??????????????? ?????????

കൊച്ചുമുഹമ്മദ്: മലയാളക്കരയിലേക്ക് മടക്കം കൊതിക്കുന്ന പാകിസ്താന്‍ ഹാജി

ജിദ്ദ: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വെടിയൊച്ചകള്‍ മുഴങ്ങുമ്പോള്‍ കറാച്ചിക്കാരനായി ജീവിക്കേണ്ടി വന്ന കൊടുങ്ങല്ലൂര്‍ക്കാരന്‍ കൊച്ചു മുഹമ്മദിന്‍െറ നെഞ്ചില്‍ മലയാളത്തോടുള്ള പ്രിയം പുകഞ്ഞുകത്തുന്നുണ്ട്. 64 വര്‍ഷം മുമ്പ് ജോലി മാത്രം പ്രതീക്ഷിച്ച് അതിര്‍ത്തി കടന്ന് കറാച്ചിയിലേക്ക് പോയപ്പോള്‍ മാതൃരാജ്യത്തേക്ക് തിരിച്ചുവരാന്‍ കഴിയില്ളെന്ന് കരുതിയിരുന്നില്ല. തീര്‍ത്താല്‍ തീരാത്ത കലഹങ്ങളുടെ അതിര്‍ത്തി കടന്ന് സമാധാനത്തിന്‍െറയും സന്തോഷത്തിന്‍െറയും പച്ചപ്പുള്ള മലയാള നാട്ടില്‍വന്ന് താമസിക്കണമെന്ന് പലവുരു മോഹിച്ചിട്ടുണ്ട്്. വിഭജനത്തിന്‍െറ വന്‍കിടങ്ങ് ചാടിക്കടക്കാനാവാത്തവിധം ആഴമേറിവന്നതോടെ കൊച്ചുമുഹമ്മദിന് ജനിച്ച മണ്ണിലേക്കുള്ള വഴി അടഞ്ഞുപോയി. ഇത്തവണ ഹജ്ജ്കര്‍മ്മം നിര്‍വഹിക്കാനത്തെിയതാണ് മലയാളിയായ ഈ പാക് പൗരന്‍.

മദീനയില്‍ ഹാജിമാര്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ സന്നദ്ധപ്രവര്‍ത്തകനായ ഹിദായത്തുല്ല ‘ഗള്‍ഫ്മാധ്യമം’ വിതരണം നടത്തുമ്പോഴാണ് പാക്കിസ്ഥാനി ഹാജിമാരുടെ കൂട്ടത്തില്‍ നിന്ന് ഒരാള്‍ മലയാളപത്രം കണ്ട് കൊതിയോടെ അടുത്ത് കൂടിയത്. 82 വയസ്സ്  പിന്നിട്ടെങ്കിലും ഊര്‍ജ്ജം തുടിക്കുന്ന ശബ്ദത്തില്‍ മലയാളത്തില്‍ പാക്കിസ്്താനിഹാജി ചോദിച്ചു തുടങ്ങി..  ഇതേതാണ് മോനെ പത്രം. ചന്ദ്രിക എന്നൊരു പത്രമുണ്ടായിരുന്നല്ളോ കേരളത്തില്‍... അതിപ്പോഴില്ളേ? മലയാളം പച്ചവെള്ളം പോലെ സംസാരിക്കുന്ന പാക്കിസ്താനി! മലയാള അക്ഷരങ്ങളില്‍ ആര്‍ത്തിയോടെ ആ കണ്ണുകള്‍ മേഞ്ഞു. പിന്നെ നിര്‍ത്താതെ കൊച്ചു മുഹമ്മദ് ആത്മകഥ മൊഴിയാന്‍ തുടങ്ങി. എനിക്കിഷ്ടമാണീ ഭാഷ. 1950 കളില്‍ പഠിച്ച ഉള്ളൂരിന്‍െറയും കുമാരനാശാന്‍െറയും കവിതകള്‍ ഇപ്പോഴും  മനസ്സിലുണ്ട്. അന്ന് സാഹിത്യസമാജം, നാടകവേദി എന്നിവയുടെ സെക്രട്ടറിയായിരുന്നു ഞാന്‍. പാക്കിസ്താനില്‍ ജീവിക്കുമ്പോഴും മലയാള മനോരമ, ചന്ദ്രിക എന്നിവ പോസ്റ്റലായി വരുത്തിച്ച് വായിക്കുമായിരുന്നു.

