കിഴക്കന്‍ പ്രവിശ്യയില്‍ പരക്കെ മഴ,  ഗതാഗതം മുടങ്ങി

ദമ്മാം: കിഴക്കന്‍ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ മൂന്നാം ദിവസവും  പെയ്ത മഴയില്‍ പലഭാഗങ്ങളിലും  വലിയ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. പ്രധാന റോഡുകളില്‍ ഗതാഗതം മുടങ്ങി. വാഹനാപകടങ്ങളില്‍ നിരവധിപേര്‍ക്ക് നിസാര പരിക്കേറ്റു. ദമ്മാം, അല്‍ഖോബാര്‍, ജുബൈല്‍, അല്‍അഹ്സ തുടങ്ങി മിക്കയിടങ്ങളിലും നല്ല മഴ ലഭിച്ചു. ശൈത്യകാലം വിടവാങ്ങുന്നുവെന്ന രീതിയില്‍ തണുപ്പിന് ശമനം വന്നതിന് പിന്നാലെയാണ് മഴ ലഭിച്ചത്. പ്രധാന റോഡുകളിലെ വെളുക്കെട്ടുകളില്‍ നിന്ന് 205 ഓളം ഗാലന്‍ മില്യണ്‍ വെള്ളമാണ് ദമ്മാം നഗരത്തില്‍ നിന്ന് ആധുനിക സംവിധാനങ്ങളുപയോഗിച്ച് അധികൃതര്‍ നീക്കം ചെയ്തത്. ചിലയിടങ്ങളില്‍ കനത്ത കാറ്റും തണുപ്പും അനുഭവപ്പെടുന്നുണ്ട്. ഇന്ത്യന്‍ സ്കൂളുകളടക്കമുള്ള പ്രവിശ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്  ഇന്നലെ അവധിയായിരുന്നു. ദൂരക്കാഴ്ച്ച കുറവായതിനാല്‍ പലയിടത്തും വാഹനങ്ങള്‍ കൂട്ടിയിടിച്ചും ഡിവൈഡറില്‍ ഇടിച്ചും നിരവധി അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 
ചില ഉള്‍പ്രദേശങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു ഗാതാഗതക്കുരുക്ക് നേരിട്ടു. പല മേഖലകളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കാലാവാസ്ഥ വകുപ്പിന്‍െറ മുന്നറിയിപ്പിനെ തുടര്‍ന്ന് വിവിധ വകുപ്പുകള്‍ സംയുക്തമായി മതിയായ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു. 
ഗതാഗത വകുപ്പ്, പോലീസ്, സിവില്‍ ഡിഫന്‍സ്, റെഡ് ക്രസന്‍റ് തുടങ്ങി വിവിധ വകുപ്പുകള്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തിറങ്ങുന്നത്. ഇതു സംബന്ധിച്ച പരാതികള്‍ 940 ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.