ജുമുഅയുടെ നിറവില്‍ 15 ലക്ഷം തീര്‍ഥാടകര്‍

ജിദ്ദ: ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി മിനായിലേക്ക് തിരിക്കാനിരിക്കെ ഹറമില്‍ ജുമുഅ നമസ്കരിക്കാന്‍ ലഭിച്ച സുവര്‍ണാവസരം ഉപയോഗപ്പെടുത്താനത്തെിയത് 15 ലക്ഷം തീര്‍ഥാടകര്‍. അതിരാവിലെ തന്നെ തീര്‍ഥാടകര്‍ ഹറമിലേക്ക് നടത്തം തുടങ്ങിയിരുന്നു. ഹറമിലെ എല്ലാ നിലകളും വികസനം പൂര്‍ത്തിയായ ഭാഗങ്ങളും സഫ മര്‍വ ഏരിയകളുമെല്ലാം തീര്‍ഥാടകര്‍ ഉപയോഗപ്പെടുത്തി. സുബ്ഹ് നമസ്കാരത്തിന് ശേഷം ജുമുഅയുടെ സമയംവരെ ഹറമില്‍തന്നെ കഴിച്ചുകൂട്ടിയ തീര്‍ഥാടകരും ഏറെയായിരുന്നു. ഹറമിന്‍െറ അകവും പുറവും നിറഞ്ഞു കവിഞ്ഞതോടെ തൊട്ടടുത്തുള്ള ഹോട്ടല്‍ സമുഛയങ്ങളും പാതയോരങ്ങളും തീര്‍ഥാടകര്‍ കീഴടക്കി. ഗതാഗതക്കുരുക്കില്‍പ്പെട്ടതുകാരണം ജുമുഅ നമസ്കാരത്തിന് ഹറമിലത്തൊന്‍ കഴിയാത്ത നിരവധി ഹാജിമാര്‍ അടുത്തുള്ള പള്ളികളിലാണ് നമസ്കാരത്തില്‍ പങ്കെടുത്തത്. ഹജ്ജ് അവസാനിച്ച ഉടനെ യാത്ര തിരിക്കേണ്ട ഹാജിമാര്‍ക്ക് ഇത് മക്കയിലെ ഈ വര്‍ഷത്തെ അവസാന ജുമുഅ കൂടിയായിരുന്നു. ഹാജിമാരുടെ സേവനത്തിനായി പ്രത്യേകം പരിശീലനം ലഭിച്ച സൗദി സ്ക്കൗട്ട് വളണ്ടിയര്‍മാരും ഹറമിനകത്തും പുറത്തും സജ്ജമായിന്നു. ഹറമിലൊരുക്കിയ ആധുനകി സാങ്കേതിക സൗകര്യങ്ങള്‍ കാരണം കടുത്ത ചൂട് ഹറമിനകത്തും പുറത്തും തീര്‍ഥാടകര്‍ക്ക് പ്രശ്നമായില്ല. ഡോ. ഫൈസല്‍ ഖസാവിയാണ് ഹറമില്‍ ജുമുഅക്കും ഖുതുബക്കും നേതൃത്വം നല്‍കിയത്. ഹജ്ജ് വേളകളില്‍ ഏകനായ അല്ലാഹുവുമായി ഗാഢബന്ധം സ്ഥാപിക്കുക എന്നാതാണ് പ്രധാനം. തൗഹീദിന് നിരക്കാത്ത എല്ലാ വിഷയങ്ങളില്‍നിന്നും വിട്ടുനില്‍ക്കണമെന്നും ഹറം ഇമാം പറഞ്ഞു. ശാന്തിയും സമാധാനവും ഇസ്ലാമിന്‍െറ സുപ്രധാന ലക്ഷ്യവും മുഖ്യ താല്‍പര്യവുമാണ്. രാജ്യത്ത് ശാന്തിയും സമാധാനവും നിലനില്‍ക്കുന്നതുകൊണ്ടാണ് സുരക്ഷിതമായി ഹജ്ജ് കര്‍മ്മങ്ങളില്‍ മുഴുകാന്‍ കഴിയുന്നത്. സമാധാനത്തിന്‍െറ പാത എല്ലാവരും കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹജ്ജ് വേളകളിലും മറ്റും അശാന്തിവിതക്കാന്‍ കാരണമാകുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കുന്നത് ഏറ്റവും വലിയ കുറ്റമാണ്. സമാധാനം ഇല്ലാതാക്കാനുള്ള ശ്രമം തീര്‍ഥാടകരോട് കാണിക്കുന്ന അതിക്രമമാണന്നും അത്തരം ദുശ്ശക്തികളെ കരുതിയിരിക്കണമെന്നും ഹറം ഇമാം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.