ന്യൂഏജ് തെങ്ങമം ബാലകൃഷ്ണന്‍  മാധ്യമ പുരസ്കാരം ഐപ്പ് വള്ളിക്കാടന് 

റിയാദ്: ന്യൂഏജ് ഇന്ത്യ സാംസ്കാരിക വേദി റിയാദ് ഘടകം കമ്യൂണിസ്റ്റ് നേതാവും നിയമസഭ സാമാജികനും ജനയുഗം പത്രാധിപരുമായിരുന്ന തെങ്ങമം ബാലകൃഷ്ണന്‍െറ പേരില്‍ ഗള്‍ഫ്മേഖലയിലെ മികച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്കാരത്തിന് മാതൃഭൂമി ന്യൂസ് ചാനല്‍ ചീഫ് റിപ്പോര്‍ട്ടര്‍ ഐപ്പ് വളളിക്കാടന്‍ അര്‍ഹനായി. പ്രവാസി ജീവിതങ്ങളേയും അവരുടെ വിവിധങ്ങളായ പ്രശ്നങ്ങളെയും കുറിച്ച് 2015 ജനുവരി മുതല്‍ ഡിസംബര്‍ വരെ കാലയളവില്‍ പ്രസിദ്ധീകരിച്ചതും സംപ്രേഷണം ചെയ്തതുമായ വാര്‍ത്തകളുടെ അടിസ്ഥാനത്തിലായിരുന്നു വിധിനിര്‍ണയം. ഗള്‍ഫ് മേഖലയിലെ മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് ലഭിച്ച എന്‍ട്രികള്‍ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും കേരള ഭവന നിര്‍മാണ ബോര്‍ഡ് ചെയര്‍മാനുമായ പി. പ്രസാദിന്‍െറ നേതൃത്വത്തില്‍ മലയാളം ന്യൂസ് എഡിറ്റോറിയല്‍ബോര്‍ഡ് അംഗം മുസാഫിര്‍ ഏലംകുളം, എഴുത്തുകാരായ ജോസഫ് അതിരുങ്കല്‍, പി. ശിവപ്രസാദ് എന്നിവരടങ്ങിയ സമിതിയാണ് പരിശോധിച്ചത്. ആഭ്യന്തരയുദ്ധം രൂക്ഷമായിരുന്ന യെമന്‍ സന്ദര്‍ശിച്ച മലയാളികള്‍ ഉള്‍പ്പടെ അവിടെ അകപ്പെട്ട ഇന്ത്യാക്കാരുടെ അവസ്ഥയെ കുറിച്ചും അവരെ രക്ഷപ്പെടുത്താന്‍ യമനിലും ജിബൂട്ടിയിലുമായി ഇന്ത്യാസര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെ കുറിച്ചും ഐപ്പ് നടത്തിയ റിപ്പോര്‍ട്ടുകളാണ് പുരസ്കാരത്തിന് അര്‍ഹനാക്കിയത്. 
ധീരവും ക്രിയാത്മകവുമായ ഇടപെടലാണിതെന്നും അത്തരമൊരു സാഹചര്യത്തില്‍ യമന്‍ സന്ദര്‍ശിച്ച എക മലയാളി പത്രപ്രവര്‍ത്തകനാണ് അദ്ദേഹമെന്നും ജൂറി വിലയിരുത്തി. 25000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം റിയാദില്‍ നടക്കുന്ന ന്യൂഏജ് വാര്‍ഷികാഘോഷ പരിപാടിയില്‍ സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
ആദ്യ തെങ്ങമം ബാലകൃഷ്ണന്‍ പുരസ്കാരം ‘ഗള്‍ഫ് മാധ്യമം’ ലേഖകന്‍ നജിം കൊച്ചുകലുങ്കിനായിരുന്നു. രണ്ടാമത്തേതാണ് ഇത്തവണ പ്രഖ്യാപിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ ന്യൂഏജ് സെക്രട്ടറി ഷാനവാസ് പാലക്കാട്, ജോയിന്‍റ് സെക്രട്ടറി വിനോദ് മഞ്ചേരി, സഹ ഭാരവാഹികളായ ഷാജഹാന്‍ തൊടിയൂര്‍, രാജന്‍ നിലമ്പൂര്‍, സനല്‍ കുമാര്‍ തലശ്ശേരി, ജൂറി അംഗം ജോസഫ് അതിരുങ്കല്‍ എന്നിവര്‍ പങ്കെടുത്തു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.