വിവിധ മേഖലകളില്‍ മൂന്നുലക്ഷം ‘അദൃശ്യ’ വനിത ജീവനക്കാര്‍

ജിദ്ദ: സ്വദേശിവത്കരണത്തില്‍ പരിഗണിക്കപ്പെടാനായി വിവിധ മേഖലകളില്‍ മൂന്നു ലക്ഷത്തോളം വനിത ജീവനക്കാരുടെ പേരുകള്‍ കൃത്രിമമായി രജിസ്റ്റര്‍ ചെയ്തതായി തൊഴില്‍ മന്ത്രാലയം റിപ്പോര്‍ട്ട്. ഇതില്‍ കൂടുതലും നിര്‍മാണ മേഖലയിലും ചില്ലറ കച്ചവട മേഖലയിലുമാണെന്നും റിപ്പോര്‍ട്ട് ഉദ്ധരിച്ച് പ്രാദേശിക മാധ്യമം വ്യക്തമാക്കി. 
ജീവനക്കാരായി പേരുചേര്‍ത്ത ശേഷം ജോലിക്കത്തൊത്തവരുടെ കണക്കാണിത്. ഇതില്‍ ഒന്നേകാല്‍ ലക്ഷത്തോളം നിര്‍മാണ, അനുബന്ധ മേഖലയിലാണ്. സ്വദേശി വനിതകള്‍ തീരെ ജോലി ചെയ്യാത്ത മേഖല കൂടിയാണിത്. കാര്‍ഷിക ജോലികളിലും മത്സ്യ വിപണന മേഖലയിലുമടക്കം സ്ത്രീകള്‍ ജോലിചെയ്യുന്നതായി കൃത്രിമ രേഖകളുണ്ട്. ഇത്തരം വ്യാജ ജീവനക്കാരെ ഓരോ വാണിജ്യ മേഖലകള്‍ വേര്‍തിരിച്ച് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തൊഴില്‍ സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണ തോത് പൂര്‍ത്തിയാക്കുന്നതിനായാണ് കൃത്രിമ രേഖകള്‍ ഉണ്ടാക്കുന്നതെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് പറഞ്ഞു. ഇത് ശിക്ഷാര്‍ഹമാണെന്നും പല സ്ഥാപന ഉടമകള്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
അതിനിടെ, നിര്‍മാണ മേഖലയില്‍ കര്‍ശന പരിശോധന നടത്തി കുറ്റക്കാരെ കണ്ടത്തെണമെന്ന് സൗദി സാമ്പത്തിക വിദഗ്ധന്‍ അബ്ദുറഹ്മാന്‍ അല്‍കിനാനി പറഞ്ഞു. നിര്‍മാണ മേഖലയില്‍ ഒരുനിലക്കും സ്വദേശി വനിതകള്‍ തൊഴിലെടുക്കുന്നില്ളെന്നിരിക്കെ കുറ്റകരമായ രീതിയിലാണ് സ്വദേശിവത്കരണത്തില്‍ കൃത്രിമം കാണിക്കുന്നത്. തൊഴിലില്ലായ്മയെക്കാള്‍ അപകടകരമാണ് കൃത്രിമ കണക്കുകളുണ്ടാക്കുന്നതെന്നും അല്‍കിനാനി പറഞ്ഞു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.