ഒട്ടകപ്പാലില്‍ നുരയുന്ന ജീവിതം : പൊള്ളുന്ന മണലിലും അസ്ഥി തുളക്കുന്ന തണുപ്പിലും അലി മരുഭൂമിയില്‍ തന്നെയുണ്ട് 

റിയാദ്: തണുത്ത് വിറക്കുന്ന നാളുകളിലും കത്തുന്ന ചൂടിലും മരുഭൂമിയില്‍ ഒട്ടകങ്ങളെ മേച്ചും അവയുടെ പാല്‍ കറന്ന് വിറ്റും ജീവിക്കുന്ന കുറെ മനുഷ്യര്‍ സൗദി നഗരങ്ങളുടെ വെളിമ്പുറങ്ങളില്‍ പതിവു കാഴ്ചയാണ്. വെയിലേറ്റ് പതം വന്ന മുഖങ്ങളും തണുപ്പില്‍ വരണ്ട ചുണ്ടുകളുമായി പൊടിക്കാറ്റില്‍ നിന്ന് രക്ഷനേടാന്‍ മൂടിപ്പുതച്ച് ഒട്ടകപ്പുറത്തിരിക്കുന്നവരും പാല്‍ വാങ്ങാനത്തെുന്നവരെ കാത്ത് റോഡരികില്‍ നില്‍ക്കുന്നവരും ഒരിക്കലെങ്കിലും നിങ്ങളുടെ കണ്ണുകളിലുടക്കാതിരിക്കില്ല. റിയാദില്‍ നിന്ന് തുമാമയിലേക്ക് നീളുന്ന റോഡിനിരുവശവും ഒട്ടകമണവുമായി ജീവിക്കുന്ന മരുഭൂവാസികളുടെ പ്രതിനിധികളിലൊരാളാണ് അലി. സുഡാനില്‍ നിന്നുള്ള കറുമ്പന്‍ യുവാവ്. കഷ്ടിച്ച് അഞ്ചടി ഉയരമുള്ള മരക്കമ്പുകളില്‍ നാട്ടി നിര്‍ത്തിയ തുണികള്‍കൊണ്ട് മറച്ച കൂടാരമാണ് അയാളുടെ മുറി. നീണ്ട് നിവര്‍ന്നൊന്ന് കിടക്കാന്‍ കട്ടിലോ മിനുസമുള്ള കിടക്കയോ ഇല്ല. വെറും തറയില്‍ രണ്ടോ മൂന്നോ കമ്പളം കൂട്ടിയിട്ടതാണ് കിടക്ക. പൂജ്യം ഡിഗ്രി തണുപ്പിലും 48 ഡിഗ്രിക്ക് മുകളിലത്തെുന്ന ചൂടിലും കിടപ്പു മുറി ഇതു തന്നെയാണ്. പൊള്ളുന്ന ചൂടില്‍ എയര്‍ കണ്ടീഷണറിന്‍െറ മുരള്‍ച്ചയില്ലാതെയാണ് കിടത്തം. ശമ്പളം 1200 റിയാല്‍. രണ്ടു വര്‍ഷം കൂടുമ്പോള്‍ ടിക്കറ്റ് കിട്ടും. ഭക്ഷണം സ്വന്തം നിലയില്‍ ഉണ്ടാക്കണം. പ്രാഥമിക കാര്യങ്ങള്‍ക്ക് വിശാലമായ മരുപ്പറമ്പ്. കുടിക്കാനും മറ്റുമുള്ള വെള്ളം മുതലാളിയുടെ വകയായി പ്ളാസ്റ്റിക് ബോട്ടിലുകളില്‍ എത്തിക്കും. രാവും പകലും ഒട്ടകങ്ങളോടൊപ്പം. ജോലി സമയം എന്താണെന്ന് അലിക്കറിയില്ല. കാരണം അങ്ങനൊയൊന്നില്ല. മുകളിലാകാശവും താഴെ മണ്ണും മണലും പിന്നെ പാല്‍ വാങ്ങാനത്തെുന്നവരും ഒട്ടകത്തിന് തീറ്റയുമായി വരുന്ന മുതലാളിയുമാണ് അയാളുടെ ലോകം. ഹൈവേയിലൂടെ ഇരച്ചു പായുന്ന വാഹനങ്ങള്‍ വല്ലപ്പോഴും വേഗത കുറക്കുമ്പോഴാണ് ആ കണ്ണുകള്‍ തിളങ്ങുന്നത്. ഒട്ടകപ്പാലിന് ആവശ്യക്കാരത്തെുമ്പോള്‍ പാല്‍ കറക്കാന്‍ സഹായിയുമായി ഒരാള്‍ പൊക്കത്തിലുള്ള അകിടിലേക്ക് അയാള്‍ വിരലുകള്‍ ചേര്‍ത്തുവെക്കുന്നു. ഒട്ടകക്കുഞ്ഞ് കുടിക്കാതിരിക്കാനായി അകിടിന് ചുറ്റും കെട്ടിവെച്ച തുണി മാറ്റിയിട്ട് കറവ തുടങ്ങുമ്പോള്‍ അമ്മയുടെ അകിട് തേടി എത്തുന്ന കുഞ്ഞിനെ മാറ്റി നിര്‍ത്തലാണ് സഹായിയുടെ ജോലി. നിമിഷങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് മുന്നില്‍ പതഞ്ഞു പൊന്തിയ ചൂടുള്ള പാലുമായി അലി എത്തും. പാല്‍ നിറയുന്ന പാത്രത്തിന്‍െറ വലിപ്പത്തിനനുസിരച്ച് റിയാലിന്‍െറ എണ്ണം കൂടും. കറന്നെടുത്ത പാല്‍ പൊളിത്തീന്‍ കവറിലാക്കിയാണ് നല്‍കുന്നത്. ഒട്ടേറെ ഒൗഷധ ഗുണമുള്ള പാലാണ് ഒട്ടകത്തിന്‍െറത്. അതുകൊണ്ട് തന്നെ ആവശ്യക്കാര്‍ എപ്പോഴുമത്തെുന്നു. നിശ്ചിത സമയത്തിലധികം ജോലി ചെയ്താല്‍ കിട്ടുന്ന ഓവര്‍ ടൈമോ, നീണ്ട ജോലി സമയമോ ഒന്നും ഈ മനുഷ്യരുടെ വിഷയമേ അല്ല. കിട്ടുന്ന ശമ്പളത്തിന് ഒട്ടകങ്ങളോടൊപ്പം അവരും കഴിഞ്ഞു കൂടുന്നു. തണുപ്പും ചൂടുമൊന്നും അതിന് തടസ്സമല്ല. അവധിയത്തെുമ്പോള്‍ കുടുംബത്തെ കാണാന്‍ മറ്റു പ്രവാസികളെ പോലെ വലിയ പെട്ടികളില്‍ ഈത്തപ്പഴവും ബദാമും പിസ്തയും മിഠായിയുമൊക്കൊയായി അവരും പോകുന്നുണ്ടാവും. തങ്ങളുടെ കണ്‍മുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും പായുന്ന വാഹനങ്ങളില്‍ എ.സിയുടെ കുളിരേറ്റുള്ള യാത്രയും കട്ടിലില്‍ വിരിച്ച മത്തെയില്‍ കട്ടിയുള്ള ബ്ളാങ്കറ്റിനുള്ളിലെ സുഖ നിദ്രയുമൊക്കെ അവരുടെ സ്വപ്നങ്ങളിലുമുണ്ടാവാം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.