ഇന്ത്യന്‍ തൊഴിലാളികളുടെ തിരിച്ചു  പോക്ക് തുടരുന്നു; മടങ്ങിയത് 2846 പേര്‍

റിയാദ്: തൊഴില്‍ പ്രതിസന്ധി കാരണം ശമ്പളവും ജോലിയുമില്ലാതെ ദുരിതത്തിലായ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ തിരിച്ച് പോക്ക് തുടരുന്നു. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളില്‍ നിന്ന് സൗദി സര്‍ക്കാറിന്‍െറയും ഇന്ത്യന്‍ എംബസിയുടെയും സൗജന്യ ടിക്കറ്റില്‍ ഇതിനകം മടങ്ങിയത് 2846 പേരാണ്. ഇതില്‍ 76 പേര്‍ മലയാളികളാണ്. 1346 തൊഴിലാളികള്‍ റിയാദ്, ദമ്മാം എന്നിവിടങ്ങളില്‍ നിന്നും 1500 പേര്‍ ജിദ്ദയില്‍ നിന്നുമാണ് മടങ്ങിയത്.

ഇനിയും നിരവധി തൊഴിലാളികള്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നവരാണ്. സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ എംബസി അധികൃതര്‍ വിവിധ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് തൊഴിലാളികളുടെ വശദാംശങ്ങള്‍ ശേഖരിക്കുന്നത് ഇപ്പോഴും തുടരുന്നുണ്ട്. എക്സിറ്റ് നടപടികള്‍ പൂര്‍ത്തിയാകുന്ന മുറക്ക് അവരും നാട്ടിലേക്ക് മടങ്ങും. തിങ്കളാഴ്ച റിയാദില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തില്‍ 16 മലയാളികള്‍ മടങ്ങുമെന്ന് ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ വിഭാഗം ഫസ്റ്റ് സെക്രട്ടറി അനില്‍ നൊട്ട്യാല്‍ അറിയിച്ചു.
 യു.പി, ബിഹാര്‍, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ തൊഴിലാളികള്‍ മടങ്ങിയത്. അധികൃതരുടെ ശ്രദ്ധയില്‍പെടാതെ തൊഴില്‍ പ്രതിസന്ധിയുള്ള കമ്പനികള്‍ നിരവധിയുണ്ടെന്നാണ് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നത്. ആയിരക്കണക്കിനാളുകള്‍ ജോലി ചെയ്തിരുന്ന സൗദിയിലെ പ്രമുഖ നിര്‍മാണ കമ്പനികളായ സൗദി ഓജര്‍, ബിന്‍ലാദിന്‍ തുടങ്ങിയവയില്‍ തൊഴില്‍ പ്രതിസന്ധിയുണ്ടാവുകയും മാസങ്ങളായി ശമ്പളം മുടങ്ങുകയും ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

പ്രതിസന്ധി രൂക്ഷമായതോടെ തൊഴിലാളികള്‍ തെരുവിലിറങ്ങുകയും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ വാര്‍ത്തയാവുകയും ചെയ്തു. 
ഇന്ത്യന്‍ പാര്‍ലമെന്‍റിലും വിഷയം ചര്‍ച്ചയായി. ഇന്ത്യ, ഫിലിപ്പീന്‍സ്, പാകിസ്താന്‍, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള തൊഴില്‍ മന്ത്രിമാര്‍ റിയാദിലത്തെി തൊഴില്‍ മന്ത്രിയുമായി ചര്‍ച്ച നടത്തി. തൊഴിലാളികളെ സൗജന്യമായി നാട്ടിലത്തെിക്കാനും ക്യാമ്പുകളില്‍ ഭക്ഷണം വിതരണം ചെയ്യാനും  സല്‍മാന്‍ രാജാവ് നിര്‍ദേശം നല്‍കി. നാട്ടിലേക്ക് മടങ്ങാന്‍ താല്‍പര്യമുള്ള തൊഴിലാളികളെ സൗജന്യമായി സൗദി എയര്‍ലൈന്‍സില്‍ കൊണ്ടുപോകാമെന്നും ആനുകൂല്യങ്ങള്‍ വാങ്ങി എംബസികള്‍ വഴി നാട്ടിലത്തെിക്കാമെന്നും അധികൃതര്‍ ഉറപ്പു നല്‍കിയതോടെയാണ് തൊഴിലാളികളുടെ തിരിച്ചു പോക്ക് തുടങ്ങിയത്. 
ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി.കെ സിങ് രണ്ടു തവണ സൗദിയിലത്തെിയാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. നാട്ടിലേക്ക് മടങ്ങിയാല്‍ എന്തുചെയ്യുമെന്ന ആധിയാണ് മാസങ്ങളായി ശമ്പളം ലഭിക്കാതിരുന്നിട്ടും പിടിച്ചു നില്‍ക്കാന്‍ തൊഴിലാളികളെ പ്രേരിപ്പിച്ചത്. ഒടുവില്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുണ്ടായതോടെയാണ് ആനുകൂല്യങ്ങള്‍ എന്നെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയോടെ ഇവര്‍ മടങ്ങിപ്പോകുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.