കരിപ്പൂരില്‍ ലഗേജ് മോഷണം;  യൂസേഴ്സ് ഫോറം പരാതി നല്‍കി

ദമ്മാം: ഗള്‍ഫ് മേഖലയില്‍ നിന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്നവരുടെ ലഗേജുകളില്‍ നിന്നും സാധനങ്ങള്‍ നഷ്ടപ്പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ദമ്മാം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് എയര്‍പോര്‍ട്ട് യൂസേഴ്സ് ഫോറം അധികൃതര്‍ക്ക് പരാതി നല്‍കി. കഴിഞ്ഞ ദിവസം ദമ്മാമില്‍ നിന്ന് കരിപ്പൂരില്‍ കുടുംബത്തോടൊപ്പം വന്നിറങ്ങിയ സാമൂഹിക പ്രവര്‍ത്തകന്‍ റഫീഖ് കൂട്ടിലങ്ങാടിയുടെ മൂന്നു വാച്ചുകള്‍ നഷ്ടമായിരുന്നു. വീട്ടിലത്തെി പെട്ടി തുറന്നപ്പോഴാണ് സാധനം നഷ്ടപ്പെട്ട വിവരമറിയുന്നത്. ഈ വിഷയം കാലിക്കറ്റ് യൂസേഴ്സ് ഫോറം ജനറല്‍ കണ്‍വീനര്‍ ടി.പി.എം. ഫസല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മാനേജര്‍ വല്‍സന്‍െറ ശ്രദ്ധയില്‍പ്പെടുത്തുകയും അദ്ദേഹത്തിന്‍െറ നിര്‍ദേശപ്രകാരം റഫീഖ് കരിപ്പൂര്‍ പോലിസ് സ്റ്റേഷനില്‍ പരാതിയും നല്‍കി. സി.സി.ടി.വി സംവിധാനമടക്കം ഉപയോഗപ്പെടുത്തി ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. കോഴിക്കോട് വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന പ്രവാസികളെ ഇത്തരത്തില്‍ ചൂഷണം ചെയ്യുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ടി.പി.എം. ഫസല്‍ പറഞ്ഞു. പോലിസ് അധികൃതരില്‍ നിന്നും നല്ല പ്രതീകരണമാണ് ലഭിച്ചതെന്നും സി.സി.ടി.വിയടക്കമുള്ള സവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി കൂടുതല്‍ കാര്യക്ഷമമായ ജാഗ്രത ഈ കാര്യത്തില്‍ ഉണ്ടാക്കുമെന്ന് ഉറപ്പ് നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. പരാതിയുടെ കോപ്പി എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്കും ടെര്‍മിനല്‍ മാനേജര്‍ക്കും നല്‍കിയിട്ടുണ്ട്. 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.