മനുഷ്യ ജീവന്‍ അപായപ്പെടുത്തുന്നത് ഹീന കൃത്യം –ഹറം ഇമാം 

അറഫ: ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ന്യായീകരണമില്ളെന്നും മനുഷ്യ ജീവന്‍ വിലപ്പെട്ടതാണെന്നും അത് അപായപ്പെടുത്തുന്നത് ഹീന കൃത്യമാണെന്നും ഇരു ഹറം കാര്യാലയ മേധാവിയും മസ്ജിദുല്‍ ഹറാം ഇമാമുമായ ഡോ. അബ്ദുറഹ്മാന്‍ അസ്സുദൈസ്. അറഫ സംഗമത്തില്‍ ലക്ഷക്കണക്കിന് വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

യുവാക്കള്‍ ഭാവിയുടെ വാഗ്ദാനങ്ങളാണ്. ലോകത്തും ഇസ്ലാമിക സമൂഹത്തിനും നാശം വിതക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍നിന്ന് അവര്‍ വിട്ടുനില്‍ക്കണം. ഭൂമിയില്‍ നാശം വിതക്കുന്നതും നിരപരാധികളായ മനുഷ്യ ജവന്‍ ഹനിക്കുന്നതും സത്യ വിശ്വാസികള്‍ക്ക് ഭൂഷണമല്ല. വഴിപിഴച്ച ചിന്തകളില്‍നിന്നാണ് ഇത്തരം പ്രവൃത്തികള്‍ ഉണ്ടാകുന്നത്. യുവ സമൂഹം ഇത്തരം മാര്‍ഗ ഭ്രംശങ്ങളെ തിരിച്ചറിയണം. യുവതയെ നേര്‍ മാര്‍ഗത്തില്‍ പിടിച്ചുനിര്‍ത്തുന്നതില്‍ രക്ഷിതാക്കള്‍ക്ക് വലിയ പങ്കുണ്ട്. ഏക ദൈവ വിശ്വാസവും പ്രവാചക മാതൃകയും മുറുകെ പിടിക്കുക. മനുഷ്യാവകാശത്തിന് ഇസ്ലാം വലിയ പ്രാധാന്യമാണ് കല്‍പ്പിക്കുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ഇസ്ലാം ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങള്‍ സമന്മാരാണ്. അവരുടെ അവകാശങ്ങളും. മുസ്ലിം സമൂഹം ഗുരുതരമായ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ഫലസ്തീന്‍, മസ്ജിദുല്‍ അഖ്സ, സിറിയ, ഇറാഖ്, യമന്‍ തുടങ്ങിയ പ്രശ്നങ്ങളുട പരിഹാരം അനിവാര്യമാണ്. ലോക മുസ്ലിം ഐക്യം സുപ്രധാനമാണ്. ഇസ്ലാമിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്തന്നെ മുസ്ലിം രാഷ്ട്ര നേതാക്കള്‍ ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കണം. ഇസ്ലാമിക പണ്ഡിതന്‍മാരും പരിഷ്ക്കര്‍ത്താക്കളും ഉത്തരവാദിത്തം നിര്‍വ്വഹിക്കണം.

മാധ്യമ പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകളും ഇസ്ലാമിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം. കാര്യങ്ങള്‍ സത്യസന്ധമായി അവതരിപ്പിക്കണം. കുപ്രചാരണങ്ങളില്‍നിന്നും കൃത്യതയില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍നിന്നും മാധ്യമ സമൂഹം വിട്ടുനില്‍ക്കണം. തീര്‍ഥാടകര്‍ പുണ്യനഗരികളുടെ പവിത്രത കാത്തുസൂക്ഷിക്കണം. രാജ്യസുരക്ഷ തകര്‍ക്കാന്‍ കാരണമാകുന്ന എല്ലാവിധ പ്രവര്‍ത്തനങ്ങളില്‍നിന്നും വിട്ടുനില്‍ക്കുക. ഇരു ഹറമുകളുടെയും ഹാജിമാരുടെയും സുരക്ഷ അതീവ പ്രാധാന്യമുള്ളതാണ്. രാഷ്ട്രീയ മുദ്രാവാക്യങ്ങളും വിദ്വേഷ പ്രചാരണങ്ങളുമായി അതിന് ഭംഗം വരുത്താന്‍ അനുവദിക്കുകയില്ല. ഹാജിമാര്‍ക്ക് എല്ലാ വിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അതിന് അല്ലാഹുവിനോട് നന്ദി കാണിക്കുക. മക്ക മേഖല ഗവര്‍ണറും ഹജ്ജ് കേന്ദ്ര കമ്മിറ്റി അധ്യക്ഷനും രാജാവിന്‍െറ ഉപദേഷ്ടാവുമായ അമീര്‍ ഖാലിദ് അല്‍ഫൈസല്‍, ഗ്രാന്‍റ് മുഫ്തി അബ്ദുല്‍ അസീസ് ആലുശൈഖ് തുടങ്ങിയ പ്രമുഖരും അറഫയിലെ നമിറ പള്ളിയില്‍ എത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.