സല്‍മാന്‍ രാജാവിന്‍െറ ഭരണസാരഥ്യത്തിന് ഒരു വയസ്സ് 

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്‍െറ ഭരണസാരഥ്യത്തിന് ഹിജ്റ കലണ്ടറനുസരിച്ച് വിജയകരമായ ഒരു വര്‍ഷം പിന്നിടുന്നു. സംഭവ ബഹുലമായ 12 മാസങ്ങള്‍ പിന്നിടുമ്പോള്‍ മേഖലയിലും അന്താരാഷ്ട്ര തലത്തിലും കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റിയ നായക പദവിയിലാണ് സൗദി അറേബ്യ. മേഖലയിലെ സുരക്ഷക്കും തീവ്രവാദത്തെ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിലും ശ്രദ്ധേയമായ തീരുമാനങ്ങളെടുത്തതിനാല്‍ നിശ്ചയദാര്‍ഡ്യത്തിന്‍െറ നേതാവ് എന്നാണ് സല്‍മാന്‍ രാജാവ് അറബ്, ഇസ്ലാമിക ലോകത്ത് അറിയപ്പെടുന്നത്. അയല്‍ രാജ്യമായ യമനില്‍ സമാധാനം പുന:സ്ഥാപിക്കാനും വിഘടനവാദികളായ വിമതരുടെ ഭീഷണി അവസാനിപ്പിക്കാനും മേഖലയിലെ ഇതര രാജ്യങ്ങളുടെ കൂടി പിന്തുണയോടെ സഖ്യസേനക്ക് രൂപം നല്‍കാനും സൈനിക നടപടിക്ക് നേതൃത്വം വഹിക്കാനും സൗദിക്ക് സാധിച്ചു. ജി.സി.സി റിയാദ് ഉച്ചകോടിയോടെ ഒരു വര്‍ഷത്തെ നായകസ്ഥാനം ഏറ്റെടുത്ത സൗദി അറേബ്യക്ക് മേഖലയുടെ രാഷ്ട്രീയ, സുരക്ഷ വിഷയങ്ങളില്‍ ഐക്യം രൂപപ്പെടുത്താന്‍ സാധിച്ചു. ഗള്‍ഫ് സഹകരണം എന്ന ആശയത്തില്‍ നിന്ന് ജി.സി.സി യൂനിയന്‍ എന്ന ഐക്യത്തിലേക്കുള്ള ചുവടുവെപ്പിനാണ് സൗദി നേതൃത്വം നല്‍കുന്നത്. പൗരന്മാരുടെ ക്ഷേമത്തിന് ഏറ്റവും ശ്രദ്ധ നല്‍കിയ വര്‍ഷം കൂടിയായിരുന്നു കഴിഞ്ഞു പോയത്. മന്ത്രിസഭ അഴിച്ചുപണിയിലും പുതിയ സമിതികളുടെ രൂപീകരണത്തിലും സ്വദേശി ക്ഷേമത്തിനാണ് സല്‍മാന്‍ രാജാവ് ഏറ്റവും ഊന്നല്‍ നല്‍കിയത്. പൗരന്മാരില്‍ നിന്ന് ലഭിക്കുന്ന പരാതികളില്‍ സത്വര നടപടി സ്വീകരിക്കുന്നതിലൂടെ ജനഹൃദയങ്ങളില്‍ അദ്ദേഹം സ്ഥാനം പിടിച്ചു. സോഷ്യല്‍നെറ്റ്വര്‍കില്‍ ഏറ്റവും സജീവ സാന്നിധ്യമുള്ള ഭരണാധികാരികളില്‍ മുന്‍ നിരയിലാണ് സല്‍മാന്‍ രാജാവിന്‍െറ സ്ഥാനം. തന്‍െറ ട്വിറ്റര്‍ പേജിലൂടെ രാജ്യത്തെ ജനങ്ങളുമായി സദാ സംവദിച്ചു. വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ രംഗത്തും സ്വദേശികളുടെ ഉന്നമനത്തിന് ഉതകുന്ന പദ്ധതികളാണ് നടപ്പാക്കിയത്. എണ്ണ വിലയിടവിന്‍െറ പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയിലും രാജ്യത്തെ വികസന പദ്ധതികള്‍ തുടരുമെന്നാണ് 2016 ബജറ്റ് അവതരണത്തിന്‍െറ ആമുഖത്തില്‍ രാജാവ് പ്രഖ്യാപിച്ചത്. ശൂറ കൗണ്‍സിലിന്‍െറ ആറാം വാര്‍ഷികത്തില്‍ പ്രഖ്യാപിച്ച സ്വദേശ, വിദേശ നയത്തിന് വന്‍ പിന്തുണയാണ് ഭരണ തലത്തില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ലഭിച്ചത്. നയതന്ത്ര രംഗത്തെ സുതാര്യതയും വിശാല സൗഹൃദവും ലോകരാഷ്ട്രങ്ങളുടെ പിന്തുണ പിടിച്ചുപറ്റാന്‍ സൗദിയെ സഹായിച്ചു. ഹജ്ജ്, ഉംറ, തീര്‍ഥാടകര്‍ക്കും പുണ്യ നഗരങ്ങളിലെ സന്ദര്‍ശകര്‍ക്കും വേണ്ടി മക്ക, മദീന ഹറമുകളിലും നടപ്പാക്കിയ വികസന പദ്ധതികള്‍ തീര്‍ഥാടകരുടെ സൗകര്യം വര്‍ധിപ്പിക്കാനും മുസ്ലിം ലോകത്തിന്‍െറ ആദരവ് നേടാനും കാരണമായി. ഇറാനിലെ സൗദി നയതന്ത്രാലയങ്ങള്‍ക്ക് നേരെ നടന്ന അതിക്രമത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ലോകരാഷ്ട്രങ്ങളുടെ ഉറച്ച പിന്തുണ സൗദിയുടെ ഭദ്രമായ നേതൃപദവിയുടെയും നായകസ്ഥാനത്തിന്‍െറയും നിദര്‍ശനമാണ്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.