ജീസാന്‍ ആശുപത്രി ദുരന്തത്തില്‍ ദുരൂഹതയില്ല -ആരോഗ്യമന്ത്രി

ജീസാന്‍: ജീസാന്‍ ജനറല്‍ ആശുപത്രിയിലുണ്ടായ അഗ്നിബാധയില്‍ ദുരൂഹതയില്ളെന്ന് ആരോഗ്യ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ്. ആശുപത്രിയുടെ സുരക്ഷ സംവിധാനങ്ങളിലുള്ള തകരാര്‍ അഗ്നിബാധയുടെ കാരണങ്ങളില്‍പ്പെടും. 
ജീസാന്‍ മേഖല ആരോഗ്യകാര്യാലയ ഉദ്യോഗസ്ഥരുടെ അലംഭാവം റിപ്പോര്‍ട്ടില്‍ വ്യക്തമായതിനാല്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകും. ആരോഗ്യകാര്യ ഡയറക്ടറെ മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മറ്റ് ഉത്തരവാദപ്പെട്ടവരെയും മാറ്റും. അഗ്നിബാധയുണ്ടായ സമയത്ത് ആളുകളെ മാറ്റുന്നതില്‍ ആശുപത്രി ജീവനക്കാരില്‍ അധികം പേരും രംഗത്തുണ്ടായിരുന്നു. ചില ജോലിക്കാരുടെ ഭാഗത്ത് ഉത്തരവാദിത്ത നിര്‍വഹണത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ട്. ഇവര്‍ക്കെതിരെ നിയമാനുസൃതമായ നടപടി കൈകൊള്ളുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.  മേഖല ഗവര്‍ണര്‍ അമീര്‍ മുഹമ്മദ് ബിന്‍ നാസ്വിര്‍ ബിന്‍ അബ്ദുല്‍ അസീസിനോടൊപ്പം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ആരോഗ്യ മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.  
രാജ്യം മുഴുവനും ആരോഗ്യ പ്രവര്‍ത്തനം മികച്ചതാക്കാന്‍ മന്ത്രാലയം പ്ളാന്‍ തയ്യാറാക്കുന്നുണ്ട്. പ്രശ്നങ്ങളുടെ വേരുകള്‍ കണ്ടത്തെി പരിഹരിക്കുന്ന വിധത്തിലായിരിക്കും അത്. രാജ്യത്തെ മുഴുവന്‍ ആശുപത്രികളുടെയും കെട്ടിടപ്ളാന്‍ മന്ത്രാലയം പരിശോധിക്കും. ഇതില്‍ മുന്‍ഗണന ജീസാന്‍ മേഖലക്കായിരിക്കും. ആശുപത്രികള്‍ പുനരുദ്ധരിക്കാന്‍ സമ്പൂര്‍ണ ദേശീയ പദ്ധതി മന്ത്രാലയം തയാറാക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. അപകടത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്ന് മേഖല അമീര്‍ മുഹമ്മദ് ബിന്‍ നാസ്വിര്‍ ബിന്‍ അബ്ദുല്‍ അസീസ് പറഞ്ഞു. 
ഇത് സംബന്ധമായ റിപ്പോര്‍ട്ട് ഗവര്‍മെന്‍റിന് സമര്‍പ്പിച്ചിട്ടുണ്ട്. അഗ്നിബാധക്കിടെ പത്ത് പേരെ രക്ഷിച്ച ശേഷം മരിച്ച ഈജിപ്ത് പൗരന്‍െറ കുടുംബത്തെയും ആദരിക്കും. ഇയാളുടെ കുടുംബത്തിന് പതക്കവും പത്ത് ലക്ഷം റിയാലും നല്‍കുമെന്നും മേഖല ഗവര്‍ണര്‍ പറഞ്ഞു. കഴിഞ്ഞ ഡിസംബര്‍ 24നാണ് ജീസാന്‍ ജനറല്‍ ആശുപത്രിയില്‍ 24 പേരുടെ മരണത്തിനിടയാക്കിയ അഗ്നിബാധയുണ്ടായത്.   

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.