ഇന്ത്യന്‍ ഹാജിമാരുടെ സൗകര്യങ്ങള്‍ വിപുലപ്പെടുത്തും - കോണ്‍സല്‍ ശാഹിദ് ആലം

ജിദ്ദ: ഇന്ത്യന്‍ ഹാജിമാരുടെ ക്ഷേമമാണ് ഹജ്ജ് മിഷന്‍െറ ഏകദൗത്യമെന്നും പ്രതിവര്‍ഷം മെച്ചപ്പെടുത്തി വരുന്ന ഹാജിമാരുടെ സൗകര്യങ്ങള്‍ ആവശ്യാനുസൃതം കൂടുതല്‍ വിപുലപ്പെടുത്താനുള്ള ശ്രമമാണ് തുടര്‍ന്നു നടത്തുകയെന്നും ഹജ്ജ് കോണ്‍സലായി ചുമതലയേറ്റ മുഹമ്മദ് ശാഹിദ് ആലം. മക്കയിലും മദീനയിലുമൊക്കെ ഹാജിക്ക് ആവശ്യമായ ഏതു സൗകര്യവും ചെയ്തുകൊടുക്കണമെന്നും കഴിഞ്ഞ വര്‍ഷം കേട്ട പരാതികളില്‍ കാതലായവ പരിഹരിച്ച് പഴുതടച്ചു മുന്നോട്ടുപോകുമെന്നും അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’ത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. മിനാ ദുരന്തത്തില്‍ മരിച്ച ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് ലഭിക്കാനുള്ള ഇന്‍ഷൂറന്‍സ് തുക ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും മിനാ ദുരന്തത്തിലുള്ളവര്‍ക്ക് സൗദി ഭരണകൂടം പ്രഖ്യാപിച്ച നഷ്ടപരിഹാരം അനുവദിച്ചു കിട്ടുന്നതിനുള്ള ശ്രമങ്ങള്‍ കോണ്‍സുലേറ്റ് പിന്തുണയോടെ നടന്നുവരുന്നുണ്ടെന്നും ഹജ്ജ് കോണ്‍സല്‍ അറിയിച്ചു. 
ഹജ്ജ് ക്വാട്ട സംബന്ധിച്ച് സൗദി ഗവണ്‍മെന്‍റിന്‍െറ അറിയിപ്പ് കാത്തിരിക്കുകയാണ്. ക്വോട്ട കൂട്ടുമോ ഇല്ളേ എന്ന് ഇപ്പോള്‍ പറയാനാവില്ല. കെട്ടിടമെടുപ്പില്‍ വരുത്തേണ്ട ക്രമീകരണങ്ങള്‍ ഈ വിവരമനുസരിച്ച് ചിട്ടപ്പെടുത്തേണ്ടി വരും. അതിനൊപ്പം കഴിഞ്ഞ വര്‍ഷത്തെ മിഷന്‍െറ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി എവിടെയാണ് പാകപ്പിഴകളുള്ളതെന്നും ഏതൊക്കെ സൗകര്യവും സംവിധാനവും പുതുതായി കൂട്ടിച്ചേര്‍ക്കാനാവുമെന്നും പരിശോധിക്കുന്നുണ്ട്. പ്രധാനപ്പെട്ട പല പരിഷ്കരണങ്ങളും കഴിഞ്ഞ വര്‍ഷം വരെയായി നടത്തിക്കഴിഞ്ഞു. ഈ മികച്ച പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഭദ്രമായി മുന്നോട്ടുകൊണ്ടു പോകുമെന്ന് ശാഹിദ് ആലം പറഞ്ഞു. ഹജ്ജ് സീസണില്‍ സൗദിയില്‍ ചൂട് കനത്തു വരുന്ന സാഹചര്യത്തില്‍ പ്രായം ചെന്നവരെയും സ്ത്രീകളെയും കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരും. ഇതിനായിരിക്കും അടുത്ത തവണ ഊന്നല്‍ നല്‍കുക. കഴിഞ്ഞ വര്‍ഷം ബാഗേജിന്‍െറയും മദീനയിലെ ഭക്ഷണത്തിന്‍െറയും കാര്യത്തില്‍ പരാതികളുണ്ടായി. ഹാര്‍ഡ് ബാഗേജിനു പകരം ലോഡിങ്ങിലെ പ്രയാസങ്ങളൊഴിവാക്കുന്ന സോഫ്റ്റ് ബാഗേജുകള്‍ ഇത്തവണ പരിഗണിക്കും. മദീനയിലെ കാറ്ററിങ് സംവിധാനം നിലവിലുള്ള അതേപടി നിലനിര്‍ത്തണോ വല്ല മാറ്റവും വേണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും - അദ്ദേഹം പ്രതികരിച്ചു.
