തൊഴില്‍ കേസുകള്‍ ഇഴയുന്നു; കിഴക്കന്‍  പ്രവിശ്യയില്‍ നിരവധി പ്രവാസികള്‍ നട്ടം തിരിയുന്നു

ദമ്മാം: നിയമക്കുരുക്കില്‍പെട്ട് സ്പോണ്‍സര്‍മാര്‍ക്കെതിരെ തൊഴില്‍ കോടതിയില്‍ കേസു കൊടുത്ത മലയാളികളുള്‍പ്പെടെ നിരവധി പ്രവാസികള്‍ വലയുന്നു. മാസങ്ങളായി കോടതി വരാന്തയിലും ലേബര്‍ ഓഫസിലുമൊക്കെയായി കയറിയിറങ്ങുന്ന സാധാരണക്കാരില്‍ മഹാഭൂരിപക്ഷവും മലയാളികളാണ്. കേസ് എന്നു തീരുമെന്നോ നാട്ടിലേക്ക് എപ്പോള്‍ പോകാന്‍ കഴിയുമെന്നോ ഇവര്‍ക്ക് ഒരു പിടിയുമില്ല. ജോലിയില്ലാതെ നിത്യ വൃത്തിക്കുപോലും വകയില്ലാത്തവരാണ് ഇങ്ങനെ ദുരിതമനുഭവിക്കുന്നത്. ഇന്ത്യന്‍ എംബസി പ്രതിനിധികള്‍ കേസുകള്‍ക്ക് ഹാജരാവാത്തതും ഇതിനു കാരണമായി സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. ഒമ്പതുമാസത്തിലധികമായി ശമ്പളവും ഭക്ഷണവുമില്ലാതെ മലയാളികള്‍ ഉള്‍പ്പെടെ 150 ഓളം ഇന്ത്യക്കാരാണ് ദുരിതത്തില്‍ കഴിയുന്നത്. ദമ്മാമിലെ ഒരു റോഡ് നിര്‍മാണ കമ്പനിയിലെ തൊഴിലാളികളാണ് ഇവര്‍. 
തങ്ങളുടെ അവകാശങ്ങള്‍ നേടിത്തരണമെന്ന ആവശ്യവുമായി എംബസി വളണ്ടിയര്‍മാരെ സമീപിച്ചിരിക്കുകയാണിവര്‍. ഇതിനു മുമ്പ് ഒരു ഗതാഗത സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന 80 ഓളം തൊഴിലാളികള്‍ എഴ് മാസത്തെ ശമ്പളം കുടിശ്ശികയായത്തോടെ ലേബര്‍ കോടതിയില്‍ കേസ് കൊടുത്തിരുന്നു. അവര്‍ ഇന്നും വിധി കാത്തിരിക്കുകയാണ്. ഒമ്പതുമാസമായി തങ്ങള്‍ക്ക് വേതനം ലഭ്യമായിട്ടില്ളെന്ന് തൊഴിലാളികള്‍ പറയുന്നു. ശമ്പളകുടിശ്ശിക ആവശ്യപ്പെട്ട് പലതവണ പണിമുടക്കിയിട്ടും ഫലമുണ്ടായില്ല. കോടതി കേസ് പരിഗണിക്കുമ്പോള്‍ സ്പോണ്‍സര്‍മാര്‍ ഹാജരാവാതിരിക്കുന്നതാണ് നടപടികള്‍ നീളാന്‍ ഒരുകാരണം. നിയമത്തിന്‍െറ നൂലാമാലകള്‍ തീരാതെ എക്സിറ്റ് ലഭിക്കില്ളെന്നതിനാല്‍ സാമൂഹിക പ്രവര്‍ത്തകര്‍ക്കും മറ്റും ഇടപെടുന്നതിനും പരിമിതികളുണ്ട്. 
കേസ് കോടതിയിലത്തെിയാല്‍ സ്പോണ്‍സര്‍മാര്‍ ഹാജരാവണമെന്നാണ് നിയമം. എന്നാല്‍ ഇതു പലപ്പോഴും നടക്കാറില്ല. ഇങ്ങനെ മൂന്നു തവണ ഹാജരായില്ളെങ്കില്‍ കോടതി പൗരാവകാശ വകുപ്പിന് (ഹുകൂകുല്‍ മദനി) കേസ് കൈമാറും. ഇവിടെ നിന്ന് പൊലീസ് സ്റ്റേഷനിലേക്ക് കത്ത് നല്‍കും. ഇതിന്‍െറ അടിസ്ഥാനത്തില്‍ പൊലീസ് സ്പോണ്‍സറെ കണ്ടത്തെി ലേബര്‍ ഓഫിസില്‍ ഹാജരാക്കി പ്രശ്നം പരിഹരിക്കുക എന്നതാണ് സാധാരണ നടപടി ക്രമം. 
ഇത്രയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമ്പോഴേക്ക് മാസങ്ങള്‍ കടന്നു പോകും. താമസ രേഖയും പാസ്പോര്‍ട്ടുമെല്ലാം സ്പോണ്‍സറുടെ കൈയില്‍ കുടുങ്ങിയ സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണിത്. എംബസി ഇടപെട്ട് ഇത്തരം കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുക എന്നതാണ് പരിഹാരം. പക്ഷെ കഴിഞ്ഞ ഏഴ്  മാസങ്ങളായി എംബസി അധികൃതര്‍ തൊഴില്‍ കേസുകള്‍ പരിഹരിക്കാനായി വന്നിട്ടില്ല എന്നാണ് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നത്. 
എമിഗ്രേഷന്‍െറ ഭാഗമായി വിസക്ക് അപേക്ഷിച്ച സ്ഥാപനങ്ങളുടെ പരിശോധനക്ക് മാത്രമാണ് ഇപ്പോള്‍ എംബസി കിഴക്കന്‍ പ്രവിശ്യ സന്ദര്‍ശിക്കുന്നത്. നിതാഖാത് വേളയില്‍ എംബസിയുടെ ക്രിയാത്മക ഇടപെടല്‍ മൂലമാണ് നിരവധി കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ സാധിച്ചതെന്നും അന്നത്തെ പോലെ മാസത്തില്‍ ഒരിക്കലെങ്കിലും എംബസി ഉദ്യോഗസ്ഥര്‍ പ്രവിശ്യ സന്ദര്‍ശിക്കുന്നതാണ് ഇതിനു പരിഹാരമെന്നും സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.