1952-ല്‍ കേരളം വിട്ടതാണ്. കൊടുങ്ങല്ലൂരില്‍ സാഹിബിന്‍െറ പള്ളിക്കടുത്തെ കൊല്ലിയില്‍ അബ്ദു-തൈവളപ്പില്‍ ഉമ്പാത്തു എന്നിവരുടെ ഏക മകന്‍. പത്താം ക്ളാസ് വരെ പഠിച്ചത് കൊടുങ്ങല്ലൂള്‍ ഗവ. ഹൈസ്കൂളില്‍. ഉപ്പ മരിച്ചതോടെ വല്യുപ്പയുടെ തണലിലായിരുന്നു ജീവിതം. എനിക്ക് 15 വയസ്സായപ്പോഴേക്കും വല്യൂപ്പയും മരിച്ചു. അനാഥത്വം മനസ്സിനെ വല്ലാതെ വേട്ടയാടിയപ്പോള്‍ നാടു വിടാന്‍ തീരുമാനിച്ചു.  ആദ്യം മുംബൈയിലേക്ക് വണ്ടി കയറി. 
അവിടെ  ജോലി അന്വേഷിക്കുന്നതിനിടയില്‍ പാക്കിസ്താനില്‍ കച്ചവടം നടത്തിയിരുന്ന മലയാളിയായ  മുല്ല അബ്ദുറഹ്മാനെ കണ്ടു മുട്ടി.  കറാച്ചിയിലെ ബ്രിട്ടീഷ് കമ്പനിയില്‍ തന്‍െറ അമ്മാവന്‍ ജോലി ചെയ്യുന്ന കാര്യം അദ്ദേഹത്തോട് പറഞ്ഞു. അമ്മാവന്‍െറ അടുത്തത്തെിക്കാമെന്നും ജോലി വാങ്ങിത്തരാമെന്നും പറഞ്ഞപ്പോള്‍ സന്തോഷമായി. പഞ്ചാബ് വഴിയാണ് അന്ന് പാക്കിസ്താനിലേക്ക് പോയത്. തുറന്നു കിടന്ന അതിര്‍ത്തിക്കിപ്പുറത്തുള്ള ഇന്ത്യന്‍ സൈനികര്‍ അന്ന് സ്നേഹത്തോടെ പറഞ്ഞു. അവിടേക്ക് പോവരുത്, ജോലിയൊക്കെ നമുക്ക് ഇവിടെ ശരിയാക്കാം. പക്ഷെ അതൊന്നും ചെവിയില്‍ കയറിയില്ല. അമ്മാവന്‍െറ അടുത്തത്തെിയാല്‍ രക്ഷപ്പെടുമെന്നായിരുന്നു കരുതിയത്.  പ്രതീക്ഷിച്ചപോലെ അമ്മാവന്‍ രക്ഷകനായില്ല. എന്നാല്‍ ദൈവം സഹായിച്ച്  ബ്രിട്ടീഷ് ഓയില്‍ കമ്പനിയായ ‘ബര്‍മഷെലി’ല്‍ ജോലി കിട്ടി. പിന്നെ പെട്ടന്നായിരുന്നു വളര്‍ച്ച.

 വെറും പത്താം ക്ളാസുകാരനായ തനിക്ക് ഇംഗ്ളീഷും ഉറുദുവും നന്നായി വഴങ്ങി. നല്ല പദവിയും ശമ്പളവും. അക്കാലത്ത് ഇടക്കിടെ നാട്ടില്‍ വന്ന് തിരിച്ച് പോന്നു. ഒരിക്കല്‍ നാട്ടില്‍ വന്ന് എടവനക്കാട് സ്വദേശി ആയിഷയെ വിവാഹം ചെയ്തു. പിന്നെ അവരെയും കൂട്ടി പാക്കിസ്താനില്‍ വന്ന് കുടുംബജീവിതം നയിച്ചു. എട്ട് മക്കളായി. മക്കളൊക്കെ നന്നായി പഠിച്ചു. ഉയര്‍ന്ന ഉദ്യോഗം കിട്ടി. അവര്‍ക്കും മക്കളായി. അഞ്ച് വര്‍ഷം മുമ്പ് ഭാര്യ മരിച്ചു. 
എറ്റവുമൊടുവില്‍ 1990 ലാണ് കേരളത്തില്‍ വന്നത്. ഒരുമാസം ഉമ്മയോടൊപ്പം താമസിച്ചു. പിന്നീട് പല തവണ വരാന്‍ ശ്രമിച്ചു. പക്ഷെ വിസ കിട്ടുന്നതിന് തടസ്സം കൂടി വന്നു. അതിനിടയില്‍ ഉമ്മ മരിച്ചു. കാണാന്‍പോവാന്‍ പറ്റിയില്ല. ജനിച്ച നാട്ടില്‍ തന്നെ മരിക്കണമെന്ന് പൂതിയുണ്ട്. മക്കളൊക്കെ പാക്കിസ്താനില്‍ തന്നെ കഴിഞ്ഞോട്ടെ. പക്ഷെ  ഈ മോഹം വെറുതെയാണെന്ന് നിരാശയോടെ കൊച്ചുമുഹമ്മദ് പറയുന്നു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.