വിദേശ ഇന്ത്യക്കാരുടെ ക്ഷേമവും ഹജ്ജുമാണ് വിദേശകാര്യമന്ത്രാലയം ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നതെന്നും ഇക്കാര്യത്തില്‍ മന്ത്രി സുഷമസ്വരാജ് നിതാന്ത ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും ശാഹിദ് ആലം പറഞ്ഞു. ഹജ്ജ് നാളുകളില്‍ പ്രതിദിനം പത്തും പന്ത്രണ്ടും ട്വീറ്റുകള്‍ ഹജ്ജിനെയും ഹാജിമാരെയും സംബന്ധിച്ചു മാത്രമായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു.
ഹജ്ജ് ദൗത്യം ഏറെ ശ്രമകരമാണെന്ന് നേരില്‍ കണ്ട് ബോധിച്ചെന്ന് കഴിഞ്ഞ ഹജ്ജിന് മാസത്തോളം മക്കയിലും ജിദ്ദയിലും ചെലവിട്ട ശാഹിദ് ആലം പറഞ്ഞു. എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായ ശേഷമാണ് താനത്തെിയത്. മെഡിക്കല്‍ മുതല്‍ അക്കമഡേഷന്‍, ടാസ്ക് ഫോഴ്സ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി കഠിനാധ്വാനമാണ് കണ്ടത്. ഇത് സിവില്‍ സര്‍വീസില്‍ നിന്നു സാധാരണ പഠിച്ചെടുക്കുന്നതില്‍ നിന്ന് തികച്ചും വ്യത്യസ്തമായൊരു ടാസ്കാണ്. സാഹസികമെന്നതു പോലെ സംതൃപ്തി നല്‍കുന്നതുമാണ് ഹജ്ജ് സേവനം. ഹാജിയെ സേവിക്കുന്നത് പുണ്യപ്രവൃത്തിയാണല്ളോ. അതിനാല്‍ ഓരോ ഐ.എഫ്.എസുകാരനും ഈ ജോലി ആഗ്രഹിക്കുന്നുണ്ട്. ഹജ്ജിനുള്ള തയാറെടുപ്പുകള്‍ കുറ്റമറ്റതാക്കാന്‍ പല വിധ ശ്രമങ്ങള്‍ കോണ്‍സുലേറ്റ് നടത്തുന്നുണ്ട്. ഈ ദൗത്യം വീഴ്ച കൂടാതെ തുടര്‍ന്നു കൊണ്ടുപോകുകയാണ് തന്‍െറ ഉത്തരവാദിത്തം. ഒട്ടേറെ കാര്യങ്ങള്‍ ഇനിയും മെച്ചപ്പെടുത്താന്‍ മാധ്യമങ്ങളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സഹായം വേണമെന്നും അദ്ദേഹം പറഞ്ഞു. 
