അബഹ: അസീര്‍ പ്രവിശ്യയില്‍ 24 മണിക്കൂറിനുള്ളില്‍ മൂന്ന് വാഹനാപകടങ്ങളിലായി 10 പേര്‍ മരിച്ചതായി റെഡ്ക്രസന്‍റ് നേതാവ് അഹ്മദ് അസീരി അറിയിച്ചു. 19 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അബഹ-ദര്‍ബ് റോഡില്‍ ബുധനാഴ്ചയോടെയാണ് വാഹനാപകട പരമ്പരക്ക് തുടക്കമായത്. മൂന്നു കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചു പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. മൂന്നു പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരുടെ നില ഗുരുതരമാണ്. ഇത് സംബന്ധിച്ച് ‘ഗള്‍ഫ് മാധ്യമം’ വാര്‍ത്ത നല്‍കിയിരുന്നു.
അബഹ-മഹായില്‍ റോഡില്‍ നാഹിയയിലാണ് രണ്ടാമത്തെ അപകടമുണ്ടായത്. ഹൈലുക്സ് വാന്‍ അപകടത്തില്‍ പെട്ട് ഒരാള്‍ മരിക്കുകയും അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സാഹില്‍ റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ റെഡ്ക്രസന്‍റ് വിവിധ ആശുപത്രികളിലത്തെിച്ചു. അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങുമാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് അധികൃതര്‍ അറിയിച്ചു. സ്കൂള്‍ അവധിയായതിനാല്‍ റോഡില്‍ വാഹന തിരക്ക് കൂടുതലാണെന്നും വേഗത കുറച്ച് വണ്ടി ഓടിക്കണമെന്നും ഗതാഗത വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ഇരു ഭാഗങ്ങളിലേക്കും വാഹനങ്ങള്‍ പോകുന്ന റോഡുകളിലാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത്. പലയിടങ്ങളിലും മഴയും തണുപ്പും വെളിച്ചക്കുറവും അനുവഭപ്പെടുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.