മൊബൈല്‍ കടകളില്‍ സൗദിവത്കരണം നടപ്പാക്കി; വ്യാപക പരിശോധന

റിയാദ്: മലയാളികളടക്കം നൂറുകണക്കിന് പ്രവാസികളുടെ ജീവിതമാര്‍ഗം ഇല്ലാതാക്കി മൊബൈല്‍ കടകളില്‍ സൗദിവത്കരണം നടപ്പാക്കി. സൗദി യുവതീയുവാക്കള്‍ക്ക് ജോലി നല്‍കുന്നതിന്‍െറ ഭാഗമായാണ് തീരുമാനം. വെള്ളിയാഴ്ച മുതലാണ് നൂറു ശതമാനം സൗദിവത്കരണം പ്രാബല്യത്തില്‍ വന്നത്. നിയമം നടപ്പായതോടെ വ്യാപകമായ പരിശോധന തുടങ്ങി.

ജൂണ്‍ മുതലാണ് മൊബൈല്‍ വില്‍പന, സര്‍വിസ് എന്നീ മേഖലകളില്‍ സ്വദേശിവത്കരണം ഏര്‍പ്പെടുത്തിയത്. ഓരോ കടകളിലെയും പകുതി ജീവനക്കാര്‍ സ്വദേശികളായിരിക്കണമെന്നായിരുന്നു ആദ്യഘട്ടത്തിലെ നിര്‍ദേശം. സെപ്റ്റംബര്‍ മുതല്‍ മുഴുവന്‍ ജീവനക്കാരും സൗദികളായിരിക്കണമെന്ന് തൊഴില്‍ വകുപ്പ് മുന്നറിയിപ്പ് നല്‍കുകയും തീരുമാനത്തില്‍നിന്ന് പിറകോട്ടില്ളെന്ന് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച മുതല്‍ പരിശോധന ശക്തമാക്കി. റിയാദ്, ജിദ്ദ, ദമ്മാം തുടങ്ങിയ നഗരങ്ങളിലെല്ലാം തൊഴില്‍ വകുപ്പിന്‍െറ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ എത്തുന്നുണ്ട്. തീരുമാനം നടപ്പാക്കാത്ത കടകള്‍ അടപ്പിച്ചു. സൗദി ജീവനക്കാരെ നിയമിക്കാത്ത മലയാളികള്‍ ഉള്‍പ്പെടെ ജോലിചെയ്യുന്ന കടകള്‍ പലതും അടഞ്ഞുകിടക്കുകയാണ്. മൊബൈല്‍ കാര്‍ഡുകളും മറ്റും വില്‍പന നടത്തിയിരുന്ന മലയാളികളില്‍ പലരും സ്വദേശി ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ കടകള്‍ അടച്ചിട്ടിരിക്കുകയാണ്. ചിലര്‍ കടകളുടെ പരിസരത്തുനിന്ന് മൊബൈല്‍ കാര്‍ഡുകളും മറ്റും ആവശ്യക്കാര്‍ക്ക് നല്‍കുന്നുണ്ട്. തൊഴില്‍, ആഭ്യന്തരം, വാണിജ്യം, വാര്‍ത്താവിനിമയം, തദ്ദേശം എന്നീ വകുപ്പുകള്‍ സംയുക്തമായാണ് സൗദി ജീവനക്കാരെ നിയമിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ രംഗത്തുള്ളത്. തീരുമാനത്തില്‍നിന്ന് പിറകോട്ടില്ളെന്ന് തൊഴില്‍മന്ത്രി ഡോ. മുഫര്‍രിജ് ഹഖ്ബാനി ആവര്‍ത്തിച്ചു. മലയാളികള്‍ നടത്തിയിരുന്ന പല സ്ഥാപനങ്ങളും ഇലക്ട്രോണിക്സ്, വാച്ച്, ഫാന്‍സി കടകളാക്കി മാറ്റിയിട്ടുണ്ട്. ഇതിന് സാധിക്കാത്തവര്‍ കടകള്‍ അടച്ച് നാട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിലാണ്.

പ്രമുഖ മൊബൈല്‍ സര്‍വിസിങ് കമ്പനികളില്‍ ജോലി ചെയ്തിരുന്നവരെയെല്ലാം ആഗസ്റ്റ് 31 ഓടെ പിരിച്ചുവിട്ടു. ഒന്നും രണ്ടും ജീവനക്കാരുള്ള ചെറിയ കടകളിലാണ് മലയാളികള്‍ കൂടുതലും ജോലി ചെയ്യുന്നത്. സ്വദേശികള്‍ക്ക് കട നടത്താന്‍ വന്‍ ഓഫറുകളാണ് തൊഴില്‍ വകുപ്പ് നല്‍കിയിരിക്കുന്നത്. ജീവനക്കാരുടെ ശമ്പള ഇനത്തില്‍ 2000 റിയാല്‍ സര്‍ക്കാര്‍ നല്‍കും. രണ്ടു വര്‍ഷം വരെ ഇത് നല്‍കും. സ്വന്തമായി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രണ്ടു ലക്ഷം വരെ വായ്പ നല്‍കാനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യക്തമായ പദ്ധതികളോടെയാണ് തൊഴില്‍ വകുപ്പ് മൊബൈല്‍ കടകളില്‍ സൗദിവത്കരണം നടപ്പാക്കിയിരിക്കുന്നത്.

 

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.