മാറ്റത്തിന്‍െറ വരവറിയിച്ച് രാജവിജ്ഞാപനം

ജിദ്ദ: രാജ്യത്തിന്‍െറ വളര്‍ച്ചയും വികസനവും സുസ്ഥിരതയും ലക്ഷ്യമിട്ട് അടുത്തിടെ പ്രഖ്യാപിച്ച വിഷന്‍ 2030ന്‍െറ ചുവടുപിടിച്ച് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പുറപ്പെടുവിച്ച രാജവിജ്ഞാപനത്തോടെ സൗദി ഭരണം പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു.  മന്ത്രിസഭ പുനഃസംഘടിപ്പിച്ചും വിവിധ വകുപ്പുകള്‍ ഇല്ലാതാക്കിയും ചിലത് ലയിപ്പിച്ചും ചിലത് കൂട്ടിച്ചേര്‍ത്തും പുതിയ മന്ത്രിമാരെ നിയോഗിച്ചുമുള്ള വിജ്ഞാപനം രാജ്യത്തിന്‍െറ പുരോഗതിക്കും സ്ഥിരതക്കും വലിയ ചുവടുവെപ്പാകുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്. രണ്ടാഴ്ച മുമ്പാണ് രാജ്യ പുരോഗതിയും ക്ഷേമവും സ്ഥിരതയും ലക്ഷ്യമിട്ട് രണ്ടാംകിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ വിഷന്‍ 2030 പ്രഖ്യാപിച്ചത്. വികസന പാതയിലെ വലിയൊരു ചുവടുവെപ്പായാണ് ജനങ്ങള്‍ അതിനെ സ്വാഗതം ചെയ്തത്. സ്വദേശികളുടെയും വിദേശികളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്‍െറ ഭാഗമായാണ് പദ്ധതി എന്ന് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.
പുതുതായി പ്രഖ്യാപിച്ച രാഷ്ട്രീയ സുരക്ഷ കാര്യങ്ങള്‍ക്കായുള്ള സമിതിയും സാമ്പത്തിക വികസന കാര്യങ്ങള്‍ക്കായുള്ള സമിതിയും നിലവില്‍ വരുന്നതിലൂടെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ശക്തിപെടും. നിരവധി പഠനങ്ങള്‍ക്ക് ശേഷമാണ് പുതിയ രാജവിജ്ഞാപനമെന്ന് പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. അഞ്ച് വകുപ്പുകളുടെ പേരുകളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. തൊഴില്‍ കാര്യാലയവും സാമൂഹിക ക്ഷേമവും ഒരു വകുപ്പാക്കി ലയിപ്പിച്ചു. അഞ്ച് മന്ത്രിമാരെ മാറ്റി പകരം പുതിയ മന്ത്രിമാരെ നിയോഗിച്ചു. ഭരണനടപടികള്‍ എളുപ്പമാക്കുന്നതിന് കൂടുതലാളുകള ഉപദേശകരായി നിയോഗിച്ചു.
സാമ്പത്തിക  പുരോഗതിയുടെ ഭാഗമായി നിക്ഷേപസാധ്യത വര്‍ധിപ്പിക്കുന്നതിനും നടപടികള്‍ എളുപ്പമാക്കുന്നതിനുമാണ് നേരത്തെയുണ്ടായിരുന്ന വാണിജ്യ വ്യവസായ വകുപ്പ് വാണിജ്യ നിക്ഷേപ  മന്ത്രാലയമാക്കിയിരിക്കുന്നത്. ഇത് വാണിജ്യ നിക്ഷേപ മേഖലകളില്‍ പുത്തനുണര്‍വുണ്ടാക്കും. സാമ്പത്തിക വളര്‍ച്ചക്കും നിക്ഷേപത്തിനുമാവശ്യമായ കൂടുതല്‍ നടപടികള്‍ ഉടനെ ഉണ്ടാകുവെന്ന് വിഷന്‍ 2030 പ്രഖ്യാപന വേളയില്‍ രണ്ടാംകിരീടാവകാശി പ്രത്യേകം പറഞ്ഞിരുന്നു. ഹജ്ജ് മന്ത്രാലയത്തിന്‍െറ പേര് ഹജ്ജ-ഉംറ മന്ത്രാലയമാക്കിയതോടെ തീര്‍ഥാടന മേഖലയില്‍ വലിയ പുരോഗതി ഉണ്ടാക്കുവാനും സ്വദേശികളും വിദേശികളുമായ തീര്‍ഥാടകര്‍ക്ക് മികച്ച സേവനങ്ങള്‍ ലഭിക്കാനും വഴിയൊരുങ്ങും.
അടുത്തിടെ പ്രഖ്യാപിച്ച ‘ഉംറക്ക് ശേഷം ടൂര്‍’ എന്ന പദ്ധതിയും ഇതിലൂടെ വിപുലമാക്കാനാകും. 2030ഓടെ ഹജ്ജ്-ഉംറ തീര്‍ഥാടകരുടെ എണ്ണം 30 ദശലക്ഷമത്തെിക്കുമെന്നും വിഷന്‍ 2030 പ്രഖ്യാപനത്തിലുണ്ട്. സമൂലമായ മാറ്റമുണ്ടാക്കാനുതകുന്നതാണ് പുതിയ രാജവിജ്ഞാപനമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.