തബൂക്കിലെ അൽ വഖാദി ദ്വീപിൽ 600 വർഷം പഴക്കമുള്ള പവിഴപ്പുറ്റ്​ ശേഖരം കണ്ടെത്തി

ജുബൈൽ : തബൂക്കിനു സമീപം ചെങ്കടലിൽ അൽ-വഖാദി ദ്വീപിന് തെക്കു ഭാഗത്ത് 10 മീറ്ററിലധികം ഉയരവും 600 വർഷം പഴക്കവുമുള്ള പവിഴപ്പുറ്റ്​ ശേഖരം കണ്ടെത്തി.

സൗദി സമുദ്ര ശാസ്ത്രജ്ഞരും പരിസ്ഥിതി വിദഗ്‌ധരും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് കടലി​െൻറ അടിത്തട്ടിൽ ഇത്രയും വലിയ പവിഴപ്പുറ്റു നിറഞ്ഞ പ്രദേശം കണ്ടുപിടിച്ചതെന്ന് റെഡ്‌സീ ഡെവലപ്മെൻറ്​ കമ്പനി വ്യക്തമാക്കി.

പവിഴപ്പുറ്റി​െൻറ പുറം ഘടനയിൽ വർഷന്തോറും വളരുന്ന വളയങ്ങളുടെ അളവും എണ്ണവും അളന്നാണ് അവയുടെ പ്രായം കണക്കാക്കുന്നത്. പവിഴപ്പുറ്റുകളുടെ വളയങ്ങൾ ശാസ്ത്രീയമായി അപഗ്രഥിക്കുന്നതിലൂടെ ശാസ്ത്രജ്ഞർക്ക് മുൻ വർഷങ്ങളിലെ സമുദ്ര താപനിലയും ആ കാലഘട്ടത്തിലെ അതി​െൻറ രാസഘടനയും അറിയാൻ കഴിയും. തുടക്കത്തിൽ കടൽതീരത്തെ പാറയോട് ചേരുമ്പോഴാണ് അവയുടെ യഥാർഥ സൗന്ദര്യം രൂപപ്പെടുന്നത്. അതി​െൻറ താഴ്ഭാഗം കട്ടിയുള്ള ചുണ്ണാമ്പുകല്ലുകൊണ്ടു നിർമിച്ചതാണ്.

പിന്നീട് ആയിരക്കണക്കിന് ക്ലോൺ ജീവികളായി വിഭജിക്കാൻ തുടങ്ങുന്നു. ഭൂമിയിലെ വൈവിധ്യമായതും മനോഹരവുമായ ഒരു ആവാസവ്യവസ്ഥയാണ് പവിഴപ്പുറ്റുകൾ.

ഏകദേശം നൂറോളം ഇനങ്ങളിലുള്ള‍ ഒച്ചുകൾ, നൂറു കണക്കിന് വിവിധ തരത്തിലുള്ള മത്സ്യങ്ങൾ, ചെറിയ സസ്യങ്ങൾ, വിവിധ തരത്തിലുള്ള കടൽക്കുതിരകൾ തുടങ്ങി ലക്ഷക്കണക്കിന്​ ജീവികളുടെ ആവാസകേന്ദ്രമാണിവിടം.

പവിഴപ്പൊളിപ്പുകൾ എന്ന പുഷ്പസദൃശ്യമായ ജീവികളുടെ വിസർജ്യവസ്തുക്കളും മൃതാവശിഷ്​ടങ്ങളും ചേർന്ന് വർഷങ്ങളുടെ പ്രവർത്തനഫലമായി പവിഴപ്പുറ്റുകൾ രൂപം കൊള്ളുന്നു. വഖാദിയിലെ സമുദ്രജീവികളുടെ സൗന്ദര്യം കണ്ടെത്തൽ ചെങ്കടൽ ടൂറിസം പദ്ധതിയുടെ ഭാഗമായി തീർന്നിട്ടുണ്ട്.

Tags:    
News Summary - A 600-year-old coral reef has been discovered on Al Wakhadi Island in Tabuk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.