കെ.എം.സി.സി പാലക്കാട് ജില്ലാസമ്മേളനം നാളെ

റിയാദ്: കെ.എം.സി.സി പാലക്കാട് ജില്ലാസമ്മേളനം വെള്ളിയാഴ്ച റിയാദ് എക്സിറ്റ് 18ലെ നോഫ ഓഡിറ്റോറിയത്തില്‍ നടക്കും. ഉച്ചക്ക് ഒന്ന് മുതല്‍ രാത്രി 10.30 വരെ ‘ദര്‍ശനം 2017’ എന്ന പേരില്‍ നടക്കുന്ന പരിപാടിയില്‍ മണ്ണാര്‍ക്കാട് എം.എല്‍.എ എന്‍. ശംസുദ്ദീന്‍ മുഖ്യാതിഥിയാകും. വിവിധ ജീവകാരുണ്യ പദ്ധതികളുടെ പ്രഖ്യാപനം എം.എല്‍.എ ചടങ്ങില്‍ നിര്‍വഹിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കലാപരിപാടികള്‍, കായിക മത്സരങ്ങള്‍, പ്രവര്‍ത്തക ക്യാമ്പ്, പ്രബന്ധ മത്സരം, പൊതുസമ്മേളനം, ഇശല്‍ സന്ധ്യ എന്നിവ നടക്കും. സൗദി നാഷനല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അശ്റഫ് വേങ്ങാട്ട്, സെക്രട്ടറി എസ്.വി അര്‍ശുല്‍ അഹ്മദ്, റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി എം. മൊയ്തീന്‍ കോയ എന്നിവര്‍ പങ്കെടുക്കും. ജില്ലാകമ്മിറ്റി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നതെന്ന് ഭാരവാഹികള്‍ വിശദ്ദീകരിച്ചു.

ജില്ലാ നിവാസികളായ 100 വൃക്ക, അര്‍ബുദ രോഗികള്‍ക്ക് 1000 രൂപ വീതം പ്രതിമാസം ധനസഹായം നല്‍കുന്നു. 2012ല്‍ ആരംഭിച്ച ഈ പദ്ധതി 2016 ആയപ്പോഴേക്കും ഗുണഭോക്താക്കളുടെ പട്ടിക 232 ആയി ഉയര്‍ത്തി. 12 ബൈത്തുറഹ്മ വീടുകള്‍ പ്രഖ്യാപിച്ചതില്‍ 11 എണ്ണത്തിന്‍െറ പണി പൂര്‍ത്തിയാക്കി അര്‍ഹര്‍ക്ക് കൈമാറാന്‍ കഴിഞ്ഞു. ജോലി നഷ്ടപ്പെട്ട് പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയ നിരവധി പേര്‍ക്ക് സൗജന്യ വിമാന ടിക്കറ്റ്, പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ധനസഹായം, നിര്‍ധനര്‍ക്ക് വിവാഹ ധനസഹായം എന്നിവയും നല്‍കി വരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വരള്‍ച്ച നേരിടുന്ന പ്രദേശമായ പാലക്കാട്ടെ ജനങ്ങള്‍ക്ക് ആശ്വാസമായി ഒരു കുടിവെള്ള പദ്ധതിക്ക് രൂപം നല്‍കിയതായും അവര്‍ അറിയിച്ചു. ഈ വര്‍ഷം പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുമെന്നും ചെയര്‍മാന്‍ നാസര്‍ തങ്ങള്‍ പറഞ്ഞു. പ്രസിഡന്‍റ് ഹമീദ് മണ്ണാര്‍ക്കാട്, ജനറല്‍ സെക്രട്ടറി കെ.സി ഹബീബുല്ല പട്ടാമ്പി, സഹ ഭാരവാഹികളായ ടി.എ റഷീദ്, ശുഹൈബ് തങ്ങള്‍ ഒറ്റപ്പാലം, സൈദ് തൃക്കടീരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.