സൗദിയിൽ മദ്ധ്യാഹ്ന ജോലി വിലക്ക് പ്രാബല്യത്തിൽ; സെപ്റ്റംബർ 15 വരെ നിയന്ത്രണം തുടരും

റിയാദ്: വേനൽക്കാലത്തെ കടുത്ത ചൂടിൽ നിന്ന് തൊഴിലാളികൾക്ക് സുരക്ഷയൊരുക്കുന്നതിനായി സൗദി അറേബ്യയിൽ ഉച്ചസമയത്തെ ജോലിക്കുള്ള വിലക്ക് പ്രാബല്യത്തിൽ വന്നു. നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന തുറസ്സായ സ്ഥലങ്ങളിൽ ഉച്ചയ്ക്ക് 12 മുതൽ ഉച്ചകഴിഞ്ഞ് മൂന്ന്​ വരെ ജോലി ചെയ്യിക്കുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

തിങ്കളാഴ്ച (ജൂൺ 15) മുതൽ പ്രാബല്യത്തിൽ വന്ന ഈ നിയമം മൂന്ന് മാസക്കാലം (സെപ്റ്റംബർ 15 വരെ) തുടരുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ഈ നിയമം നടപ്പാക്കിയതിലൂടെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കിടയിൽ വലിയ തോതിലുള്ള അവബോധവും നിയമവിധേയത്വവും വളർത്തിയെടുക്കാൻ സാധിച്ചിട്ടുണ്ടെന്ന് മാനവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ വർഷം നേരിട്ടുള്ള സൂര്യപ്രകാശത്തിൽ ജോലി ചെയ്യുന്നതിനുള്ള നിരോധനം പാലിക്കുന്നതിൽ 94 ശതമാനത്തി​െൻറ മികച്ച പങ്കാളിത്തമാണ് രേഖപ്പെടുത്തിയത്. ജീവനക്കാരുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിൽ പ്രതിരോധ നടപടികൾക്കുള്ള പ്രാധാന്യത്തെക്കുറിച്ച് തൊഴിലുടമകൾക്കിടയിൽ വർദ്ധിച്ചുവരുന്ന ബോധവൽക്കരണത്തെയാണ് ഈ ഉയർന്ന ശതമാനം പ്രതിഫലിപ്പിക്കുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

വിലക്ക് കാലയളവിൽ നിയമം കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട മറ്റ് മന്ത്രാലയങ്ങളുമായും അധികാരികളുമായും ഏകോപിപ്പിച്ച് കർശനമായ നിരീക്ഷണവും ബോധവൽക്കരണ ശ്രമങ്ങളും തുടരും. അന്താരാഷ്​ട്ര തൊഴിൽ സുരക്ഷാ-ആരോഗ്യ മാനദണ്ഡങ്ങൾക്ക് അനുസൃതമായി, തൊഴിലാളികൾക്ക് ആരോഗ്യകരവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുക എന്നതാണ് ഈ തീരുമാനത്തി​െൻറ പ്രധാന ലക്ഷ്യം. കടുത്ത ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപരമായ അപകടങ്ങളിൽ നിന്നും പരിക്കുകളിൽ നിന്നും തൊഴിൽപരമായ രോഗങ്ങളിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കാൻ ഇത് സഹായിക്കും.

മദ്ധ്യാഹ്ന ജോലി വിലക്ക് പാലിക്കുന്നത് കേവലം ഒരു നിയമപരമായ ബാധ്യത മാത്രമല്ലെന്ന് മന്ത്രാലയം ഓർമിപ്പിച്ചു. ഇത് ജീവനക്കാരോടുള്ള മാനുഷികവും പ്രൊഫഷണലുമായ ഉത്തരവാദിത്തത്തിന്റെ ഭാഗമാണ്. മികച്ച തൊഴിൽ അന്തരീക്ഷം സൃഷ്​ടിക്കുന്നതിലൂടെ ജീവനക്കാരുടെ പ്രകടനവും ഉൽപ്പാദനക്ഷമതയും സ്ഥാപനങ്ങളുടെ സുസ്ഥിരതയും വർദ്ധിക്കും. അതിനാൽ, വിവിധ അപകടസാധ്യതകളിൽ നിന്ന് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിനായി, മന്ത്രാലയത്തി​െൻറ നിർദ്ദേശങ്ങൾ കണക്കിലെടുത്ത് തൊഴിൽ സമയം ഉചിതമായി ക്രമീകരിക്കാൻ എല്ലാ തൊഴിലുടമകളോടും മാനവിഭവശേഷി മന്ത്രാലയം ആവശ്യപ്പെട്ടു.

Tags:    
News Summary - Saudi Arabia enforces midday work ban: Restrictions active until Sept 15

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.