ജിദ്ദ: നഗരത്തിലെ പൊതുഗതാഗത രംഗത്ത് സുപ്രധാന നാഴികക്കല്ലായി സ്മാർട്ട് സാങ്കേതികവിദ്യ ഉൾക്കൊള്ളിച്ച 91 പുതിയ ബസുകൾ കൂടി സർവിസ് ആരംഭിച്ചു. ജിദ്ദ നഗരത്തിന്റെ ഭൂരിഭാഗവും ഉൾക്കൊള്ളുന്ന 14 റൂട്ടുകളിലായാണ് ബസുകൾ സർവിസ് തുടങ്ങിയത്. 88 ഡീസൽ ബസുകളും (യൂറോ അഞ്ച്) മൂന്ന് പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകളും ഉൾപ്പെടെ 91 ആധുനിക ബസുകളുടെ സർവിസുകളാണ് പുതുതായി ആരംഭിച്ചത്.
വിഭിന്നശേഷിക്കാർക്കുള്ള സേവനങ്ങൾ, അകത്തും പുറത്തുമായി 14 നിരീക്ഷണ കാമറകൾ, റൂട്ട് ഡിസ്പ്ലേ സ്ക്രീനുകൾ, മൊബൈലും മറ്റും ചാർജ് ചെയ്യാനുള്ള യു.എസ്.ബി പോർട്ടുകൾ, സുരക്ഷയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനായി നിയന്ത്രണ പാനലുമായി ബന്ധിപ്പിച്ചിരിക്കുന്ന ജി.പി.എസ് ട്രാക്കിങ് സിസ്റ്റം എന്നിവ എല്ലാ ബസുകളിലും സജ്ജീകരിച്ചിരിക്കുന്നു. നഗരത്തിനുള്ളിലെ വലിയ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന റൂട്ടുകളുടെ എണ്ണം 14 ആയും സ്റ്റോപ്പുകളുടെ എണ്ണം 80 ആയും വർധിപ്പിച്ചിട്ടുണ്ട്.
46 നിലവിലുള്ള സ്റ്റേഷനുകളും 71 പുതിയ സ്റ്റേഷനുകളും ഉൾപ്പെടെ 117 എയർ കണ്ടീഷൻ ചെയ്ത സ്റ്റേഷനുകൾ ഒരുക്കിയിട്ടുണ്ട്. ടിക്കറ്റ് നിരക്കുകൾ ഓരോ റൂട്ടിലും 3.45 സൗദി റിയാലാണ്. 24 മണിക്കൂറിനുള്ളിൽ അഞ്ച് യാത്രകൾ ചെയ്യാനായി 10 റിയാൽ, ഒരാഴ്ചയിൽ 35 യാത്രകൾ ചെയ്യാനായി 60 റിയാൽ, പ്രതിമാസം 175 യാത്രകൾക്കായി 175 റിയാൽ എന്നിങ്ങനെയുള്ള യാത്രാ പാക്കേജുകൾ ലഭ്യമാണ്. ‘ജിദ്ദ ബസസ്’ ആപ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാനും പണമടക്കാനും സാധിക്കും.
ജിദ്ദ മുനിസിപ്പാലിറ്റിയുടെ എക്സിക്യൂട്ടിവ് വിഭാഗമായ ജിദ്ദ ട്രാൻസ്പോർട്ട്, പ്രതിവർഷം 90 ലക്ഷം യാത്രക്കാരുൾപ്പെടെ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 2.70 കോടിയിലധികം പേർക്ക് സേവനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ നീക്കം പൊതുഗതാഗതത്തെ ആശ്രയിക്കുന്നത് വർധിപ്പിക്കുന്നതിനും സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറക്കുന്നതിനും നഗരത്തിലെ സുസ്ഥിരതയെ പിന്തുണക്കുന്നതിനും സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.