മദീന: ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ഇന്ത്യയില്‍ യോജിച്ച പോരാട്ടം വേണ്ടി വരുമെന്ന് മുസ്ലീം ലീഗ് സംസ്ഥാനപ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എല്ലാ സംഘടനകളും ഇതിന് വേണ്ടി ഒരുമിച്ചിരിക്കാന്‍ സന്നദ്ധമാവുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മദീനയില്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു മുസ്ലീംലീഗ് അധ്യക്ഷന്‍. കേന്ദ്രസര്‍ക്കാര്‍ നീക്കം ദൂരവ്യാപകപ്രത്യാഘാതം സൃഷ്ടിക്കും. ഓരോരുത്തര്‍ക്കും അവരവരുടെ മതപരമായ വിശ്വാസങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ ഭരണഘടന നല്‍കുന്ന അവകാശത്തിന്‍മേലാണ് സര്‍ക്കാര്‍ കൈവെക്കുന്നത്. രാജ്യത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതാണ് ഈ നീക്കം. ഇതിനെതിരെ എല്ലാവരും ചേര്‍ന്ന് വലിയ പ്രക്ഷോഭം വേണ്ടി വരും. പലവിധ വിശ്വാസം സൂക്ഷിക്കുന്നവര്‍ ഒരുമിച്ച് ജീവിക്കുന്നതാണ് രാജ്യത്തിന്‍െറ സൗന്ദര്യം. ഏക സിവില്‍കോഡ് മുസ്ലീംകളെ മാത്രം ബാധിക്കുന്ന പ്രശ്നമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്.
ഭൂരിപക്ഷ വര്‍ഗീയതയെ ഉണര്‍ത്തി മുതലെടുക്കുകയാണ് സംഘ് പരിവാര്‍ ലക്ഷ്യം. ദലിതരും ആദിവാസികളും ക്രൈസ്തവ, ജൈന, ബുദ്ധമതവിഭാഗങ്ങളും ഏകസിവില്‍കോഡിനെതിരായി ഒരുമിച്ച് നീങ്ങണമെന്ന് ഹൈദരലിതങ്ങള്‍ ആവശ്യപ്പെട്ടു. ഈ വിഭാഗങ്ങളുടെയൊക്കെ വിശ്വാസാചാരങ്ങളെ ബാധിക്കുന്നതാണ് ഏകസിവില്‍കോഡ്. ‘ഏകീകൃതസിവില്‍നിയമത്തിനായി പരിശ്രമിക്കാവുന്നതാണ് ’എന്ന ഭരണഘടനയുടെ 44ാം അനുഛേദം പൊക്കിപ്പിടിച്ചാണ് മതസ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിനെതിരെ സര്‍ക്കാര്‍ രംഗത്ത് വരുന്നത്. വിവാഹം ,വിവാഹമോചനം, ദത്തെടുക്കല്‍, സ്വത്തവകാശം എന്നിവ ഒരേ നിയമത്തിന് കീഴില്‍ ആക്കേണ്ടതാണോ തുടങ്ങിയ ചോദ്യാവലിയുമായി ദേശീയനിയമകമീഷന്‍ ജനങ്ങളെ സമീപിക്കുന്നുണ്ട്. ഇത് വെറും കണ്‍കെട്ട് വിദ്യയാണ്. രാജ്യത്ത് ഏകീകൃത സിവില്‍ നിയമമില്ലാത്തതല്ല ഇപ്പോഴത്തെ മുഖ്യപ്രശ്നം. ദാരിദ്ര്യം നിരക്ഷരത, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കേണ്ടത്. മുസ്ലിം വ്യക്തി നിയമത്തെ തള്ളിക്കളഞ്ഞ് മുത്തലാഖിനെ എതിര്‍ത്ത് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ കേന്ദ്രസര്‍ക്കാര്‍ ഭരണഘടനയെയും അതിന്‍െറ ശില്‍പികളെയും അവഹേളിച്ചിരിക്കയാണ്. രാജ്യത്തിന്‍െറ വൈവിധ്യം ഉള്‍കൊണ്ട് തയാറാക്കിയ ഭരണഘടനയുടെ അന്തസത്തയെ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ചിലര്‍ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്ന് ഹൈദരലി തങ്ങള്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ ഇതിനെതിരായി ഒറ്റക്കെട്ടായി മന്നേറ്റം നടത്താന്‍ മുസ്ലീംലീഗ് മുന്‍കൈ എടുക്കുമെന്ന് ഹൈദരലി തങ്ങള്‍ പറഞ്ഞു.
ഹാജിമാരെ സേവിക്കുന്നതില്‍ പ്രവാസി മലയാളി സംഘടനകളുടെ സന്നദ്ധപ്രവര്‍ത്തനം ഏറെ ശ്ളാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. മറ്റേതൊരു സമൂഹത്തിനും മാതൃകയാണ് ഹജ്ജ് വളണ്ടിയര്‍മാരുടെ സേവനം. ഏറ്റവും കുടുതല്‍ ഹജ്ജ് വളണ്ടിയര്‍മാരെ അയക്കാന്‍ കെ.എം.സി.സിക്ക് സാധിച്ചത് അഭിനന്ദനാര്‍ഹമാണെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു.
സൗദി അറേബ്യയില്‍ തൊഴില്‍ പ്രതിസന്ധയിലകപ്പെട്ട ഇന്ത്യക്കാരോട് സൗദി ഭരണകൂടം സ്വീകരിച്ച അനുകൂല നിലപാടിന് അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തി. സൗദി ഓജര്‍ പ്രശ്നത്തില്‍ ഇന്ത്യ ചോദിച്ചതിലധികം സഹായങ്ങളാണ് സൗദി സര്‍ക്കാര്‍ നല്‍കിയത്. പ്രതിസന്ധിയിലായ തൊഴിലാളികള്‍ക്ക് ഭക്ഷണവും സൗജന്യവിമാനടിക്കറ്റും കുടിശ്ശികശമ്പളം കിട്ടുന്നതിന് നിയമസഹായം ലഭ്യമാക്കിയതും അപൂര്‍വനടപടിയാണ്. അതിന് നമ്മള്‍ സൗദി അറേബ്യയോട് കടപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ അടുത്ത ദിവസങ്ങളിലുണ്ടായ സമരങ്ങളിലൂടെ യു.ഡി എഫ് ഉണര്‍ന്നു കഴിഞ്ഞതായി അദ്ദേഹം അഭിപ്രായപ്പെട്ടു. പിണറായി സര്‍ക്കാറിന്‍െറ പ്രവര്‍ത്തനങ്ങള്‍ ശരിയായി വിലയിരുത്താനാവുന്നതേയുള്ളൂ.
മുസ്ലീംലീഗിന് സംസ്ഥാനസര്‍ക്കാറിനോട് മൃദുസമീപനമുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചില്ല. മുസ്ലീം സമുദായത്തിലെ യുവാക്കള്‍ തീവ്രവാദത്തിലേക്ക് പോകുന്നതിന് തടയിടാന്‍ മുസ്ലീം ലീഗ് വിപുലമായ പഠനക്ളാസുകള്‍ സംഘടിപ്പിക്കുമെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു. ഒരാഴ്ച നീളുന്ന മക്ക, മദീന സന്ദര്‍ശനത്തിനാണ് അദ്ദേഹം പത്നിയോടൊപ്പമത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.