സൗദിവത്കരണം:  609 മൊബൈല്‍ കടകള്‍ അടപ്പിച്ചു 

റിയാദ്: സൗദിവത്കരണത്തില്‍ വീഴ്ച വരുത്തിയ 609 മൊബൈല്‍ കടകള്‍ അടപ്പിച്ചതായി തൊഴില്‍ വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു. റമദാന്‍ ഒന്നു മുതല്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിയത്. മൊത്തം ജീവനക്കാരില്‍ 50 ശതമാനം സൗദികളെ നിയമിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. മൊബൈല്‍ ഫോണ്‍ വില്‍പന, അറ്റകുറ്റപ്പണി എന്നീ മേഖലകളില്‍ പകുതി ജീവനക്കാരും സൗദികളായിരിക്കണമെന്ന ഉത്തരവ് പ്രാബല്യത്തില്‍ വന്നതിന് ശേഷം വ്യാപകമായ പരിശോധനയാണ് തൊഴില്‍ വകുപ്പിന്‍െറ നേതൃത്വത്തില്‍ നടക്കുന്നത്. പ്രധാന നഗരങ്ങളിലെ മൊബൈല്‍ വിപണികളില്‍ പലതും അടഞ്ഞു കിടക്കുകയാണ്. സെപ്റ്റംബര്‍ ഒന്നു മുതല്‍ മുഴുവന്‍ ജീവനക്കാരും സൗദികളാവണമെന്ന തീരുമാനം കൂടി നടപ്പാകുന്നതോടെ മലയാളികളുള്‍പ്പെടെ ആയിരക്കണക്കിന് വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് ഉറപ്പാണ്. 13 ദിവസമായി നടക്കുന്ന പരിശോധനയില്‍ മൊത്തം 5226 മൊബൈല്‍ കടകളാണ് അധികൃതര്‍ പരിശോധിച്ചത്. ഇതില്‍ 1471 കടകളില്‍ വിവിധ രീതിയിലുള്ള നിയമ ലംഘനങ്ങള്‍ കണ്ടത്തെി. ഏറ്റവും കൂടുതല്‍ ക്രമക്കേടുകള്‍ കണ്ടത്തെിയത് കിഴക്കന്‍ പ്രവിശ്യയിലാണ്. ദമ്മാം, ഖോബാര്‍, ഖഫ്ജി, ഖതീഫ്, ഹഫറുല്‍ ബാതിന്‍, ഹുഫൂഫ് എന്നീ നഗരങ്ങള്‍ അടങ്ങുന്ന മേഖലയില്‍ 465 സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. 
റിയാദില്‍ 338 കടകളില്‍ ക്രമക്കേട് കണ്ടത്തെി. കിഴക്കന്‍ പ്രവിശ്യ 1549, റിയാദ് 1188, ഖസീം 793, മദീന 636, മക്ക 562, അസീര്‍ 561 എന്നിങ്ങനെയാണ് പരിശോധന നടത്തിയ സ്ഥാപനങ്ങളുടെ എണ്ണം.
 സൗദികളെ നിയമിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ വിട്ടു വീഴ്ചയുണ്ടാവില്ളെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി. ഉദ്യോഗസ്ഥരെ ഭയന്ന് കടകളടച്ച് രക്ഷപ്പെടുന്നവരുടെ സ്ഥാപനങ്ങള്‍ അധികൃതര്‍ സീല്‍ ചെയ്യുന്നുണ്ട്. 
നിയമം നടപ്പാക്കാത്ത കടകള്‍ കണ്ടത്തെിയാല്‍ അധികൃതരെ അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനായി മാത്രം www.rasd.ma3an.gov.sa എന്ന വെബ്സൈറ്റ് തുടങ്ങിയിട്ടുണ്ട്. 19911 എന്ന ടോള്‍ ഫ്രീ നമ്പറിലും വിവരം അറിയിക്കാം.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.