ഉംറ തീര്‍ഥാടകരുടെ  തിരിച്ചുപോക്ക് തുടങ്ങി

ജിദ്ദ: റമദാനിലെ അവസാന വെള്ളിയാഴ്ചയും 27ാംരാവും കഴിഞ്ഞതോടെ ഉംറ തീര്‍ഥാടകര്‍ മക്കയില്‍ നിന്ന് വിടവാങ്ങി തുടങ്ങി. റമദാനിലെ പുണ്യദിനരാത്രങ്ങള്‍ ഹറമില്‍ കഴിച്ചുകൂട്ടിയ ആത്മ നിര്‍വൃതിയുമായി ശനിയാഴ്ച പുലര്‍ച്ച മുതല്‍ തീര്‍ഥാടകര്‍ മടക്കയാത്ര തുടങ്ങിയിട്ടുണ്ട്. ഞായറാഴ്ച ഖത്മുല്‍ ഖുര്‍ആനില്‍ കൂടി പങ്കെടുത്തു മക്കയോട് വിടപറയാന്‍ കാത്തിരിക്കുന്നവരുമുണ്ട്. 
ഇതോടെ മക്കയിലെ തിരക്കിന് അല്‍പം ആശ്വാസമാകും. അവശേഷിക്കുന്നവര്‍ ഹറമിലെ പെരുന്നാള്‍ നമസ്കാരത്തില്‍ കൂടി പങ്കെടുത്ത ശേഷമേ യാത്ര തിരിക്കൂ. ആഭ്യന്തര തീര്‍ഥാടകരുടെ തിരിച്ചുപോക്ക് തുടങ്ങിയതോടെ പ്രധാന ഹൈവേകളിലെല്ലാം നല്ലതിരക്കാണ്. ഹൈവേകളില്‍ നിരീക്ഷണത്തിന് കൂടുതലാളുകളെ റോഡ് സുരക്ഷ വിഭാഗം നിയോഗിച്ചിട്ടുണ്ട്. വിദേശികളായ തീര്‍ഥാടകരും നിശ്ചിത ഷെഡ്യൂളനുസരിച്ച് സ്വദേശങ്ങളിലേക്ക് മടങ്ങികൊണ്ടിരിക്കുകയാണ്. 
അവസാനമത്തെിയവര്‍ പെരുന്നാള്‍ കഴിഞ്ഞേ യാത്രതിരിക്കൂ. വേനലവധിയും പെരുന്നാളും ഉംറ സീസണും ഒരുമിച്ചുവന്നതോടെ രാജ്യത്തെ കര കടല്‍ വ്യോമ പ്രവേശന കവാടങ്ങളിലും തിരക്കേറിയിട്ടുണ്ട്. ജിദ്ദ വിമാനത്താളവത്തിലെ നോര്‍ത്ത് ടെര്‍മിനലില്‍ രണ്ട് ദിവസമായി നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഉംറ തീര്‍ഥാടകരുടെ വര്‍ധിച്ച തിരിച്ചുപോക്ക് കണക്കിലെടുത്തു ഹജ്ജ് ടെര്‍മിനലില്‍ കൂടുതല്‍ കൗണ്ടറുകള്‍ ഒരുക്കുകയും ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷം 63,93,464 വിസകള്‍ നല്‍കി. അവസാന പത്തില്‍ മക്കയിലും മദീനയിലും ഏകദേശം ഏഴ് ലക്ഷം വിദേശ ഉംറ തീര്‍ഥാടകരുണ്ടെന്നാണ് കണക്ക്. 
ശവ്വാല്‍ പകുതിയോടെ ഇത്രയും തീര്‍ഥാടകര്‍ മടക്ക യാത്ര പൂര്‍ത്തിയാകുന്നതോടെ ഈ വര്‍ഷത്തെ ഉംറ സീസണ് പരിസമാപ്തി കുറിക്കും. മദീന വിമാനത്താവളം, ജിദ്ദ ഇസ്ലാമിക് തുറമുഖം, യാമ്പൂ തുറമുഖം, അതിര്‍ത്തി പ്രവേശന കവാടങ്ങള്‍ എന്നിവിടങ്ങളിലെല്ലാം മടങ്ങിപോകുന്ന തീര്‍ഥാടകരുടെ യാത്ര നടപടികള്‍ എളുപ്പമാക്കാനാവശ്യമായ നടപടികള്‍ അതതു ഗവര്‍ണറേറ്റുകള്‍ സ്വീകരിച്ചിട്ടുണ്ട്.


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.