???????? ????? ????????? ???????????

മെഡിക്കല്‍ ഇന്‍ഷൂറന്‍സ്  അപേക്ഷാഫോറം ഏകീകരിക്കും

റിയാദ്: സൗദിയിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും നിര്‍ബന്ധമായ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് എടുക്കുന്നതിന് പൂരിപ്പിക്കേണ്ട അപേക്ഷാഫോറം ഏകീകരിക്കാന്‍ കോ ഓപറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് സഭ തീരുമാനിച്ചു. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കപ്പെടുന്നതിനും ആവശ്യമായ വൈദ്യപരിചരണം ലഭിക്കാനും ഏകീകരിച്ച അപേക്ഷാഫോറം അനിവാര്യമാണെന്ന് അധികൃതര്‍ വിശദീകരിച്ചു.
ഇന്‍ഷൂര്‍ ചെയ്യുന്നവരുടെ ആരോഗ്യ വിവരങ്ങള്‍ കൃത്യമായി ഇന്‍ഷൂറന്‍സ് കമ്പനികളെ നേരിട്ട് അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് അപേക്ഷാഫോറം ഏകീകരിക്കുന്നതെന്ന് കോ ഓപറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് സഭ സെക്രട്ടറി ജനറല്‍ മുഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍ഹുസൈന്‍ പറഞ്ഞു. കാലപ്പഴക്കമുള്ള പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ രോഗത്തെക്കുറിച്ച് ഇന്‍ഷൂര്‍ ചെയ്യുന്ന വേളയില്‍ കമ്പനികളെ അറിയിക്കേണ്ടതുണ്ട്. അതുപോലെ അര്‍ബുദം, ട്യൂമര്‍, കിഡ്നി രോഗം, ഹൃദ്രോഗം, കരള്‍ രോഗം എന്നിവയെക്കുറിച്ച് വിവരം നല്‍കേണ്ടതും ഇന്‍ഷൂര്‍ സംഖ്യ കണക്കാക്കുന്നതിന് അനിവാര്യമാണ്. ഇത്തരം വിവരങ്ങള്‍ സത്യസന്ധമായി നല്‍കണമെങ്കില്‍ ഉപഭോക്താവ് നേരിട്ട് ഫോറം പൂരിപ്പിക്കുന്ന രീതി അനിവാര്യമാണ്. പല ഇന്‍ഷൂര്‍ കമ്പനികളും വിവിധ രൂപത്തിലുള്ള ഫോമുകളാണ് ഉപയോഗിക്കുന്നത്. പലപ്പോഴും ജോലിക്കാര്‍ക്ക് വേണ്ടി കമ്പനി അധികൃതരാണ് ഫോമുകള്‍ ഒന്നിച്ച് പൂരിപ്പിക്കുന്നത്. ഈ സന്ദര്‍ഭത്തില്‍ വിവരങ്ങള്‍ കൃത്യമായി നല്‍കാനാവില്ല. അതിനാലാണ് ഉപഭോക്താവ് നേരിട്ട് ഫോറം പൂരിപ്പിക്കണമെന്ന നിബന്ധന അധികൃതര്‍ വെക്കുന്നത്.
ഇന്‍ഷൂറന്‍സ് കവറേജുള്ള ഒരാള്‍ക്ക് വര്‍ഷത്തില്‍ പരമാവധി അഞ്ച് ലക്ഷം റിയാല്‍വരെ വൈദ്യസേവനം ലഭിക്കാന്‍ അവകാശമുണ്ട്. വൈദ്യ പരിശോധന, ചികിത്സ, മരുന്നുകള്‍, ലാബ് പരിശോധനകള്‍, എക്സ്റേ, ഗര്‍ഭം, പ്രസവം, പ്രതിരോധ കുത്തിവെപ്പ്, ആശുപത്രിയിലെ അഡ്മിറ്റ് ചാര്‍ജ്, പല്ലിന്‍െറയും മോണയുടെയും ചികിത്സ എന്നിവ ഇന്‍ഷൂര്‍ കവറേജില്‍ ഉള്‍പ്പെടും. എന്നാല്‍ കൃത്രിമ പല്ല്, സൗന്ദര്യവര്‍ധക ചികിത്സ ചെലവുകള്‍ എന്നിവയാണ്  ഉള്‍പ്പെടാത്തതെന്നും സെക്രട്ടറി ജനറല്‍ വ്യക്തമാക്കി. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.