കീര്‍ത്തനയുടെ അപകടമരണം; വിശ്വസിക്കാനാകാതെ പ്രവാസി സമൂഹം

ദമ്മാം: ദമ്മാമിലെ കലാരംഗത്തെ തിളങ്ങുന്ന സാന്നിധ്യമായിരുന്ന കീര്‍ത്തനയുടെ അപകടമരണത്തില്‍ സ്തബ്ധരായി സുഹൃത്തുക്കളും സഹപാഠികളും. വര്‍ഷങ്ങളോളം കിഴക്കന്‍ മേഖലയിലെ വേദികളെ ഊര്‍ജസ്വലതയും കല മികവും കൊണ്ട് ധന്യമാക്കിയ കീര്‍ത്തന ശനിയാഴ്ച വൈകിട്ട് കണ്ണൂര്‍ മുഴുപ്പിലങ്ങാട് ഓവര്‍ബ്രിഡ്ജിലുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. സഹോദരന്‍ മൃദുലുമൊത്ത് കീര്‍ത്തന സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഗുരുവായൂരില്‍ നിന്ന് കണ്ണൂരേക്ക് വന്ന സ്വകാര്യബസ് ഇടിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. തലശേരി കതിരൂര്‍ ചന്ത്രോത്ത് വീട്ടില്‍ ശശിധരന്‍-പ്രജിന ദമ്പതികളുടെ മകളാണ് കീര്‍ത്തന. വര്‍ഷങ്ങളായി ദമ്മാമില്‍ കുടുംബസമേതം താമസിക്കുകയാണ് ഇവിടെ ഇലക്ട്രിക്കല്‍ ഷോപ്പ് നടത്തുന്ന ശശിധരന്‍. കീര്‍ത്തനയും രണ്ടുവര്‍ഷം മുമ്പ് വരെ ദമ്മാമില്‍ തന്നെയാണ് പഠിച്ചിരുന്നത്. ഇന്ത്യന്‍ സ്കൂളില്‍ നിന്ന് 2014 ല്‍ പ്ളസ്ടു പാസായ ശേഷം ഉപരിപഠനത്തിനായാണ് നാട്ടിലേക്ക് പോയത്. ഇപ്പോള്‍ കണ്ണൂര്‍ ചിന്‍മയ കോളജില്‍ ബി.ബി.എ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. രണ്ടാഴ്ച മുമ്പാണ് ദമ്മാമില്‍ വന്നുമടങ്ങിയത്. ദമ്മാമിലായിരുന്നപ്പോള്‍ ഇവിടെ നടക്കുന്ന എല്ലാ കലാപരിപാടികളിലെയും പ്രധാന സാന്നിധ്യമായിരുന്നു കീര്‍ത്തന. ഗായികയായും ടി.വി അവതാരകയായും പ്രശസ്തയായിരുന്നു. ജീവന്‍ ടി.വിയില്‍ സംപ്രേഷണം ചെയ്യുന്ന ‘അറേബ്യന്‍ ജാലകം’ എന്ന പരിപാടി നാലുവര്‍ഷത്തിലേറെ അവതരിപ്പിച്ചത് കീര്‍ത്തനയായിരുന്നു. പ്രായത്തില്‍ കവിഞ്ഞ പക്വതയും പെരുമാറ്റ മര്യാദയും കൊണ്ട് പരിചയപ്പെടുന്നവര്‍ക്കാര്‍ക്കും മറക്കാനാകാത്ത വ്യക്തിത്വമായിരുന്നുവെന്ന് ‘അറേബ്യന്‍ ജാലക’ത്തിന്‍െറ സംവിധായകന്‍ മോജിത് മോഹന്‍ ഓര്‍ക്കുന്നു.
നാട്ടിലേക്ക് മടങ്ങിയ ശേഷവും ഇടക്കിടെ ദമ്മാമില്‍ എത്തുമായിരുന്നു. അപ്പോഴൊക്കെ ഏതെങ്കിലുമൊക്കെ വേദികളില്‍ സാന്നിധ്യമറിയിച്ച ശേഷമേ മടങ്ങുമായിരുന്നുള്ളു. രണ്ടാഴ്ച മുമ്പ് അനുഗ്രഹ നൃത്ത വിദ്യാലയത്തിന്‍െറ അരങ്ങേറ്റ ചടങ്ങില്‍ ചലച്ചിത്ര താരം വിനീതുമൊത്താണ് പങ്കെടുത്തത്. കീര്‍ത്തന പങ്കെടുത്ത അവസാനത്തെ പരിപാടിയും ക്രിസ്റ്റല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഈ അരങ്ങേറ്റ ചടങ്ങായിരുന്നു. ഇതിനുശേഷം നാട്ടിലേക്ക് മടങ്ങി. സഹോദരങ്ങളായ ശ്രേയന, ശ്രേനക് എന്നിവരും ദമ്മാമിലുണ്ട്. ഇന്ത്യന്‍ സ്കൂളിലെ ഒമ്പത്, ആറ് ക്ളാസ് വിദ്യാര്‍ഥികളാണ് ഇരുവരും.
അപകട വിവരം അറിഞ്ഞ് ശശിധരനും കുടുംബവും ശനിയാഴ്ച രാത്രിയോടെ നാട്ടിലേക്ക് മടങ്ങി. ഇന്നലെ വൈകുന്നേരമാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.