ആയിരക്കണക്കിനാളുകളുടെ ക്ഷേമകാര്യങ്ങള്‍ അന്വേഷിക്കാനും പോരായ്മകള്‍ പരിഹരിക്കാനുമുള്ള മിനായിലെ ഹജ്ജ് മിഷന്‍ ഓഫിസിലെ പ്രവര്‍ത്തനങ്ങള്‍ ഏറെ ആവേശജനകമായിരുന്നു. ഓഫിസ് സ്റ്റാഫിന്‍െറ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്താനും അവരില്‍ നിന്ന് കാര്യങ്ങള്‍ പഠിച്ചെടുക്കാനുമൊക്കെ ആ സന്ദര്‍ഭം പ്രയോജനപ്പെട്ടു. കൂട്ടം തെറ്റി കാണാതായ ആളെച്ചൊല്ലി പരവശമാകുമ്പോഴാണ് പിഞ്ചുകുഞ്ഞിന് തീര്‍ഥാടക ജന്മം നല്‍കിയ സന്തോഷവാര്‍ത്തയും ഫോട്ടോയും ലഭിക്കുന്നത്. ഇങ്ങനെ സന്തോഷവും പ്രയാസവുമൊക്കെ മാറിമാറി വരുന്ന ആ അനുഭവം ഒന്നു വേറെ തന്നെയാണെന്ന് ശാഹിദ് ആലം പറയുന്നു. 
ഝാര്‍ഖണ്ഡിലെ ധന്‍ബാദ് സ്വദേശിയായ മുഹമ്മദ് ശാഹിദ് ആലം 2010 ബാച്ച് ഐ.എഫ്.എസുകാരനാണ്. പരിശീലനത്തിന്‍െറ ഭാഗമായി ജനീവയിലെ ഐക്യരാഷ്ട്രസഭയിലും ബെയ്ജിങ്ങിലും ഇന്ത്യന്‍ മിഷനില്‍ സേവനമനുഷ്ഠിച്ചു. 2012 ല്‍ ഭാഷയിലും എംബസി ജോലിയിലും പരിശീലനത്തിനായി കെയ്റോയില്‍ പോയി. രണ്ടു വര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കിയപ്പോള്‍ അബൂദബി ഇന്ത്യന്‍ എംബസിയില്‍ നിയമനം. അവിടെ വിവിധ വകുപ്പുകളില്‍ സേവനമനുഷ്ഠിച്ചു. പ്രധാനമന്ത്രിയുടെ യു.എ.ഇ സന്ദര്‍ശനത്തിന്‍െറ സജ്ജീകരണങ്ങളില്‍ ഭാഗഭാക്കായിരുന്നു. ഇതേ ദൗത്യവുമായി താജികിസ്താനിലും പോയി. കഴിഞ്ഞ ഹജ്ജ് സമയത്ത് മക്കയിലത്തെിയ തനിക്ക്  സംഭവലോകത്തെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച പരിശീലനമാണ് കോണ്‍സല്‍ ജനറല്‍ ബി.എസ് മുബാറക്, ഹജ്ജ് കോണ്‍സലായിരുന്ന നൂര്‍ റഹ്മാന്‍ ശൈഖ് എന്നിവരില്‍ നിന്ന് ലഭിച്ചതെന്ന് ശാഹിദ് ആലം നന്ദിപൂര്‍വം സ്മരിച്ചു. മലയാളികളുടെ സേവന ഒൗത്സുക്യം യു.എ.ഇയില്‍ നേരിട്ടറിഞ്ഞതാണെന്നും ഭാഷ വഴങ്ങില്ളെങ്കിലും കേരളത്തെയും മലയാളികളെയും ഏറെ ഇഷ്ടപ്പെടുന്നുവെന്നും എറണാകുളം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളൊക്കെ സന്ദര്‍ശിച്ച അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷം മുമ്പ് വിവാഹിതനായ ശാഹിദ് ആലം ഭാര്യ ഡോ. ശകീലയുടെ കൂടെയാണ് ജിദ്ദയിലത്തെിയത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.