ജിദ്ദ: കഴിഞ്ഞവർഷം തൊഴിൽ തർക്കങ്ങളിൽ രമ്യമായി പരിഹരിച്ചത് 73 ശതമാനമായെന്ന് മാനവ വിഭവശേഷി വികസന മന്ത്രാലയം. തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന് മന്ത്രാലയം ഏർപ്പെടുത്തിയ ‘വുദി’ (സൗഹൃദ) സംവിധാനത്തെക്കുറിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സൗഹൃദ സംവിധാനത്തിലൂടെ 2022ലെ തൊഴിൽ തർക്കങ്ങളിൽ 73 ശതമാനത്തിനും പരിഹാരം കാണാൻ മന്ത്രാലയത്തിന് സാധിച്ചിട്ടുണ്ട്. പ്രശ്നപരിഹാരത്തിന്റെ ശരാശരി ദൈർഘ്യം 40 ദിവസത്തിൽനിന്ന് അഞ്ച് പ്രവൃത്തി ദിവസമായി കുറക്കുന്നതിനും സംവിധാനം സഹായിച്ചിട്ടുണ്ട്.
തൊഴിൽ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനുള്ള ശ്രമത്തിന് സൗഹാർദ സെറ്റിൽമെൻറ് വകുപ്പാണ് പ്രവർത്തിക്കുന്നത്. രണ്ടു കക്ഷികൾക്കിടയിൽ ഉണ്ടാകുന്ന തർക്കങ്ങൾ പരിഹരിക്കുന്നതിന് വകുപ്പ് വളരെയധികം ശ്രദ്ധിക്കുന്നുണ്ട്.
ഒരുവശത്ത് എല്ലാ കക്ഷികളും തമ്മിലുള്ള ബന്ധത്തിന്റെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനും മറുവശത്ത് എല്ലാ സ്ഥാപനങ്ങളിലെയും തൊഴിൽ പ്രശ്നങ്ങൾ അവസാനിപ്പിക്കുന്നതിനും എല്ലാ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുമാണ് സംവിധാനത്തിലൂടെ ശ്രമിക്കുന്നതെന്നും മാനവ വിഭവശേഷി മന്ത്രാലയം പറഞ്ഞു.
തൊഴിൽ തർക്ക ക്ലെയിമുകൾ പരിഗണിക്കുന്നതിന്റെ ആദ്യ ഘട്ടമാണ് സൗഹാർദപരമായ ഒത്തുതീർപ്പ്. സാധ്യമെങ്കിൽ ഇരുകക്ഷികളെയും തൃപ്തിപ്പെടുത്തുന്ന സൗഹാർദപരമായ ഒരു പരിഹാരത്തിലെത്താൻ പ്രശ്നം പരിഹരിക്കാനും മധ്യസ്ഥത നടത്താനും ശ്രമിക്കും.
അല്ലെങ്കിൽ ആദ്യ സെഷന്റെ തീയതി മുതൽ 21 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ കേസ് ലേബർ കോടതിയിലേക്ക് റഫർ ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി. സൗഹൃദ പരിഹാര സേവനങ്ങൾ 100 ശതമാനവും ഓട്ടോമാറ്റിക് സംവിധാനത്തിലൂടെയാണ് പ്രവർത്തിക്കുന്നത്.
കേസ് ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള സേവനം ഉൾപ്പെടെ കേസിന്റെ നിയമപരമായ സാധുത അവലോകനം ചെയ്യുന്നതിനുള്ള സംവിധാനവും അതിലുണ്ട്. വാദം കേൾക്കുന്ന തീയതിക്കുമുമ്പ് വാദിക്കും പ്രതിക്കും കേസിന്റെ വിശദാംശങ്ങൾ പരിചയപ്പെടാനാവും.
അനുരഞ്ജന സെഷനുകൾ വിദൂര സംവിധാനത്തിൽ നടത്താനും സംവിധാനം അനുവദിക്കുന്നുണ്ട്. ഉയർന്ന നിലവാരത്തിൽ മനുഷ്യ ഇടപെടലില്ലാതെ കാര്യങ്ങൾ ചെയ്യുന്നതാണ് ഇതിന്റെ സവിശേഷതയെന്നും മന്ത്രാലയം പറഞ്ഞു.
തുടർച്ചയായ പരിശീലനത്തിലൂടെ സൗഹൃദ പരിഹാര സേവനങ്ങളും അതിന്റെ ജീവനക്കാരുടെ കഴിവുകളും വികസിപ്പിക്കാനും ഉയർത്താനും മന്ത്രാലയം ശ്രമിക്കുന്നുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷനുമായി ചേർന്ന് ആറു പ്രത്യേക പരിശീലന പരിപാടികൾ സംഘടിപ്പിച്ചു.
കൂടാതെ നീതിന്യായ മന്ത്രാലയത്തിലെ ജുഡീഷ്യൽ പരിശീലന കേന്ദ്രവുമായി സഹകരിച്ച് അഞ്ചും മന്ത്രാലയത്തിന്റെ പരിശീലന കേന്ദ്രത്തിൽ എട്ടും പരിശീലന പരിപാടികൾ ജീവനക്കാർക്കായി സംഘടിപ്പിച്ചതായും മാനവ വിഭവശേഷി മന്ത്രാലയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.