ഭക്തിയുടെ നിറവില്‍ ഹാജിമാര്‍ അറഫയില്‍

ഇടതടവില്ലാതുയര്‍ന്ന ലബ്ബൈക്ക വിളികളിലും പ്രാര്‍ഥനാമന്ത്രങ്ങളിലും മുഖരിതമായ തമ്പുകളുടെ നഗരി വിട്ട് തീര്‍ഥാടകലക്ഷങ്ങള്‍ ഞായറാഴ്ച അറഫ മൈതാനിയില്‍ ഒത്തുചേരും. ഹജ്ജിന്‍െറ സുപ്രധാനചടങ്ങായ അറഫാസംഗമമാണിന്ന്. ശനിയാഴ്ച ‘യൗമുത്തര്‍വിയ’ എന്ന മുന്നൊരുക്കനാളില്‍ മിനായിലെ തമ്പുകളില്‍ കഴിഞ്ഞ ഹാജിമാര്‍ തിരക്കു മുന്‍കൂട്ടിക്കണ്ട് അര്‍ധരാത്രി മുതല്‍ അറഫയിലേക്ക് തിരിച്ചുതുടങ്ങിയിരുന്നു. ഞായറാഴ്ച പുലര്‍ന്നതോടെ മിനാ തമ്പുനഗരിയിലെ റോഡുകളെല്ലാം അറഫയിലേക്ക് ഒഴുകുകയാണ്. നേരത്തേ മൈതാനിയിലത്തെിയവര്‍ അറഫാപ്രഭാഷണം നടക്കുന്ന മസ്ജിദുന്നമിറക്കു സമീപം ഇരിപ്പും കിടപ്പുമുറപ്പിച്ചു. കടുത്ത ചൂടില്‍നിന്ന് രക്ഷനേടാനായി പലരും ഇന്‍സ്റ്റന്‍റ് തമ്പുകള്‍ കൂടെ കരുതി. ഞായറാഴ്ച ഉച്ചക്ക് മധ്യാഹ്നപ്രാര്‍ഥനയുടെ സമയത്ത് പ്രവാചകന്‍ മുഹമ്മദ് നബിയുടെ മാതൃക പിന്തുടര്‍ന്ന് സൗദി ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ് അറഫയിലെ ഹജ്ജ്പ്രഭാഷണം നിര്‍വഹിക്കും. ളുഹ്ര്‍, അസ്ര്‍ നമസ്കാരങ്ങള്‍ ഒന്നിച്ച് നിര്‍വഹിക്കുന്ന തീര്‍ഥാടകര്‍ സൂര്യാസ്തമയത്തോടെ മുസ്ദലിഫയെന്ന തുറന്ന നഗരിയില്‍ രാപാര്‍ക്കാന്‍ പുറപ്പെടും. അവിടെനിന്ന് പ്രഭാതത്തിനു മുമ്പായി മിനായിലേക്ക് മടങ്ങും.

തുടര്‍ന്ന് ജംറകളിലെ കല്ളേറ് അടക്കമുള്ള ചടങ്ങുകള്‍ക്കായി മൂന്നുനാള്‍കൂടി മിനായില്‍ കഴിയും. ദുല്‍ഹജ്ജ് എട്ടാം നാള്‍ ശനിയാഴ്ച പുലര്‍ച്ചയോടെതന്നെ ഹറമിന് ചുറ്റിലുമുള്ള താമസ കേന്ദ്രങ്ങളില്‍ ഹജ്ജിന്‍െറ നാളുകള്‍ക്കായി കാത്തിരുന്ന തീര്‍ഥാടകര്‍ മിനായിലേക്ക് നടന്നു തുടങ്ങിയിരുന്നു. ഏകദേശം എട്ടു കി. മീറ്റര്‍ നീളുന്ന നടത്തം. 15 ലക്ഷത്തോളം തീര്‍ഥാടകരാണ് വിദേശ രാജ്യങ്ങളില്‍നിന്ന് എത്തിയിരിക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെതന്നെ വെള്ളയുടുത്ത പുരുഷന്മാരും കറുപ്പു ചുറ്റിയ സ്ത്രീകളും മിനായിലേക്കുള്ള വഴികളില്‍ നിറഞ്ഞിരുന്നു. മക്കയിലെ വിവിധ കവാടങ്ങളിലുള്ള 13 ചെക് പോയന്‍റുകളില്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍നിന്നത്തെിയ തീര്‍ഥാടകരുടെ വാഹനങ്ങള്‍ കെട്ടിക്കിടന്നതോടെ റോഡുകളില്‍ ശ്വാസം മുട്ടി.

ഇന്ത്യന്‍ ഹജ്ജ് മിഷനു കീഴില്‍ എത്തിയ 99,904 തീര്‍ഥാടകര്‍ വെള്ളിയാഴ്ച രാത്രിതന്നെ പുറപ്പെട്ടിരുന്നു. സ്വകാര്യ ഗ്രൂപ്പുകള്‍ക്കു കീഴിലത്തെിയ 36,000 തീര്‍ഥാടകരും ഇവരോടൊപ്പം ചേര്‍ന്നു. ശനിയാഴ്ച ഉച്ചയോടെ ഇന്ത്യന്‍ ഹാജിമാര്‍ എല്ലാവരും കൂടാരമണഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.