർ മുഹമ്മദ് പറയുന്നു.
ഭക്ഷണവും പരിചരണവും
പൂച്ചകളുടെ ഇഷ്ടാനിഷ്ടങ്ങൾ ഇപ്പോൾ ഈ കുടുംബത്തിന് മനപ്പാഠമാണ്. ടിൻ ഫുഡുകൾക്ക് പുറമെ കബ്സയും ഹോട്ട് ഡോഗും വരെ ഈ പൂച്ചകൾ കഴിക്കും. പൂച്ചകൾക്ക് ആവശ്യമായ പ്രതിരോധ കുത്തിവെപ്പുകൾ നൽകുന്നതിനും വൃത്തിയായി പരിപാലിക്കുന്നതിനും ഇവർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. പൂച്ചകളെ വീട്ടിൽ വളർത്തുന്നത് അല്പം ചെലവേറിയ കാര്യമാണ്. പൂച്ചകൾ വളരെ വൃത്തിയും വെടിപ്പുമുള്ള മൃഗമാണ്. മലവിസർജനത്തിനായി പ്രത്യേകതരം വെളുത്ത മണൽ ഉപയോഗിക്കുന്നതിനാൽ അവയുടെ താമസസ്ഥലം വൃത്തിയോടെ പരിപാലിക്കാൻ കഴിയുന്നു. കൃത്യമായ കുത്തിവെപ്പുകൾ നൽകുകയും ചെയ്യുന്നു. സഫയറിെൻറ ഭാര്യയുടെ സഹോദരിയും പൂച്ചപ്രേമിയുമായ റബീന ജാബിറാണ് പരിചരണത്തിനുള്ള നിർദേശങ്ങൾ നൽകുന്നത്. 3000 സൗദി റിയാൽ വിലവരുന്ന സ്കോട്ടിഷ് ഫോൾഡ് പോലെയുള്ള വിലകൂടിയ പൂച്ചകളെയും റബീന വളർത്തുന്നുണ്ട്. അടുത്തിടെ ഒരു വളർത്തുപൂച്ച രോഗം ബാധിച്ച് മരിച്ചത് അവരെ ഏറെ വിഷമിപ്പിച്ചിരുന്നു.
ഒരു ബാച്ച് മുതിർന്ന് ഇറങ്ങിപ്പോകുമ്പോൾ അടുത്ത ബാച്ച് ഗർഭിണിപ്പൂച്ചകൾ സ്റ്റോർ റൂമിൽ സ്ഥാനമുറപ്പിച്ചുകഴിഞ്ഞിട്ടുണ്ടാകും. മൃഗസംരക്ഷണത്തിന് ഏറെ പ്രാധാന്യം നൽകുന്ന സൗദി സമൂഹത്തിന് മാതൃകയാവുകയാണ് സ്നേഹത്തിെൻറ ഈ മലയാളി വീട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.